കൊച്ചി: വിവാഹവാഗ്ദാനം നല്കി അന്‍പതോളം പെണ്‍കുട്ടികളെ കബളിപ്പിച്ച് പണം തട്ടിയ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. വയനാട് മാനന്തവാടി കല്ലോടിയില്‍ താമസിക്കുന്ന കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ബിജു ആന്റണി(38) ആണ് അറസ്റ്റിലായത്.
പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കിയശേഷം പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്ത് മുങ്ങുന്നതാണ് ഇയാളുടെ പതിവു രീതിയെന്ന് പൊലീസ് പറയുന്നു. ഇത്തരത്തില്‍ അന്‍പതോളം സ്ത്രീകളില്‍ നിന്നാണ് സ്വര്‍ണവും പണവും തട്ടിയെടുത്തത്.
ഏറ്റവും അവസാനമായി മലപ്പുറം സ്വദേശിനിയാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. ഈ സ്ത്രീയുമായി അടുപ്പത്തിലായ ഇയാള്‍ കഴിഞ്ഞമാസം എറണാകുളത്ത് വാടകയ്ക്കു വീടെടുത്തു താമസം തുടങ്ങുകയും ഒരാഴ്ചയ്ക്കകം യുവതിയുടെ പണവും സ്വര്‍ണവുമായി മുങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവതി നല്കിയ പരാതിയിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.
ഓരോതവണയും പുതിയ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതിനാല്‍ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്. കല്‍പ്പറ്റയില്‍ നിന്നാണ് ഇയാളെ അവസാനം പൊലീസ് പൊക്കിയത്. അറസ്റ്റിലാകുമ്പോഴും ഇയാള്‍ താലേദിവസം നല്കിയ പരസ്യം കണ്ട് സ്ത്രീകള്‍ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.
പരാതി നല്കിയ യുവതിയുമായി എറണാകുളത്തു താമസിക്കുന്നതിനിടെ കോട്ടയത്തുള്ള അംഗപരിമിതയുമായ യുവതിയുമായി വിവാഹം ഉറപ്പിച്ച് 45000 രൂപ കൈക്കലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എറണാകുളത്തുനിന്നും മുങ്ങിയത്.
2008 മുതല്‍ കുമ്പള, കണ്ണൂര്‍, നടക്കാവ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ തട്ടിപ്പിന് കേസുകളുണ്ട്. ഫേസ്ബുക്കില്‍ നിന്ന് തന്റെ മുഖവുമായി സാമ്യമുള്ള ഫോട്ടോകള്‍ കണ്ടെത്തിയാണ് വാട്സ്ആപ്പ് പ്രൊഫൈലായി ഉപയോഗിച്ചിരുന്നത്.
തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ നിര്‍ദേശപ്രകാരം നോര്‍ത്ത് എസ്ഐ വിബിന്‍ദാസ്, എഎസ്ഐ ശ്രീകുമാര്‍, സീനിയര്‍ സിപിഒ വിനോദ് കൃഷ്ണ, സിപിഒമാരായ അജിലേഷ്, റെക്സിന് എന്നിവരാണു പ്രതിയെ അറസ്റ്റു ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Kannur, Marriage scam, കണ്ണൂർ, വിവാഹത്തട്ടിപ്പ്