• HOME
  • »
  • NEWS
  • »
  • crime
  • »
  • ബംഗളൂരുവിൽ എയർ ഹോസ്റ്റസ് നാലാമത്തെ നിലയിൽനിന്ന് വീണുമരിച്ചു; മലയാളി യുവാവ് അറസ്റ്റിൽ

ബംഗളൂരുവിൽ എയർ ഹോസ്റ്റസ് നാലാമത്തെ നിലയിൽനിന്ന് വീണുമരിച്ചു; മലയാളി യുവാവ് അറസ്റ്റിൽ

ബംഗളൂരുവിൽനിന്ന് ദുബായിലേക്ക് സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ എയര്‍ഹോസ്റ്റസായ യുവതിയാണ് നാലാമത്തെ നിലയിൽനിന്ന് വീണുമരിച്ചത്

  • Share this:

    ബംഗളൂരു: അപ്പാർട്ട്മെന്‍റിന്‍റെ നാലാം നിലയിലെ ബാൽക്കണിയിൽനിന്ന് എയർഹോസ്റ്റസ് വീണു മരിച്ച സംഭവത്തിൽ ആൺസുഹൃത്തായ മലയാളി യുവാവ് അറസ്റ്റിലായി. കാസര്‍കോട് സ്വദേശിയായ ആദേശിനെയാണ് (26) ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ഹിമാചല്‍പ്രദേശ് സ്വദേശി അര്‍ച്ചന ധിമാനാണ് (28) ശനിയാഴ്ച മരിച്ചത്.

    ബംഗളൂരുവിൽനിന്ന് ദുബായിലേക്ക് സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ എയര്‍ഹോസ്റ്റസായ യുവതിയാണ് നാലാമത്തെ നിലയിൽനിന്ന് വീണുമരിച്ചത്. ആദേശിനെതിരെ കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കോറമംഗല പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ആദേശിനെ അറസ്റ്റ് ചെയ്തത്.

    ശനിയാഴ്ച പുലര്‍ച്ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡന്‍സി അപ്പാർട്ട്മെന്‍റിന്‍റെ നാലാം നിലയില്‍നിന്ന് അര്‍ച്ചനയെ വീണ നിലയില്‍ കണ്ടത്. ആദേശ് തന്നെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ യുവതി താഴെ വീണ കാര്യം അറിയിച്ചത്. അർച്ചനയെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. നാലു ദിവസം മുമ്ബാണ് അര്‍ച്ചന ആദേശിനെ കാണാന്‍ ബംഗളൂരുവില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

    Also Read- കണ്ണൂരിൽ യുവതിക്കുനേരെ ആസിഡാക്രമണം; അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

    ബംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ കംപ്യൂട്ടർ എഞ്ചിനിയറായ ആദേശ് ഡേറ്റിങ് ആപ്പിലൂടെയാണ് അര്‍ച്ചനയുമായി അടുപ്പത്തിലായത്. ആറു മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. സംഭവദിവസം രാത്രി ഏറെ വൈകിയും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ആദേശ് കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് അര്‍ച്ചനയെ തള്ളിയിട്ടതാണെന്ന് മാതാവ് പരാതിയില്‍ പറയുന്നു. അര്‍ച്ചന സിറ്റൗട്ടില്‍ നടക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീണെന്നാണ് ആദേശ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

    Published by:Anuraj GR
    First published: