പത്തനംതിട്ട: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. കോട്ടൂളി പുതിയറ നടുപ്പനം വീട്ടിൽ അക്ഷയ്(32), സഹോദരൻ അശ്വിൻ (35) എന്നിവരെയാണ് പത്തനംതിട്ട പൊലീസ് കോഴിക്കോട് നിന്നും പിടികൂടിയത്. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാർ പറഞ്ഞു. യുവാവിനെ തട്ടിക്കൊണ്ടു പോയ വാഹനവും ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മലയാലപ്പുഴ സ്വദേശി അജേഷ് കുമാറിനെ വീട്ടിൽ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കിന്നതിനിടെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. വീട്ടുകാരും സമീപവാസികളും ചേർന്ന് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അജേഷിനെയും കാറിൽ കയറ്റി സംഘം കടന്നുകളഞ്ഞു. അതിനിടെ നാട്ടുകാർ കല്ലെറിഞ്ഞതിനെ തുടർന്ന് കാറിന്‍റെ പിൻവശത്തെചില്ലുകൾ തകർന്നു.
അജേഷിനെ പിറ്റേന്ന് പുലർച്ചെ സംഘം എറണാകുളം കാലടിയിൽ ഇറക്കിവിടുകയായിരുന്നു. തുടർന്ന് അജേഷ് കാലടി പൊലീസ് സ്റ്റേഷനിൽ അഭയം തേടി. തട്ടിക്കൊണ്ടുപോയതിന്റെ യഥാർഥ കാരണം ഇതുവരെയും വെളിവായിട്ടില്ല. മുഴുവൻ പ്രതികളെയും പിടികൂടിയാലെ ഇതിന്റെ വിശദാംശങ്ങൾ അറിയുവെന്ന് പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.