ആഗ്ര: മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ ഡോക്ടർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ എസ്എൻ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
സഹോദരന്റെ പരാതിയിലാണ് പെൺകുട്ടിയുടെ സീനിയറായ ഡോക്ടറെ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ബാംറൗളിക്ക് സമീപം ഹൈവേയിൽ മൃതദേഹം കണ്ടെത്തിയത്.
അറസ്റ്റിലായ ഡോക്ടർ നിരന്തരം പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നതായി സഹോദരന്റെ പരാതിയിൽ പറയുന്നു. സഹോദരിയെ തട്ടിക്കൊണ്ടുപോയത് ഈ ഡോക്ടറാണെന്നുമാണ് പരാതി. അതേസമയം, സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി ഡോക്ടറെ ആഗ്രയിൽ എത്തിച്ചിരിക്കുകയാണ്. പെൺകുട്ടിയേക്കാൾ ഒരു വർഷം സീനിയറാണ് ഡോക്ടർ.
താനും പെൺകുട്ടിയുമായി ഏഴ് വർഷമായി അടുപ്പത്തിലായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ മൊഴികൾ മാറ്റിപ്പറയുന്നതായും പൊലീസ് പറയുന്നു.
ഭാരമുള്ള വസ്തുകൊണ്ട് പെൺകുട്ടിയുടെ തലയ്ക്ക് ശക്തമായ ഇടിയേറ്റിട്ടുണ്ട്. കൂടാതെ മൃതദേഹത്തിന് സമീപത്തു നിന്നും പെൺകുട്ടി ധരിച്ച ഷൂസും കണ്ടെത്തിയിട്ടുണ്ട്. സംഭവം കൊലപാതകമാകാമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.
കാണാതായ പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഖിലേഷ് യാദവും രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സർക്കാർ ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് അദ്ദേഹം ആരോപിച്ചു. കുറ്റകൃത്യങ്ങളാണ് ഇപ്പോൾ ഉത്തർപ്രദേശിനെ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെ അതിക്രൂരമായ അക്രമപരമ്പരകളാണ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ചയാണ് പതിമൂന്ന് വയസ്സുള്ള ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പിതാവ് പറഞ്ഞിരുന്നു.
ഓഗസ്റ്റ് 17 ന് കാണാതായ പതിനേഴുകാരിയുടെ മൃതദേഹം പാതി വെന്തനിലയിൽ കണ്ടെത്തിയിരുന്നു. ആസിഡ് ഒഴിച്ച് ശരീരത്തിന്റെ മേൽ ഭാഗം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാണ് പൊലീസ് നിഗമനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.