SIR പട്ടികയിൽ നിന്ന് പുറത്താണോ? പരിശോധിക്കാം, പുറത്താകുന്നവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ക്രമ നമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ, പേര്, ബന്ധുവിന്റെ പേര്, പുറത്താകാനുള്ള കാരണം എന്നിവ പുറത്താക്കൽ പട്ടികയിൽ ഉണ്ട്. മരിച്ചവർ, സ്ഥലം മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ, പട്ടികയിൽ ഒന്നിലേറെത്തവണ പേരുള്ളവർ എന്നിങ്ങനെയാണ് പട്ടികയിൽ കാരണം കാണിച്ചിരിക്കുന്നത്
തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്കരണം (SIR) വഴി പട്ടികയിൽ നിന്ന് പുറത്താകുന്നവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. തെറ്റായ കാരണത്താൽ പുറത്താക്കപ്പെട്ടവരുണ്ടെങ്കിൽ ഇന്നു തന്നെ ബിഎൽഒമാരേ ബന്ധപ്പെട്ട് ഫോം സമർപ്പിച്ചാൽ വോട്ടർപട്ടികയിൽ പേര് ഉറപ്പാക്കാൻ സാധിക്കും.
പൂരിപ്പിച്ച ഫോം സമർപ്പിക്കാൻ ഇന്നു കൂടി അവസരം ഉണ്ട്. കൂടുതൽ സമയം വേണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടുവെങ്കിലും ഇത് അംഗീകരിച്ചിട്ടില്ല. ക്രമ നമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ, പേര്, ബന്ധുവിന്റെ പേര്, പുറത്താകാനുള്ള കാരണം എന്നിവ പുറത്താക്കൽ പട്ടികയിൽ ഉണ്ട്. മരിച്ചവർ, സ്ഥലം മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ, പട്ടികയിൽ ഒന്നിലേറെത്തവണ പേരുള്ളവർ എന്നിങ്ങനെയാണ് പട്ടികയിൽ കാരണം കാണിച്ചിരിക്കുന്നത്. (ഫോം സ്വീകരിക്കാനോ തിരിച്ചു നൽകാനോ സാധിക്കാത്തവരുടേതിന് ഇഎഫ് എന്നാണ് കാരണം രേഖപ്പെടുത്തിയിരിക്കുന്നത്).
advertisement
പരിശോധിക്കേണ്ടതെങ്ങനെ?
- https://www.ceo.kerala.gov.in/asd-list എന്ന ലിങ്കിൽ പ്രവേശിക്കുക.
- ജില്ല, നിയമസഭാ മണ്ഡലം, പോളിങ് സ്റ്റേഷൻ എന്നിവ തിരഞ്ഞെടുക്കുക.
- ഡൗൺലോഡ് ക്ലിക്ക് ചെയ്യുക. ലഭിച്ച പട്ടികയിൽ വോട്ടർമാരുടെ വിശദാംശങ്ങൾ കാണാം.
- ക്രമനമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ, പേര്, ബന്ധുവിന്റെ പേര്, പുറത്താക്കിയിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം എന്നിവയാണ് പട്ടികയിലുള്ളത്.
- മരിച്ചവർ, സ്ഥിരമായി സ്ഥലം മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ, രണ്ടോ അതിൽക്കൂടുതൽ തവണയോ പട്ടികയിൽ പേരുള്ളവർ, ഫോം വാങ്ങുകയോ തിരിച്ചു നൽകുകയോ ചെയ്യാത്തവർ തുടങ്ങി പുറത്താക്കപ്പെടാനുള്ള കാരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും.
advertisement
പുറത്താക്കിയ പട്ടികയിലാണെങ്കിൽ എന്തുചെയ്യണം?
- മതിയായ കാരണങ്ങളില്ലാതെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഇന്നുതന്നെ ബൂത്ത് ലേവൽ ഓഫീസറെ ബന്ധപ്പെടുക. എസ്ഐആർ ഫോം പൂരിപ്പിച്ചു നൽകണം. ഫോം പൂരിപ്പിച്ച് തെറ്റുതിരുത്താൻ ഇന്നുവരേയാണ് അവസരം. ഫോം നൽകിയാൽ 23ന് പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ പേര് ഉൾപ്പെടുത്തും.
- കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം അതിൽ ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ട്രൽ ഓഫീസർമാരുടെ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും ബിഎൽഒമാർക്കും പട്ടിക കൈമാറും.
- പരാതികൾ ഈ മാസം 23 മുതൽ ജനുവരി 22 വരെ ഫോം ആറിനൊപ്പം സത്യവാങ്മൂലം സമർപ്പിക്കണം. പ്രവാസിവോട്ടർമാർക്ക് ഫോം 6എ നൽകിയും പേര് ചേർക്കാം. വിലാസം മാറ്റാനും തെറ്റുതിരുത്താനും ഫോം 8 നൽകണം. ഈ ഫോമുകൾ https://voters.eci.gov.in/ എന്ന ലിങ്കിൽ ലഭിക്കും.
- ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാത്തവ അദാലത്തിനു വിളിക്കും. ഇതിനുശേഷം ഒഴിവാക്കുകയാണെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഒന്നാം അപ്പീൽ നൽകാം.
- ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനുള്ളിൽ ചീഫ് ഇലക്ട്രൽ ഓഫീസർക്ക് രണ്ടാം അപ്പീൽ നൽകാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. അതിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി വരെ പട്ടികയിൽ പേര് ചേർക്കാനം മാറ്റം വരുത്താനും അവസരമുണ്ട്.
- 25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ലെന്നാണ് വിവരം. രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികളായ ബിഎൽഎമാരുമായിച്ചേർന്ന് ഇവരെ കണ്ടെത്താൻ ശ്രമിക്കും. കണ്ടെത്താനായില്ലെങ്കിൽ കരട് പട്ടികയിൽ ഉണ്ടാവില്ല. ഫോം പൂരിപ്പിച്ചു നൽകിയവരെല്ലാം കരട് പട്ടികയിൽ ഉണ്ടാകും.
- സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരണമടഞ്ഞവർ എന്നിവരുടെ പട്ടിക(എഎസ്ഡി) പരിശോധനയ്ക്ക് ബിഎൽഒമാർ ഇതിനകം ബിഎൽഎമാർക്ക് നൽകിയിട്ടുണ്ട്.
- കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം, ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറൽ ഓഫീസർമാരുടെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും പട്ടിക ലഭ്യമാക്കും. ഇതു പരിശോധിച്ച് പേര് ഉൾപ്പെടുത്താത്തതിന്റെ കാരണങ്ങൾ ബോധ്യപ്പെടാം.
- പരാതികളും ആക്ഷേപങ്ങളും ഡിസംബർ 23 മുതൽ ജനുവരി 22 വരെ നൽകാം. ആവശ്യമായ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലാത്തവരെ ഇആർഒമാർ ഹിയറിങ്ങിന് വിളിക്കും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 18, 2025 11:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SIR പട്ടികയിൽ നിന്ന് പുറത്താണോ? പരിശോധിക്കാം, പുറത്താകുന്നവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു







