• HOME
  • »
  • NEWS
  • »
  • crime
  • »
  • പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിനേയും കൂട്ടാളികളേയും പോലീസ് കസ്റ്റഡിയില്‍ വിട്ടു

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിനേയും കൂട്ടാളികളേയും പോലീസ് കസ്റ്റഡിയില്‍ വിട്ടു

മൃതദേഹാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ എടവണ്ണ സീതി ഹാജി പാലത്തിലും പ്രതികളെ തെളിവെടുപ്പിന് കൊണ്ട് പോകും.

  • Share this:
നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ മൈസൂർ സ്വദേശിയായ ഷാബ ഷെരീഫ്  കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ ഷൈബിൻ അഷ്റഫ്, ഷിഹാബുദ്ദീൻ, നിഷാദ് എന്നിവരെ 7 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. മഞ്ചേരി ജില്ല സെഷൻസ് കോടതിയാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനുശേഷം നാളെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം .  ഷൈബിൻ അഷ്റഫിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിലെത്തിച്ച് ആകും തെളിവെടുപ്പ് നടത്തുക. അതിന് ശേഷം വെട്ടിനുറുക്കി മൃതദേഹാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ എടവണ്ണ സീതി ഹാജി പാലത്തിലും പ്രതികളെ തെളിവെടുപ്പിന് കൊണ്ട് പോകും.

രാവിലെ 11 മണിയോടെ ആണ് ഷൈബിൻ അഷ്റഫ്, ഷിഹാബുദ്ദീൻ, നിഷാദ് എന്നിവരെ മഞ്ചേരി ജില്ല സെഷൻസ് കോടതിയിലെത്തിച്ചത്. ഷൈബിൻ അഷ്റഫിൻ്റെയും ഷിഹാബുദ്ദീൻ്റെയും മുഖം മൂടിയിരുന്നു. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിൽ തിരിച്ചറിയൽ പരേഡ് കൂടി നടത്താൻ ഉള്ളത് കൊണ്ടാണ് ഇവരുടെ മുഖം മറച്ചിരുന്നത് . ഉച്ചയ്ക്ക് ശേഷമാണ് ഇവരുടെ കേസ് കോടതി പരിഗണിച്ചത്.

Also Read-മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകം; അഞ്ച് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

കേസിൽ ആകെ 9 പ്രതികൾ ആണ് ഉള്ളത്. ഇനി പിടികൂടാനുള്ള 5 പേർക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.നിലമ്പൂര്‍ സ്വദേശികളായ കൈപ്പഞ്ചേരി ഫാസില്‍ (31), കുന്നേക്കാടന്‍ ഷമീം എന്ന പൊരി ഷമീം (32), പൂളക്കുളങ്ങര  ഷബീബ് റഹ്മാന്‍ (30), കൂത്രാടന്‍ മുഹമ്മത് അജ്മല്‍ ( 30) വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷഫീക്ക് (28) എന്നിവര്‍ക്കു വേണ്ടിയാണ് പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന്റെ എല്ലാ ക്രൂരകൃത്യങ്ങള്‍ക്കും സ്വദേശത്തും വിദേശത്തും സഹായികളായി നിന്നവരാണ് പ്രതികള്‍. അതേ സമയം ഒളിവിലുള്ള പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട് .

പ്രതികള്‍ മുങ്ങിയത് പാസ്‌പോര്‍ട്ടുമായാണ്.പാസ്‌പോര്‍ട്ട് കൈവശമുള്ളതിനാല്‍ വിസിറ്റിങ് വിസയില്‍ വിദേശത്തേക്ക് പോവാന്‍ പ്രയാസമില്ല.മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്   വ്യവസായ ശൃംഖലയുള്ള അബൂദബിയില്‍ ഇവര്‍ക്ക് കാര്യമായ ബന്ധങ്ങളുണ്ട്. അഞ്ചുപേരും നേരത്തെ  അബൂദബിയിലെ ഷൈബിന്റെ കമ്പനിയില്‍ ജോലി ചെയ്തവരാണന്നാണ് സൂചന.  കേസുള്ളതിനാല്‍ ഷൈബിന് മാത്രമാണ് അബൂദബിയില്‍ വിലക്കുള്ളത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഷൈബിന്‍ അഷ്‌റഫ് പിടിയിലായതോടെ സംസ്ഥാനത്തിന് പുറത്തെ വിമാനത്താവളങ്ങള്‍ വഴി പ്രതികള്‍ക്ക് വിദേശത്തേക്ക് കടക്കാന്‍  സാധ്യതയുണ്ട്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരും വധശ്രമം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുമാണ് ഒളിവില്‍ കഴിയുന്നത്. ഷാബാ ശെരീഫിന്റെ കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി പോലീസ് ഉറപ്പിച്ചിട്ടുണ്ട് .

2019 ഓഗസ്റ്റിൽ മൈസൂരിൽ നിന്നും തട്ടിക്കൊണ്ടു വന്ന മൂലക്കുരു ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ 2020 ഒക്ടോബറിൽ തടങ്കലിൽ വച്ച് ഷൈബിൻ അഷ്റഫ് മർദിച്ചു കൊന്നു എന്നാണ് മറ്റൊരു പ്രതി നൗഷാദ് പോലീസിനോട് പറഞ്ഞത്. തുടർന്ന് മൃതദേഹം കഷ്ണങ്ങൾ ആക്കി മുറിച്ച് വെട്ടിയരിഞ്ഞ് പുഴയിൽ തള്ളി എന്നുമായിരുന്നു നൗഷാദിന്റെ വെളിപ്പെടുത്തൽ . ഒറ്റമൂലി മരുന്നിൻറെ രഹസ്യം പറഞ്ഞു കൊടുക്കാത്ത തുടർന്നാണ് ആണ് ഷാബ ഷെരീഫിനെ തടങ്കലിൽ വെച്ച് മർദ്ദിച്ച് കൊന്നത്.
Published by:Jayesh Krishnan
First published: