ബാലഭാസ്കറിന്റെ മരണം; ഒരു പാതിരാവും ഒരുപാട് ദുരൂഹതയും

Last Updated:

സംഗീതം കൊണ്ട് ആരാധകരെ കൈയിലെടുത്ത ബാലഭാസ്കർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഈ ഒക്ടോബർ രണ്ടിന് രണ്ട് വർഷമാകും. സംഗീതം നിറഞ്ഞ ജീവിതത്തേക്കാൾ ചർച്ച ചെയ്യപ്പെടുന്നത് മരണമാണ്. കാരണം, ആ അപകടത്തിൽ അത്രയേറെ ദുരൂഹതകളുണ്ട്. ഒരുപാട് ചോദ്യങ്ങളുണ്ട്. അതിനെല്ലാം ഉത്തരം തേടുകയാണ് ബാലഭാസ്ക്കറിന്റെ ഉറ്റസുഹൃത്തും ന്യൂസ് 18 പ്രിൻസിപ്പൽ കറസ്പോണ്ടന്റുമായ ബി.എസ് ജോയ്.

തുടങ്ങുന്നത് എവിടെ ?
മലയാളികളെ ഏറെ രസിപ്പിച്ച വയലിൻ വിദഗ്‌നായിരുന്നു. ബാലഭാസ്ക്കർ. ചെറു പ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ ആ നാദവിസ്മയം പൊലിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു. ഒരു പകൽ പുലർന്നു തുടങ്ങുമ്പോൾ ഉണ്ടായ അപകടം ആ താരത്തിന്റെ അസ്തമയത്തിനു വഴിതെളിച്ചു. 2018 സെപ്തംബർ 25ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചുണ്ടായ കാർ അപകടത്തെത്തുടർന്ന് മകൾ തേജസ്വിനി ബാല മരിച്ചു. ഒക്ടോബർ 2ന് ബാലഭാസ്കറും യാത്രയായി. തന്റെ നാല്പതാം വയസിൽ. ഇരുവരും മരിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച്, കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടമുതൽ തിരുവനന്തപുരം പള്ളിപ്പുറത്തെ അപകടസ്ഥലം വരെയുള്ള യാത്രയ്ക്കിടയിൽ എന്താണ് സംഭവിച്ചത്. ഇങ്ങനെ ഒരു പാതിരായാത്ര ഉണർത്തുന്ന ദുരൂഹതകളുടെ ചുരുളഴിക്കാൻ സിബിഐ വന്നിരിക്കയാണ് ഇപ്പോൾ.
advertisement
ലോക്കൽ പൊലീസിന്റെ കൈകഴുകൽ
തൃശൂർ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ അന്ത്യത്തിലെ അപകടത്തിലും മരണത്തിലും നിരവധി ദുരൂഹതകളാണ് ബാലഭാസ്കറിന്റെ അച്ഛൻ കെ.സി ഉണ്ണിയും മറ്റു ബന്ധുക്കളും നിരത്തുന്നത്. ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, മകൾ തേജസ്വിനി ബാല എന്നിവരും വാഹനമോടിക്കാനേർപ്പാടാക്കിയ അർജുൻ എന്നിവരുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടം നടന്ന സ്ഥലത്തും വാഹനത്തിലും ലോക്കൽ പൊലീസ് സാധാരണഗതിയിൽ നടത്തേണ്ട പരിശോധനകൾ പോലും നടത്തിയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വാഹനം ഓടിച്ച വ്യക്തി ആരാണെന്ന് സ്ഥിരീകരിക്കാൻ പോലും ലോക്കൽ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. എന്നാൽ, പ്രതിക്കെതിരെ മറ്റ് നിയമനടപടികൾ സ്വീകരിക്കുന്നതിൽ ക്രൈംബ്രാഞ്ച് ഒരു താൽപര്യവും കാട്ടിയില്ല. മരണത്തിൽ ദുരൂഹതകളില്ലെന്നും വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ആ അന്വേഷണ റിപ്പോർട്ടിന്റെ ചുവടു പിടിച്ചാകും സിബിഐയും അന്വേഷണം തുടങ്ങുക. അതേസമയം ‌ബാലഭാസ്കറിന്റെ പിതാവോ ബന്ധുക്കളോ നൽകിയ വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം മുഖവിലയ്ക്കെടുത്തിരുന്നില്ലെന്ന വസ്തുതയും സിബിഐ പരിശോധിക്കും.
advertisement
ക്രൈം ബ്രാഞ്ചിന്റെ ഉരുണ്ടുകളി
ലളിതമായ ശൈലി കൊണ്ട് സംഗീതത്തിൽ വിസ്മയം തീർത്ത ഈ പ്രതിഭയുടെ മരണം സങ്കീർണമായ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. അപകടവിവരം എന്തുകൊണ്ട് ബാലഭാസ്കറിന്റെ പിതാവിനെ അറിയിക്കാൻ വൈകി? പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിലും പിതാവിന്റെ അഭിപ്രായം തേടിയില്ല. വാഹനം ഓടിച്ചിരുന്ന അർജുൻ സംശയ നിഴലിലുള്ള പാലക്കാട് ചെർപ്പുളശേരി പൂന്തോട്ടം ആയു‌ർവേദ റിസോർട്ട് ഉടമയുടെ ബന്ധുവാണ്. ഇയാളെ ഡ്രൈവറായി നിയോഗിച്ചതിന് പിന്നിൽ എന്തെങ്കിലും പ്രത്യേക കാരണമോ ആസൂത്രണമോ നടന്നിരിക്കാമെന്നും ബന്ധുക്കൾ സംശയിക്കുന്നു.
advertisement
മുമ്പ് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതികളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, ജമീൽ ജബ്ബാർ എന്നിവർക്ക് അപകടവുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലും ക്രൈം ബ്രാഞ്ച് സംഘം മൗനം പാലിച്ചു. ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ, പേഴ്സ്, ബെൻസ് കാർ എന്നിവ പ്രകാശ് തമ്പി എന്തിനാണ് ഉപയോഗിച്ചത്. മൊബൈൽ രേഖകൾ ഇയാൾ നശിപ്പിച്ചിരുന്നോ എന്നിങ്ങനെയുള്ള തികച്ചും ന്യായമായ സംശയങ്ങളെ പോലും ക്രൈം ബ്രാഞ്ച് അവഗണിക്കുകയാണ് ഉണ്ടായതെന്നും ബന്ധുക്കൾ പറയുന്നു.
ലക്ഷ്മിയുടെ മൗനത്തിന് പിന്നിൽ ഭയമോ
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയോ ബ്ലാക് മെയിലിംഗോ നേരിടുന്നുണ്ടോ? ഹിരണ്മയ എന്ന വീട്ടിൽ സിസിടിവി സ്ഥാപിച്ച് പ്രകാശ് തമ്പിയും വിഷ്ണുവും ലക്ഷ്മിയെ നിരീക്ഷണത്തിലാക്കിയത് എന്തിനായിരുന്നു. ആ വിട്ടിൽ എന്തെങ്കിലും ഇവർ ഒളിപ്പിച്ചിരുന്നോ എന്നീ കാര്യങ്ങളിലും ക്രൈം ബ്രാഞ്ച് അകലം പാലിച്ചു. കൂടാതെ ലക്ഷ്മിയുടെ അഗാധമായ മൗനത്തിനു മുന്നിലും അന്വേഷണസംഘം മുട്ടുകുത്തി.
advertisement
അർജുൻ തന്നെയാണ് വണ്ടി ഓടിച്ചതെന്ന ലക്ഷ്മിയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘത്തെ അന്വേഷണത്തിൽ സഹായിച്ചിരുന്നു. അതുകൊണ്ട് തന്നെ കലാഭവൻ സോബി ജോർജ് നടത്തിയ വെളിപ്പെടുത്തലിൽ പറയുന്ന പോലെ അപകടത്തിന് മുമ്പ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കപ്പെട്ടിരുന്നോ ഇല്ലയോ എന്ന് ലക്ഷ്മിക്ക് വെളിപ്പെടുത്താൻ കഴിയും. മാധ്യമങ്ങളോട് വേണമെന്നില്ല, അന്വേഷണ സംഘത്തോടെങ്കിലും ലക്ഷ്മി സംഭവിച്ച കാര്യങ്ങൾ ആരെയും ഭയക്കാതെ പറയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.
സിബിഐ അന്വേഷിക്കുന്നത് വാഹനാപകടത്തിൽ സ്വർണക്കടത്തുകാർക്ക് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ചും ബാലഭാസ്കറിന്റെ മരണശേഷം നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമാണെന്ന് എഫ് ഐ ആർ വ്യക്തമാക്കുന്നു.
advertisement
ഇക്കാര്യങ്ങളിലെ അന്വേഷണം എല്ലാ ദുരൂഹതകളും മാറ്റുമോ എന്ന് അറിയാൻ കാത്തിരിക്കാം (തുടരും )
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബാലഭാസ്കറിന്റെ മരണം; ഒരു പാതിരാവും ഒരുപാട് ദുരൂഹതയും
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement