കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച കേസില്‍ പൊലീസ് അന്വേഷണം നീളുന്നത് കൊടുവള്ളിയിലേക്ക്. കവര്‍ച്ച ആസൂത്രണക്കേസില്‍ ഒരാളെ കൂടി കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. സംഭവ ദിവസം കൊടുവള്ളി സംഘത്തിനൊപ്പം ഉണ്ടായിരുന്ന ആളാണ് ശിഹാബ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫിജാസിന് ഒപ്പമായിരുന്നു ശിഹാബ് എന്ന് പോലീസ് പറയുന്നു. ഫിജാസ് വിളിച്ചിട്ടാണ് ശിഹാബ് കരിപ്പൂരില്‍ എത്തിയത്. കൊടുവള്ളി സംഘത്തിന്റെ മുഖ്യ ആസൂത്രകന്‍ സൂഫിയാന്റെ സഹോദരന് ആണ് ഫിജാസ്. ഫിജാസിന്റെ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ചെര്‍പ്പുളശ്ശേരി സംഘത്തിന്റെ ഫോണിലെ നമ്പരുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചെര്‍പ്പുളശ്ശേരി സംഘത്തെ നിയോഗിച്ചത് കൊടുവള്ളി സംഘം ആണെന്നിരിക്കെ പോലീസിന്റെ അന്വേഷണം കൊടുവള്ളി സംഘത്തെ കേന്ദ്രീകരിച്ചാണ്. കണ്ണൂര്‍ ആയങ്കി അര്‍ജുന്റെ പങ്ക് ഇപ്പോള്‍ കൊണ്ടോട്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്പില് ഇല്ല. കൊടുവള്ളി സംഘം കടത്താന്‍ ഉദ്ദേശിക്കുന്ന സ്വര്‍ണം തട്ടിയെടുക്കാനാണ് അര്ജുന് ലക്ഷ്യം ഇട്ടിരുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ആണ് കൊടുവള്ളി സംഘം ചെര്‍പ്പുളശ്ശേരി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നും അന്വേഷണ സംഘം പറയുന്നു. സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നില്ലെങ്കില്‍ കൊടുവള്ളി -ചെര്‍പ്പുളശ്ശേരി സംഘങ്ങളും ആയങ്കി അര്‍ജുന്റെ സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ വരെ ഉണ്ടാകുമായിരുന്നു എന്നും പൊലീസ് വിലയിരുത്തുന്നുണ്ട്.
പാലക്കാട് നെല്ലായ നാരായണമംഗലത്ത് ചെരളി ഫൈസല്‍ (24), വല്ലപ്പുഴ പുത്തന്‍ പീടിയേക്കല്‍ ഹസ്സന് (35), മുളയംകാവ് പെരുമ്പറമ്പത്തൊടി സലീം (28), മുളയങ്കാവ് തൃത്താല നടയ്ക്കല്‍ മുബഷിര്‍ (27), വല്ലപ്പുഴ കടക്കാശ്ശേരി വളപ്പില്‍ ഷാനിദ് (32)എന്നിവരാണ് മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. കേസുമായി ബന്ധപ്പെട്ട് ചെര്‍പ്പുളശ്ശേരി സംഘത്തിലെ ഷഫീര്‍, സുഹൈല്‍ എന്നിവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
കസ്റ്റഡിയില്‍ വാങ്ങിയ 5 പേരില്‍ മൂന്ന് പേരെ കരിപ്പൂരിലും അപകടം നടന്ന രാമനാട്ടുകരയിലും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. സലീം, ഹസ്സന്, മുബഷീര്‍ എന്നിവരെ കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ബേ, വിദേശ ടെര്‍മിനല്‍ എക്സിറ്റ് പോയിന്റ് എന്നിവിടങ്ങളില്‍ ആണ് കൊണ്ടുവന്നത്. കണ്ണൂരില്‍ നിന്ന് വന്ന അര്‍ജുന്റെ സംഘവുമായി സംഘര്‍ഷം ഉണ്ടായത് പുളിക്കല്‍ ടവര്‍ പരിസരത്തും ഇവരെ കൊണ്ട് വന്നു. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ആളുകള്‍ ആണ് കണ്ണൂര്‍ സംഘവുമായി ഏറ്റുമുട്ടിയത് എന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് പ്രതികളെ രാമനാട്ടുകരയില്‍ അപകടം നടന്ന സ്ഥലത്ത് കൂടി എത്തിച്ചു. പരാതിക്കാര്‍ ഇല്ലെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവര്‍ക്ക് എതിരെ കവര്‍ച്ച ആസൂത്രണത്തിന് ഐപിസി 399 പ്രകാരം കേസ് എടുത്തിട്ടുള്ളത്. ഇവരുടെ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് കവര്‍ച്ച ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയ്ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഫോണുകളില്‍ നിന്നും വോയ്സ് ക്ലിപ്പുകളും സന്ദേശങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഈ മാസം 21 നാണ് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ 5 പേര് മരിച്ചത്. ഇവര്‍ സ്വര്‍ണ കവര്‍ച്ച ലക്ഷ്യമിട്ട് എത്തിയ സംഘം ആണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആണ് അന്വേഷണം തുടങ്ങിയത്.പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.