41 ഉപയോക്താക്കളുടെ 4.58 കോടി രൂപ നിക്ഷേപം ഓഹരിയിൽ നിക്ഷേപിച്ച ബാങ്ക് ഉദ്യോഗസ്ഥ സഹോദരിയുടെ വിവാഹത്തിനിടെ അറസ്റ്റില്‍
- Published by:meera_57
- news18-malayalam
Last Updated:
2020നും 2023നും ഇടയില്‍ നിയമവിരുദ്ധമായി പണം പിന്‍വലിക്കുന്നതിന് ബാങ്കിന്റെ 'യൂസര്‍ എഫ്ഡി' സൗകര്യം സാക്ഷി ദുരുപയോഗം ചെയ്തു
രാജസ്ഥാനിലെ കോട്ടയില്‍ ഐസിഐസിഐ ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജര്‍ രണ്ടുവര്‍ഷത്തിനിടെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് 4.58 കോടി രൂപ തട്ടിയെടുത്തു. ഈ തുക അവർ ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. സഹോദരിയുടെ വിവാഹത്തിനിടെയാണ് റിലേഷന്‍ഷിപ് മാനേജറായ സാക്ഷി ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.
ഫെബ്രുവരിയിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. ഒരു ഉപയോക്താവ് തന്റെ സ്ഥിരനിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബാങ്കിൽ എത്തിയപ്പോഴാണ് രണ്ടുവര്‍ഷമായി തുടര്‍ന്ന് വന്നിരുന്ന തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒന്നിലധികം അക്കൗണ്ടുകളില്‍ നിന്ന് അനധികൃതമായി പണം പിന്‍വലിച്ചതായി ബാങ്ക് കണ്ടെത്തി. ഫെബ്രുവരി 18ന് പോലീസില്‍ പരാതി നല്‍കി.
2020നും 2023നും ഇടയില്‍ നിയമവിരുദ്ധമായി പണം പിന്‍വലിക്കുന്നതിന് ബാങ്കിന്റെ 'യൂസര്‍ എഫ്ഡി' സൗകര്യം സാക്ഷി ദുരുപയോഗം ചെയ്തു. 41 ഉപഭോക്താക്കളുടെ 110 സ്ഥിര നിക്ഷേപ അക്കൗണ്ടുകളില്‍ അവര്‍ പ്രവേശിച്ചതായും കുടുംബാംഗങ്ങളുടെ മൊബൈല്‍ നമ്പറുകളുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ മാറ്റി പണം ഓഹരി വിപണിയിലേക്ക് ഒഴുക്കിയതായും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
അവര്‍ കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍ ഈ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച് നാല് കോടിയിലധികം രൂപ പിന്‍വലിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇബ്രാഹിം ഖാന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ''അക്കൗണ്ട് ഉടമകള്‍ക്ക് തട്ടിപ്പിന്റെ സൂചനയൊന്നും ലഭിക്കാതിരിക്കാന്‍ സാക്ഷി തന്റെ കംപ്യൂട്ടറില്‍ ഒടിപി ലഭിക്കാന്‍ ഉപയോഗിക്കുന്ന ഒരു സംവിധാനം വികസിപ്പിച്ചെടുക്കുകയായിരുന്നു,'' അദ്ദേഹം പറഞ്ഞു.
എന്നാല്‍ പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചുവെങ്കിലും അവര്‍ക്ക് കനത്ത നഷ്ടം സംഭവിച്ചു. അതിനാല്‍ അക്കൗണ്ടുകളിലേക്ക് പണം തിരികെ എത്തിക്കാൻ കഴിഞ്ഞില്ല. ഫെബ്രുവരിയില്‍ ഉപഭോക്താവ് ഈ തട്ടിപ്പ് കണ്ടെത്തുന്നത് വരെ ബാങ്കിലെ ഒരു ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പ് സംബന്ധിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. ഏകദേശം രണ്ട് വര്‍ഷത്തോളമാണ് സാക്ഷി തട്ടിപ്പ് തുടര്‍ന്നത്.
advertisement
വിഷയത്തില്‍ ബാങ്ക് ഇതുവരെയും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. എന്നാല്‍ ഉപഭോക്താക്കള്‍ക്കുണ്ടായ നഷ്ടത്തിന് ഐസിഐസിഐ ബാങ്ക് നഷ്ടപരിഹാരം നല്‍കാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര സ്രോതസ്സുകള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പണം വീട്ടില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാത്തതിനാലാണ് അത് ബാങ്കില്‍ നിക്ഷേപിക്കുന്നതെന്നും എന്നാല്‍, ഇപ്പോള്‍ ബാങ്കുകളും സുരക്ഷിതമല്ലെന്നാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്നും പണം നഷ്ടപ്പെട്ട മഹാവീര്‍ പ്രസാദ് എന്ന ഉപഭോക്താവ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
Location :
Thiruvananthapuram,Kerala
First Published :
June 06, 2025 1:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
41 ഉപയോക്താക്കളുടെ 4.58 കോടി രൂപ നിക്ഷേപം ഓഹരിയിൽ നിക്ഷേപിച്ച ബാങ്ക് ഉദ്യോഗസ്ഥ സഹോദരിയുടെ വിവാഹത്തിനിടെ അറസ്റ്റില്‍