തിരുവനന്തപുരം: വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒളിവിൽ പോയ രണ്ടു പേർ പിടിയിലായി. നെയ്യാറ്റിന്‍കര തൊഴുക്കല്‍ കൈപ്പുറത്ത് വീട്ടില്‍ പ്രേംചന്ദ് (34), കാട്ടാക്കട കരിയംകോട് തോട്ടരികത്ത് വീട്ടില്‍ അനില്‍കുമാര്‍ (23) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കെ. എസ്. എഫ്. ഇയില്‍നിന്ന് ഭവന വായ്പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ വസ്തുവിന്‍റെ ആധാരം വാങ്ങിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 2017 മുതൽ തുടങ്ങിയ തട്ടിപ്പിനൊടുവിലാണ് പ്രേംചന്ദും അനിൽകുമാറും പണം തട്ടിയെടുത്തത്.
2017ൽ ആക്കുളം മുണ്ടനാട് കുന്നില്‍ വീട്ടില്‍ മിനിയെ കെ. എസ്. എഫ്. ഇ ഏജന്റുമാരെന്ന് പരിചയപ്പെടുത്തിയാണ് പ്രേംചന്ദും അനിൽകുമാറും തട്ടിപ്പ് നടത്തിയത്. കെ എസ് എഫ് ഇയിൽനിന്ന് ഭവനവായ്പ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ വസ്തുവിന്‍റെ ആധാരവും കരം ഒടുക്കിയ രസീതും കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്. കെ. എസ്. എഫ്. ഇ മെഡിക്കല്‍ കോളജ് ബ്രാഞ്ചില്‍ നിന്ന് വീട്ടമ്മ അറിയാതെ ചിട്ടികള്‍ പിടിക്കുന്നതിന് ഈ രേഖകൾ ജാമ്യമായി നൽകിയാണ് പലപ്പോഴായി 21 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തത്. പ്രതികൾ പിടിച്ച ചിട്ടി മുടങ്ങിയതിനെ തുടർന്ന് കെ എസ് എഫ് ഇയിൽനിന്ന് നോട്ടീസ് ലഭിച്ചതോടെയാണ് വീട്ടമ്മ തട്ടിപ്പ് മനസിലാക്കിയത്.
Also Read-
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സൈനികനെ കശ്മീരിൽനിന്ന് കേരള പൊലീസ് പിടികൂടി
ഇതോടെ 2019ല്‍ കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പൊലീസ് അന്വേഷണം ഊർജിതമായതോടെ പ്രതികൾ ഒളിവിൽ പോയി. ഇവരെ കുറിച്ച് കഴിഞ്ഞ ദിവസം കഴക്കൂട്ടം സൈബര്‍ സിറ്റി എ. സി. പി ഹരികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിന് സമീപത്തുള്ള ഒരു വീട്ടിൽനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. മെഡിക്കൽ കോളേജ് എസ്. എച്ച്. ഒ ഹരിലാല്‍, എസ്. ഐമാരായ പ്രശാന്ത്, രതീഷ്, ഷജീം, എസ്. സി. പി. ഒ നൗഫല്‍, സി. പി. ഒമാരായ വിനീത്, പ്രതാപന് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കൊല്ലം വെളിയത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
വെളിയത്ത് ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഓടനാവട്ടം ചെപ്ര പ്രദീപ് മന്ദിരത്തിൽ പ്രദീപ്(35) ആണ് പിടിയിലായത്. വെളിയം സ്വദേശിനിയായ ഭാര്യയെ അവരുടെ വീട്ടിലെത്തിയ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രദീപിനെ കൊട്ടാരക്കരയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മദ്യപിച്ചെത്തുന്ന ദിവസങ്ങളിൽ പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രദീപ് ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഭാര്യയെ ഇയാൾ മർദ്ദിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. തീർത്തും അവശനിലയിലായ യുവതിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ പ്രദീപ് ഒളിവിൽ പോകുകയായിരുന്നു.
പൂയപ്പള്ളി സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രദീപിനെ കൊട്ടാരക്കരയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിക്കെതിരെ ഗാർഹിക പീഡനത്തിനും കൊലപാതക ശ്രമത്തിനുമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.