കോട്ടയത്ത് മാസ്ക് വെച്ചില്ലെന്ന് പറഞ്ഞ് യുവാവിന്റെ കാലൊടിച്ച ഗ്രേഡ് എസ് ഐക്ക് സസ്പെൻഷൻ
- Published by:user_57
- news18-malayalam
Last Updated:
സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസിന് വീഴ്ച വന്നു എന്ന് കണ്ടെത്തിയിരുന്നു
കോട്ടയം മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരനായി എത്തിയ പള്ളം മാവിളങ്ങ് സ്വദേശി അജികുമാറിന്റെ കാലിന് പൊട്ടൽ ഏറ്റ സംഭവത്തിൽ പോലീസ് നടപടി. പോലീസ് കണ്ട്രോൾ റൂം ഗ്രേഡ് എസ്ഐ എം.സി. രാജുവിനെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസിന് വീഴ്ച വന്നു എന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ഡി. ശില്പയാണ് രാജുവിനെ സസ്പെൻഡ് ചെയ്തുകൊണ്ട് നടപടി എടുത്തത്.
അതേസമയം മാസ്ക് വെച്ചില്ല എന്ന് ആരോപിച്ച് പരാതിക്കാരനായ അജികുമാറിനെതിരെയും പോലീസ് നടപടി എടുത്തു. ഇയാൾക്കെതിരെ ഗാന്ധിനഗർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭാര്യയുടെ ചികിത്സാർത്ഥം മെഡിക്കൽ കോളേജിൽ കൂട്ടിരുപ്പുകാരനായി കഴിയുകയായിരുന്നു അജികുമാർ. ഗൈനക്കോളജി വിഭാഗത്തിന് മുൻവശം നിൽക്കുന്നതിനിടെ പോലീസ് എത്തി അതിക്രമം കാണിച്ചു എന്നാണ് അജി കുമാർ പരാതിപ്പെടുന്നത്. അവിടെ കാത്തുനിന്നിരുന്ന ദൃക്സാക്ഷികളും അജികുമാർ പറഞ്ഞ വാദം അംഗീകരിക്കുകയായിരുന്നു.
മാസ്ക് വെച്ചിട്ടും വെച്ചില്ല എന്നാരോപിച്ച് പോലീസ് പിഴ അടപ്പിക്കാൻ ശ്രമം നടത്തിയതായി ദൃക്സാക്ഷികൾ ന്യൂസ് 18 നോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് പോലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോകുമ്പോഴാണ് അതിക്രമം ഉണ്ടായത്. വാഹനത്തിലേക്ക് തള്ളി കയറിയപ്പോൾ കാൽ ഡോറിന് ഇടയിൽ വീണു പൊട്ടൽ ഏൽക്കുകയായിരുന്നു എന്ന് അജികുമാറും ദൃക്സാക്ഷികളും പറയുന്നു.
advertisement
കാൽ ഡോറിന് ഇടയിൽ ഉണ്ട് എന്ന് പറഞ്ഞിട്ടും രണ്ടുതവണ വലിച്ച് അടയ്ക്കാൻ എസ് ഐ ശ്രമിച്ചതാണ് പരിക്കേൽക്കാൻ കാരണമായത് എന്ന് അജികുമാർ പറഞ്ഞിരുന്നു. സംഭവത്തിൽ ദൃക്സാക്ഷികളുടെ പ്രതികരണം അടക്കം ന്യൂസ് 18 വാർത്ത നൽകിയതോടെയാണ് ജില്ലാ പോലീസ് മേധാവി ഡി. ശില്പ സംഭവത്തിൽ ഇടപെട്ടത്. കോട്ടയം ഡിവൈഎസ്പി പി.ജെ. സന്തോഷ് കുമാർ ആണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്.
അതേസമയം, പോലീസ് സ്റ്റേഷനിൽ നിന്ന് പോകുന്ന സമയത്ത് അജി കുമാർ നടന്നാണ് പോയതെന്ന് സി.സി.ടി.വി. പരിശോധിച്ചതിൽ നിന്നും വ്യക്തമായതായും പോലീസ് പറയുന്നു. ഇക്കാര്യം പരിക്കേറ്റ അജികുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രി വരെ നടന്നെത്തിയ ശേഷം കാലിന് വേദന കൂടിയതോടെയാണ് മെഡിക്കൽ കോളേജിൽ തന്നെ ചികിത്സ തേടിയത് എന്നായിരുന്നു അജികുമാർ വ്യക്തമാക്കിയത്. അവിടെ നടന്ന എക്സ്-റേ പരിശോധനയിലാണ് കാലിന് പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തിയത്.
advertisement
സംഭവത്തിൽ പോലീസ് അതിക്രമം ഇല്ലെന്നും ഡോറിന്റെ ഇടയിൽ വച്ച് കുടുങ്ങിയതാണ് എന്നും ആരോപണ വിധേയനായ എസ്.ഐ. രാജു ഡിവൈഎസ്പിക്ക് മൊഴി നൽകി. ദൃക്സാക്ഷികളും എതിരായതോടെയാണ് പൊലീസ് വകുപ്പുതല നടപടിയിലേക്ക് കടന്നത്. സംഭവത്തിൽ ഡിവൈഎസ്പി തുടരന്വേഷണം നടത്തും.
അതേസമയം പരിക്കേറ്റ അജികുമാറിനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാസ്ക് വെച്ചില്ല എന്നാരോപിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ തന്നെ ഇക്കാര്യത്തിൽ പോലീസ് 500 രൂപ അജികുമാറിൽ പിഴയായി ഈടാക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ സംസ്ഥാനത്തൊട്ടാകെ പോലീസ് നടത്തുന്ന അതിക്രമങ്ങൾക്കെതിരെ നേരത്തെ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു.
Location :
First Published :
Aug 26, 2021 10:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയത്ത് മാസ്ക് വെച്ചില്ലെന്ന് പറഞ്ഞ് യുവാവിന്റെ കാലൊടിച്ച ഗ്രേഡ് എസ് ഐക്ക് സസ്പെൻഷൻ





