Narcotic products | ശ്രീലങ്കയിൽ നിന്നും ബംഗളൂരു വഴി കൊച്ചിയിലേക്ക്; അതിമാരക മയക്കുമരുന്നുകളുടെ സഞ്ചാരവഴിയിങ്ങനെ

Last Updated:

കഞ്ചാവും ബ്രൗൺഷുഗറുമടക്കമുള്ള മയക്കുമരുന്നുകളെ ഉപേക്ഷിച്ച് കൊച്ചിയിലെ ലഹരിമരുന്ന് ഇടപാടുകൾ എം.ഡി.എം.എയിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നതായി കസ്റ്റംസ്

ലഹരിമരുന്ന് ഇടപാടുകൾ എം.ഡി.എം.എയിലേക്ക്
ലഹരിമരുന്ന് ഇടപാടുകൾ എം.ഡി.എം.എയിലേക്ക്
കൊച്ചി: കഞ്ചാവും ബ്രൗൺഷുഗറുമടക്കമുള്ള മയക്കുമരുന്നുകളെ ഉപേക്ഷിച്ച് കൊച്ചിയിലെ ലഹരിമരുന്ന് ഇടപാടുകൾ എം.ഡി.എം.എയിലേക്ക് (MDMA) കേന്ദ്രീകരിച്ചിരിക്കുന്നതായി കസ്റ്റംസ്. ശ്രീലങ്കയിൽ (Sri Lanka) നിന്നും എത്തിക്കുന്ന എം.ഡി.എം.എ. ബംഗളൂരുവിൽ എത്തിച്ച് അവിടെ നിന്നുമാണ് പിന്നീട് കൊച്ചിയിലേക്ക് കൊണ്ടുവരിക. ഓയോ സൈറ്റ് വഴി മുറി ബുക്ക് ചെയ്ത ശേഷം സ്ത്രീകളടക്കം എത്തി കുടുംബമെന്ന് ചൂണ്ടിക്കാട്ടിയാണ് മുറിയിലെത്തുക. പിന്നീട് ഇടപാടുകാർ ഹോട്ടലുകളിലെത്തി മയക്കുമരുന്ന് കൈപ്പറ്റി മടങ്ങുകയാണ് പതിവ്.
കൊച്ചി മാമംഗലത്തെ ഹോട്ടലിൽ നിന്നും മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടെ പിടിയിലായ സംഘത്തിൻ്റെ ഇടപാടുകളും സമാന രീതിയിൽ തന്നെയായിരുന്നു. എട്ടു പേരാണ് പിടിയിലായത്. 55 ഗ്രാം എം.ഡി.എം.എ. ഇവരിൽ നിന്ന് പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് എട്ടുപേർ ഹോട്ടലിൽ നിന്ന് പിടിയിലായത്. മയക്കുമരുന്ന് വിൽപനക്കെത്തിയ നാലുപേരും, കൊല്ലത്ത് നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ സ്ത്രീയുൾപ്പട്ടെ സംഘത്തിലെ നാലുപേരുമാണ് പിടിയിലായത്.
ആലുവ സ്വദേശി റെച്ചു റഹ്മാൻ, മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ്, കണ്ണൂർ സ്വദേശി സൽമാൻ, കൊല്ലം സ്വദേശികളായ ഷിബു, ജുബൈർ, തൻസീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് അറസ്റ്റിലായത്. ശരത്തിനും ഷിബുവിനുമെതിരെ കൊലക്കേസ് നിലവിലുണ്ട്. മൂന്നു പേർ ഗൾഫിൽ മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിഞ്ഞിരുന്നവരുമാണ്.
advertisement
കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം ദിവസങ്ങളായി ഹോട്ടലിൽ നിരീക്ഷണം നടത്തി വരികയായിരുന്നു. ഒടുവിൽ എക്സൈസിനേക്കൂടി സഹകരിപ്പിച്ച് റെയിഡ് നടത്തുകയായിരുന്നു. മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് വിൽപ്പനക്കെത്തിയത്. കൊല്ലത്ത് നിന്ന് വാങ്ങാനും ആളുകളെത്തി. ഇതിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. രണ്ടു സംഘങ്ങളും എത്തിയ മൂന്ന് കാറുകളും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വിദേശത്ത് ജോലി ചെയ്തിരുന്നവരാണ് പ്രതികളിൽ മിക്കവരും. അവിടെ വെച്ചുള്ള പരിചയത്തിലാണ് മയക്കുമരുന്ന് വിൽപ്പനയിലേക്ക് കടന്നത്. ഓൺലൈൻ സൈറ്റുകൾ വഴിയാണ് ഇവർ ഹോട്ടൽ റൂമുകൾ ബുക്ക് ചെയ്ത് വരുന്നതെന്നാണ് വ്യക്തമായത്. എക്സൈസ്-കസ്റ്റംസ് സംഘത്തിന് വിൽപന സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായാണ് സൂചന. ഇവരും ഇവിടെ റൂം എടുത്തിരുന്നതായാണ് വിവരം. തുടർന്ന് മയക്കുമരുന്ന് സംഘത്തിന്റെ നീക്കം നിരീക്ഷിച്ചുവരികയായിരുന്നു. മലപ്പുറത്ത് നിന്നുള്ള സംഘം ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ. എത്തിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ പറഞ്ഞിരിക്കുന്നത്.
advertisement
കൊല്ലത്തു നിന്നുമുള്ള സംഘത്തിനൊപ്പമാണ് തൻസീല എത്തിയത്. മയക്കുമരുന്ന് ലഹരിയിൽ അബോധാവസ്ഥയിലായിരുന്നു ഇവരെന്ന് എക്സൈസ് അറിയിച്ചു. വിവാഹമോചിതയായ തൻസീലയ്ക്ക് ഒരു കുട്ടിയുമുണ്ട്. കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടിട്ടാണ് യുവാക്കൾക്കൊപ്പം പുറപ്പെട്ടത്. ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തെങ്കിലും മയക്കുമരുന്ന് ലഹരി വിട്ട് പ്രതികളെ ചോദ്യം ചെയ്യാൻ മണിക്കൂറുകളെടുത്തു.
മയക്കുമരുന്ന് വലിയ്ക്കാനുള്ള ഹുക്ക, പ്രത്യേക സജ്ജീകരണങ്ങളുള്ള ലൈറ്റർ, അളന്നു വിൽക്കുന്നതിനുള്ള ഉപകരണങ്ങൾ, നിരവധി മൊബൈൽ ഫോണുകൾ എന്നിവയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
തൊടുപുഴ, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളും മയക്കുമരുന്ന് വാങ്ങാൻ ഹോട്ടലിലെത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
advertisement
കസ്റ്റംസ് പ്രിവൻ്റീവ് അസിസ്റ്റന്റ് കമ്മിഷണർ പി.ജി. ലാലൂ, സൂപ്രണ്ട് വിവേക് വി., ഇൻസ്പെക്ടർമാരായ ലിജിൻ ജെ. കമൽ, ഷിനുമോൻ അഗസ്റ്റിൻ, റമീസ് റഹീം, മനീഷ് (ഇൻസ്‌പെക്ടർ), എക്സൈസ് ഇൻസ്പെക്ടർമാരായ  ടി. അനികുമാർ, ജി. കൃഷ്ണകുമാർ, എക്സൈസ്  ഇൻസ്പെക്ടമാരായ മുകേഷ് കുമാർ, മധുസൂദനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ.എം. അരുൺ കുമാർ, ബസന്ത് കുമാർ, സുബിൻ, രാജേഷ്, അനൂപ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എൽ.എം. ധന്യ, എസ്. നിഷ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Narcotic products | ശ്രീലങ്കയിൽ നിന്നും ബംഗളൂരു വഴി കൊച്ചിയിലേക്ക്; അതിമാരക മയക്കുമരുന്നുകളുടെ സഞ്ചാരവഴിയിങ്ങനെ
Next Article
advertisement
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement