തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ വിക്ടേഴ്സ് ചാനലിലൂടെ കുട്ടികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞു കൊടുത്ത അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവർക്കെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
സമൂഹമാധ്യമങ്ങളിലൂടെ ചിലർ അധ്യാപികമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും സഭ്യമല്ലാത്ത ട്രോളുകൾ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടതായി ഷാഹിദ കമാൽ പറഞ്ഞു. ഇത് സാക്ഷരതയിലും സാംസ്ക്കാരിക നിലവാരത്തിലും മുന്നിലാണെന്ന് പറയുന്ന ജനതയ്ക്ക് ചേർന്ന പ്രവർത്തിയല്ലെന്നും വനിതാ കമ്മീഷൻ അംഗം അഭിപ്രായപ്പെട്ടു. സൈബർ ആക്രമണങ്ങൾക്കെതിരെ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഡോ ഷാഹിദ കമാൽ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചതിനു ശേഷം വനിതാ കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും.
ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് നടപടി.
വിക്ടേഴ്സ് ചാനൽ വഴിയാണ് സ്കൂൾ കുട്ടികൾക്കായി കഴിഞ്ഞ ദിവസം ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. അധ്യാപികമാരുടെ ക്ലാസുകൾക്ക് അനുകൂലമായ പ്രതികരണവും ലഭിച്ചു. എന്നാൽ ചിലർ അധ്യാപികമാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കുകയും ചില ഫോട്ടോകൾ അശ്ലീല ചുവയോടെ പ്രചരിപ്പിക്കുകയുമായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.