Drug Case | കാക്കനാട് മയക്കുമരുന്ന് കേസിൽ വെള്ളിയാഴ്ച കുറ്റപത്രം; കേസിൽ ആകെ 25 പ്രതികൾ
- Published by:Anuraj GR
- news18-malayalam
Last Updated:
കാക്കനാട് ഉള്ള ഫ്ലാറ്റിൽ നിന്നും ആണ് പ്രതികളെയും 90ഗ്രാം എം ഡി എം എയും ഒരു i20 കാറും മൂന്ന് വിദേശ ഇനത്തിൽപ്പെട്ട നായ്ക്കളെയും പിടികൂടിയത്
കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ (Kakkanad Drug Case) വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് (Crime Branch) കുറ്റപത്രം സമർപ്പിക്കും. കേസിൽ ആകെ 25 പ്രതികളാണ് ഉള്ളത്. അറസ്റ്റിലായ 19 പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുക. ഒളിവിലുള്ളവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മൂന്നു പ്രതികൾ വിദേശത്തേക്ക് കടന്നതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ബിലാൽ ലിത് ലജ് , ഷാരുഖ് സഹൽ, മുഹമ്മദ് ഫൈസൽ ഫവാസ് എന്നിവരാണ് വിദേശത്തേക്ക് കടന്നത്. ഇവർക്കായി എമിഗ്രേഷൻ ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.
നാലു കോടിയോളം രൂപയുടെ എം ഡി എം എ വില്പനയ്ക്കെത്തിച്ച കേസിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. മുഹമ്മദ് ഫവാസ് ആണ് കേസിലെ ഒന്നാം പ്രതി. കേസിൽ അറസ്റ്റിലായ എല്ലാവരും ഇപ്പോഴും ജയിലിലാണ്. ചെന്നൈ സ്വദേശിയായ ഷംസുദ്ദീൻ സേട്ടിൽ നിന്നാണ് പ്രതികൾ രാസ ലഹരി മരുന്ന് വാങ്ങിയത്. കേസിൽ ഇയാൾ ഇരുപത്തിയഞ്ചാം പ്രതിയാണ്. കൊച്ചിയിൽ അറസ്റ്റ് നടന്ന ഉടൻ കുടുംബവുമായി ഇയാൾ ഒളിവിൽ പോയി. ലഹരിമരുന്ന് ശൃംഖലയുടെ മുഖ്യ കണ്ണിയായ ഇയാൾക്കു വേണ്ടി അന്വേഷണസംഘം ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
advertisement
15 ലക്ഷം രൂപ ഷംസുദീൻ സേട്ടിൻ്റെ അക്കൗണ്ടിലേക്ക് പ്രതികൾ നേരിട്ട് കൈമാറിയിട്ടുണ്ട്. അത് അല്ലാതെയും വലിയ തുക പല തവണയായി നൽകിയിട്ടുണ്ടെന്നും പ്രതികൾ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിട്ടുണ്ട് . എറണാകുളം സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോടികൾ വില വരുന്ന മാരക മയക്കുമരുന്നായ എം ഡി എം എ പിടികൂടിയത്. ചെന്നെയിൽ നിന്ന് ആഡംബര കാറിൽ കുടുംബസമേതമെന്ന രീതിയിൽ സ്ത്രീകളും വിദേശ ഇനത്തിൽ പെട്ട നായ്ക്കളുടെയും മറവിൽ ചെക് പോസ്റ്റുകളിലും വാഹന പരിശോധനകളിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ചു എം ഡി എം എ കൊണ്ട് വന്നു കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യുന്ന വൻ സംഘമാണ് ഇവർ. കാക്കനാട് ഉള്ള ഫ്ലാറ്റിൽ നിന്നും ആണ് പ്രതികളെയും 90ഗ്രാം എം ഡി എം എ യും ഒരു i20 കാറും മൂന്ന് വിദേശ ഇനത്തിൽപ്പെട്ട നായ്ക്കളെയും വിദഗ്ദ്ധ നീക്കത്തിലൂടെ ആദ്യ ഘട്ടത്തിൽ പിടികൂടിയത്.
advertisement
എറണാകുളത്തു വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്തു ആണ് സംഘം പ്രവർത്തിച്ചിരുന്നത്. കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഇയാളുടെ ഭാര്യ ഷംന കാസർഗോഡ് സ്വദേശികളായ അജു എന്ന അജ്മൽ, എറണാകുളം സ്വദേശി മുഹമ്മദ് അഫ്സൽ, എന്നിവരാണ് ആദ്യം പിടിയിലായത്.
കൊച്ചിയിലെ ഇടപാടുകൾ നിയന്ത്രിച്ച സുസ്മിത ഫിലിപിനെ എക്സൈസ് ക്രൈംബ്രാഞ്ച് പിന്നീട് അറസ്റ്റ് ചെയ്തു. കേസിലെ 12-ാം പ്രതിയായ സുസ്മിത ഫിലിപ്പ്, മയക്കുമരുന്ന് സംഘത്തിനിടയിൽ അറിയപ്പെട്ടത് ടീച്ചർ എന്ന പേരിലാണ്. കോട്ടയത്തെ ഒരു സ്കൂളിൽ കുറച്ചുനാൾ ഇവർ ജോലി ചെയ്തിരുന്നു. ഇവർ കൊച്ചിയിലെ ഹോട്ടലുകൾ, ഫ്ളാറ്റുകൾ എന്നിവ കേന്ദ്രീകരിച്ചും ഇടപാടുകൾ നടത്തിയതായും വിവരം ലഭിച്ചു. മുഖ്യപ്രതികളുടെ അക്കൗണ്ടുകളിലേക്ക് ഇവർ വൻതുക നിക്ഷേപിച്ചിരുന്നു. ഗൂഢാലോചനയിലടക്കം ഇവർ പങ്കാളിയായിരുന്നു.
advertisement
കേസിൽ ഇനിയും ഏറെപേർ പിടിയിലാകാനുണ്ടെന്നാണ് എക്സൈസ് പറയുന്നത്. സുസ്മിതയാണ് എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി നിയന്ത്രിച്ച് നിന്നിരുന്നവരിലൊരാൾ. ആദ്യം പിടിയിലായ കേസിലെ പ്രതികളുടെ അക്കൗണ്ടിലേക്ക് വൻതുക സുസ്മിത അയച്ചിരുന്നു. ഗൂഗിൾ പേയിലൂടെയും മറ്റുമായിരുന്നു ഇത്.
ലഹരി പാർട്ടികൾ സംഘടിപ്പിക്കാനും സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ ഒരുക്കാനും മുന്നിൽ നിന്നത് സുസ്മിതയായിരുന്നു. വൻകിട ഹോട്ടലുകളിലും ക്ലബ്ബുകളിലും നടന്ന റേവ് പാർട്ടികളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. പ്രതികളിൽ ചിലർക്കൊപ്പം ഒട്ടേറെ ഹോട്ടലുകളിൽ ഇവർ താമസിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. സിനിമാ രംഗത്തെ ചിലരുമായി ബന്ധം സൂക്ഷിക്കുന്ന ഇവരാണ് പല ഡീലുകളിലും ഇടനിലക്കാരിയെന്നാണ് കരുതുന്നത്.
Location :
First Published :
February 10, 2022 10:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Drug Case | കാക്കനാട് മയക്കുമരുന്ന് കേസിൽ വെള്ളിയാഴ്ച കുറ്റപത്രം; കേസിൽ ആകെ 25 പ്രതികൾ