• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| പാരമ്പര്യ വൈദ്യൻ്റെ കൊലപാതകം ; അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് പൊലീസ്; മുന്നിൽ വെല്ലുവിളികൾ ഏറെ

Murder| പാരമ്പര്യ വൈദ്യൻ്റെ കൊലപാതകം ; അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് പൊലീസ്; മുന്നിൽ വെല്ലുവിളികൾ ഏറെ

മൃതദേഹം കണ്ടെത്തുക ദുഷ്കരമായ കേസിൽ നിർണായകം ആകുക സാഹചര്യ - ഡിജിറ്റൽ തെളിവുകൾ. കൂട്ടാളികൾക്ക് എതിരെ മുഖ്യ പ്രതി മോഷണത്തിന് പരാതി നൽകിയതാണ് കൊലപാതകം പുറത്തുകൊണ്ടുവന്നത്

  • Share this:
മലപ്പുറം: ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാൻ പാരമ്പര്യ വൈദ്യനെ ഒരു വർഷത്തിലേറെ തടവിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, മൃതദേഹം വെട്ടിനുറുക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ പൊലീസിന് മുൻപിൽ അന്വേഷണത്തിൽ വെല്ലുവിളികൾ ഏറെ. കഷ്ണങ്ങളായി നുറുക്കി പുഴയിൽ എറിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ ഒന്നര വർഷത്തിന് ശേഷം  കണ്ടെത്തുക എന്നത് അതീവ ദുഷ്കരവും ശ്രമകരവുമാണ്. കേസിൽ സാഹചര്യ തെളിവുകളും ദൃക്സാക്ഷി മൊഴികളും ഡിജിറ്റൽ തെളിവുകളും ആകും നിർണായകം ആകുക.

ചേകന്നൂർ മൗലവി കേസിന് സമാനമായ സംഭവം ആണ് ഇതെന്ന് മലപ്പുറം എസ് പി സുജിത്ത് ദാസ് പറഞ്ഞു." ഇത് അപൂർവങ്ങളിൽ അപൂർവമായ കേസ് തന്നെ ആണ്. ചേകന്നൂർ മൗലവിയുടെ കേസിന് സമാനമാണ് ഇതിലെ അവസ്ഥയും. മൃതദേഹം കണ്ടെത്തുക എളുപ്പം അല്ല. പക്ഷേ സാഹചര്യത്തെളിവുകളും ഡിജിറ്റൽ തെളിവുകളും ആണ് കേസിൽ നിർണായകം ".

ഒന്നേകാൽ കൊല്ലം നീണ്ടു നിന്ന ക്രൂര പീഡനങ്ങൾക്ക് ഒടുവിൽ മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് 2020 ഒക്ടോബറിലാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിൻ അഷ്റഫ്, സഹായികളായ കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്, ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരാണ് ഇപ്പോൾ റിമാൻഡിൽ ഉള്ളത്.  കേസിൽ നാലു പേരുടെ കൂടി അറസ്റ്റ് പൊലീസ് വൈകാതെ രേഖപ്പെടുത്തും.

ഒന്നര വർഷം ക്രൂര പീഡനം

നടന്ന സംഭവങ്ങളെ പറ്റി പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ. 2019 ലാണ് മൈസൂർ സ്വദേശി ഷാബാ ഷെരീഫിനെ പ്രതികൾ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്നശേഷം നിലമ്പൂരിൽ എത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്ക് ഉള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുക ആയിരുന്നു ലക്ഷ്യം. തുടർന്ന് മരുന്നിൻ്റെ രഹസ്യം തേടി പലവിധത്തിൽ പീഡിപ്പിച്ചു. വീട്ടിലെ ഒന്നാം നിലയിൽ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയിൽ ബന്ധിച്ച് തടവിൽ പാർപ്പിച്ചു. ഒന്നേക്കാൽ വർഷം ഷൈബിനും കൂട്ടാളികളും പുറംലോകമാറിയാതെ പീഡിപ്പിച്ച് വരികയായിരുന്നു.

Also Read- Murder | മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം അറിയണം;വൈദ്യനെ കൊന്ന് കഷണങ്ങളാക്കി പുഴയില്‍ തള്ളി, പ്രതികള്‍ പിടിയില്‍

2020 ഒക്ടോബർ മാസത്തിൽ ആണ് കൊലപാതകം നടന്നത്. ഷൈബിന്റെ നേതൃത്വത്തിൽ മർദ്ദിച്ചും മുഖത്തേക്ക് സാനിറ്റൈസർ ഒഴിച്ചും ഇരുമ്പു പൈപ്പു കൊണ്ട് കാലിൽ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടയിൽ ഷാബാ ഷെരീഫ് കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി മൂന്ന് വാഹനങ്ങളിലായി കൊണ്ടുപോയി എടവണ്ണ സീതി ഹാജി പാലത്തിന് മുകളിൽ നിന്നും ചാലിയാർപുഴയിൽ  തള്ളുകയായിരുന്നു എന്ന് എസ് പി പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുന്നിലെ ആത്മഹത്യാ ഭീഷണി വഴിത്തിരിവായി

തന്നെ ആക്രമിച്ച് ഏഴ് ലക്ഷം തട്ടിയെന്ന് കാട്ടി ഷൈബിൻ അഷ്റഫ്, നൗഷാദിനും ഷിഹാബുദീനുമെതിരെ  പരാതി നൽകിയതാണ് സംഭവത്തിൽ വഴിത്തിരിവായത്.  കഴിഞ്ഞ മാസം തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്തോടെ ആണ് ഇവർ പിടിയിലിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഷൈബിൻ മുഖ്യപ്രതിയായ  കൊലയുടെ വിശദാംശങ്ങൾ നൗഷാദ് പൊലീസിനോട് വെളിപ്പെടുത്തിയത്.  ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും ഇയാള് പോലീസിന് കൈമാറിയിട്ടുണ്ട്.

തൻ്റെ കയ്യിൽ നിന്നും നഷ്ടമായ ലാപ്ടോപ് തിരിച്ചു കിട്ടാൻ വേണ്ടിയാണ് അഷ്റഫ് നൗഷാദിനും മറ്റുള്ളവർക്കും എതിരെ പൊലീസിൽ പരാതി നൽകിയത്.  "ലാപ്ടോപ് നഷ്ടമായത് ആണ് ഷൈബിൻ അഷ്റഫിനെ ആശങ്കയിൽ ആക്കിയത്. ഇതിന് വേണ്ടിയാണ് അയാൾ പരാതി നൽകിയത്. നൗഷാദും മറ്റുള്ളവരും കൊലക്കേസിൽ പങ്കാളികൾ ആയത് കൊണ്ട് ഇക്കാര്യം പുറത്ത് പറയും എന്ന് ഷൈബിൻ കരുതിയില്ല. അതാണ്  തെറ്റിയതും കേസിൽ നിർണായകം ആയതും. "

ഷാബാ ഷെരീഫിനെ ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യവും പെൻഡ്രൈവിൽ നിന്നും കണ്ടെടുത്തു. ദൃശ്യത്തിൽ നിന്നും ബന്ധുക്കൾ ഷാബാ ഷെരീഫിനെ തിരിച്ചറിഞ്ഞു. കേസിൽ കൂടുതൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കഷണങ്ങളാക്കി പുഴയിൽ തള്ളിയിട്ട് ഇത്രയും കാലം കഴിഞ്ഞത് കൊണ്ട് ഇനി കണ്ടെത്തുക അതീവ ദുഷ്കരം ആണ്. സാഹചര്യ - ഡിജിറ്റൽ തെളിവുകൾ ആകും കേസിൽ നിർണായകം ആകുക. എസ് പി യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘമാകും തുടർ അന്വേഷണം നടത്തുക.
Published by:Rajesh V
First published: