രണ്ടു സന്യാസിമാരടക്കം മൂന്നുപേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം: കേന്ദ്രം മഹാരാഷ്ട്ര സർക്കാരിനോട് റിപ്പോർട്ട് തേടി

Last Updated:

Palghar Mob Lynching | പാൽഘറിലെ ഗന്ധ്ഛിൻഛ്ലെ ഗ്രാമത്തിൽ ഏപ്രിൽ 16ന് രാത്രിയായിരുന്നു സംഭവം. നാസിക്കിലെ കണ്ടിവാലിയിൽനിന്ന് ഗുജറാത്തിലെ സൂററ്റിലേക്ക് പോയ സന്യാസിമാരെയും ഡ്രൈവറെയുമാണ് ഇരുന്നൂറോളം വരുന്ന അക്രമിസംഘം കൊലപ്പെടുത്തിയത്.

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ ആൾക്കൂട്ട ആക്രമണത്തിൽ രണ്ടു സന്യാസിമാർ ഉൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദസർക്കാർ മഹാരാഷ്ട്ര സർക്കാരിനോട് വിശദീകരണം തേടി. സംഭവത്തിൽ കർശന നടപടി വേണമെന്നും കുറ്റവാളികൾക്കെതിരെ ഉടൻ നടപടി വേണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
നടന്നത് ക്രൂരമായ ആക്രമണം; ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു
മുംബൈയിൽനിന്ന് 125 കിലോമീറ്റർ അകലെയുള്ള പാൽഘറിലെ ഗന്ധ്ഛിൻഛ്ലെ ഗ്രാമത്തിൽ ഏപ്രിൽ 16ന് രാത്രിയായിരുന്നു സംഭവം. നാസിക്കിലെ കണ്ടിവാലിയിൽനിന്ന് ഗുജറാത്തിലെ സൂററ്റിലേക്ക് പോയ സന്യാസിമാരെയും ഡ്രൈവറെയുമാണ് ഇരുന്നൂറോളം വരുന്ന അക്രമിസംഘം കൊലപ്പെടുത്തിയത്. ചിക്നേ മഹാരാജ് കൽപ്പവൃക്ഷ് ഗിരി(70), സുശീൽ ഗിരി മഹാരാജ്(35) എന്നിവരാണ് കൊല്ലപ്പെട്ട സന്യാസിമാർ. ഇവരുടെ ഡ്രൈവർ നീലേഷ് തെൽഗനാണ്(35) കൊല്ലപ്പെട്ട മൂന്നാമത്തെ ആൾ. രാജ്യത്തെ ഏറ്റവും പുരാതനമായ ജുനാ അഖാഡ എന്ന സന്യാസ സമൂഹത്തിലെ അംഗങ്ങളായിരുന്നു ചിക്നെ മഹാരാജും സുശീൽ ഗിരി മഹാരാജും. സന്യാസിമാർ ഉൾപ്പടെ മൂന്നുപേരെ ആക്രമിച്ചു കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വലിയതോതിൽ ചർച്ചയായത്.
advertisement
ആക്രമണം നടന്നത് പൊലീസ് നോക്കിനിൽക്കെയെന്ന് ആരോപണം
ഒരു കാറിൽ നാസിക്കിൽ സൂറത്തിലേക്ക് പോകുകയായിരുന്നു സന്യാസിമാർ. പാൽഘറിലെ ഗന്ധ്ഛിൻഛ്ലെ ഗ്രാമത്തിൽ വെച്ച് ഒരുകൂട്ടം നാട്ടുകാർ മോഷ്ടാക്കളെന്ന് ആരോപിച്ച് വാഹനം തടഞ്ഞു ആക്രമിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും അവരും വാഹനവും അക്രമിക്കപ്പെട്ടു. സന്യാസിമാർ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കല്ലും വടിയും ആയുധങ്ങളുമായുള്ള ആക്രമണത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടു. ജുനാ അഖാഡ സന്യാസസമൂഹത്തിന്‍റെ ആചാര്യൻ ഗുരു മഹന്ത് രാമഗിരി ഗുജറാത്തിൽ സമാധിയായതിനെ തുടർന്നുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ പോകവെയാണ് സന്യാസിമാർ ആക്രമിക്കപ്പെട്ടതെന്ന് കാസാ പൊലീസ് അറിയിച്ചു. ആക്രമണത്തിൽ നിരവധി പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
advertisement
സംഭവവുമായി ബന്ധപ്പെട്ട് 110 പേർ അറസ്റ്റിലായതായും അന്വേഷണം പുരോഗമിക്കുകയുമാണെന്ന് പൊലീസ് അറിയിച്ചു. സന്യാസിമാർ കൊല്ലപ്പെട്ട സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ 110 പേരിൽ 101 പേരെ ഏപ്രിൽ 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഒമ്പത് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ ജുവനൈൽ ഹോമിലാക്കി.
കുറ്റവാളികളെ രക്ഷപെടാൻ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
പൽഘർ ജില്ലയിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കി. സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ടുപൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വർഗീയതയില്ല. ഇന്ന് രാവിലെ ഇതേക്കുറിച്ച് കേന്ദ്രആഭ്യന്തരമന്ത്രിയുമായി സംസാരിച്ചിരുന്നു. കുറ്റകൃത്യം നടന്ന ദിവസം തന്നെ പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.
advertisement
“ഇത് ഗുരുതരമായ കുറ്റകൃത്യവും ലജ്ജാകരമായ പ്രവൃത്തിയുമാണ്. കുറ്റവാളികളായ ആരെയും രക്ഷപെടാൻ അനുവദിക്കില്ല, സാധ്യമായ ഏറ്റവും ശക്തമായ നടപടികളുണ്ടാകും. അക്രമികളെ നീതിപീഠത്തിനുമുന്നിൽ കൊണ്ടുവരും,”- ഉദ്ദവ് താക്കറെ പറഞ്ഞു. സംഭവത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ഇതിനകം തന്നെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
advertisement
ഉന്നതതല അന്വേഷണം വേണമെന്ന് ദേവേന്ദ്ര ഫട്നാവിസ്
മനുഷ്യത്വരഹിതവും ഞെട്ടിക്കുന്നതുമായ സംഭവമാണ് പാൽഘറിലുണ്ടായതെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ടനാവിസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും സന്യാസി സമൂഹത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്യാസിമാർ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ഏറെ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും ഫട്നാവിസ് പറഞ്ഞു.
advertisement
പൊലീസുകാർ കാഴ്ചക്കാരായിരുന്നുവെന്ന് കോൺഗ്രസ്
സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു. സന്യാസിമാർ ആക്രമിക്കപ്പെടുമ്പോൾ പൊലീസ് കാഴ്ചക്കാരായിരുന്നുവെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞു. സന്യാസിമാരെ രക്ഷിക്കാൻ പൊലീസ് കൂടുതലൊന്നും ചെയ്തില്ല. അവർ കാഴ്ചക്കാരായി നോക്കിനിൽക്കവെയാണ് മൂന്നുപേരും കൊല്ലപ്പെട്ടതെന്ന് സിങ്വി ട്വിറ്ററിൽ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ടു സന്യാസിമാരടക്കം മൂന്നുപേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം: കേന്ദ്രം മഹാരാഷ്ട്ര സർക്കാരിനോട് റിപ്പോർട്ട് തേടി
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement