വാടക ചോദിച്ചെത്തിയ ഉടമയെ തല്ലിയ ജാർഖണ്ഡ് തൊഴിലാളികള്‍ അറസ്റ്റിൽ; നാലുമുറി ഷെഡിന് വാടക 46,000 രൂപ
- Published by:Rajesh V
- news18-malayalam
Last Updated:
പോത്തൻകോട് ജംഗ്ഷനു സമീപം വിദേശ മദ്യശാലയ്ക്ക് എതിർവശത്തായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിട്ടുള്ള ഷെഡിൽ വച്ചായിരുന്നു സംഭവം
തിരുവനന്തപുരം: വാടക ചോദിച്ചെത്തിയ കെട്ടിട ഉടമയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശികളും സഹോദരങ്ങളുമായ സ്വപൻകുമാർ മഹൽദാർ (33), നന്ദുകുമാർ മഹൽദാർ (29) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്. കെട്ടിട ഉടമ കൊയ്ത്തൂർക്കോണം സ്വദേശി നവാസിനാണ് മൂക്കിനും കണ്ണിനും പരിക്കേറ്റത്. നവാസ് മെഡിക്കൽകോളജിലും തുടർന്ന് കണ്ണാശുപത്രിയിലും ചികിത്സതേടി. നവാസിന്റെ ഉടമസ്ഥതയിൽ പോത്തൻകോട് ജംഗ്ഷനു സമീപം വിദേശ മദ്യശാലയ്ക്ക് എതിർവശത്തായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിട്ടുള്ള ഷെഡിൽ വച്ചായിരുന്നു സംഭവം.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വാടക ചോദിക്കാനെത്തിയതായിരുന്നു നവാസ്. എന്നാൽ ലൈറ്റ് കത്താത്തതിനെക്കുറിച്ചും സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്നതിനെക്കുറിച്ചുമെല്ലാം തൊഴിലാളികൾ പരാതി പറഞ്ഞു. ഇതേ ചൊല്ലി പിന്നീട് വാക്കേറ്റമായി. തുടർന്നായിരുന്നു മർദ്ദനം. ഇടിവള കൊണ്ട് നന്ദുകുമാറും സ്വപൻകുമാറും നവാസിന്റെ മുഖത്ത് ഇടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. കണ്ണിന്റെ ഭാഗത്ത് പൊട്ടലുണ്ട്. മറ്റ് തൊഴിലാളികളാണ് നവാസിനെ രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചത്. തൊഴിലാളികളിൽ ചിലർ മദ്യപിച്ചിട്ടുണ്ടായിരുന്നു. പ്രതികളായ രണ്ടു പേരെയും കോടതി റിമാൻഡ് ചെയ്തു.
advertisement
അതേസമയം, നാലുമുറി ഷെഡിന് വാടകയായി ഉടമ ഈടാക്കിയിരുന്നത് 46,000 രൂപയാണ്. 80 ചതുരശ്ര അടി വരുന്ന മുറികളിൽ ഒൻപതുപേരാണ് കഴിയുന്നത്. ഇതിന് ഒരാളിൽ നിന്നും 1200 രൂപയാണ് വാടകയായി കെട്ടിട ഉടമ വാങ്ങിക്കുന്നത്. തകര ഷീറ്റ് മേൽക്കൂരയായുള്ള ഉയരം കുറഞ്ഞ നീളത്തിലുള്ള ഷെഡ്. ഇതിൽ നാല് ഇടുങ്ങിയ മുറികളും. 34 പേരാണ് താമസിക്കുന്നത്. എല്ലാവർക്കും കൂടി ഉപയോഗിക്കാൻ മൂന്നു ശൗചാലയമാണുള്ളത്. അതും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. സമീപത്തായുള്ള കിണറ്റിലെ വെള്ളമാണ് ഇവർ കുടിക്കാനുപയോഗിക്കുന്നത്.
Location :
First Published :
December 15, 2022 8:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാടക ചോദിച്ചെത്തിയ ഉടമയെ തല്ലിയ ജാർഖണ്ഡ് തൊഴിലാളികള്‍ അറസ്റ്റിൽ; നാലുമുറി ഷെഡിന് വാടക 46,000 രൂപ