'വെഞ്ഞാറമ്മൂട്ടിലേത് രാഷ്ട്രീയ കൊലപാതകമല്ല'; അടൂർ പ്രകാശിനെതിരായ അപവാദപ്രചരണം സിപിഎം അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല
- Published by:Anuraj GR
- news18-malayalam
Last Updated:
പതിറ്റാണ്ടുകള്‍ക്ക് ശേഷം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിന്ന് വിജയിച്ചതിന്‍റെ പേരില്‍ അദ്ദേഹത്തെ കുറ്റവാളിയാക്കി ചിത്രീകരിക്കാനുള്ള സി പിഎമ്മിന്റെ നീക്കത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റെക്കെട്ടായി നിന്ന് ചെറുക്കുമെന്നും പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രിമാരടക്കമുള്ളവര്‍ അടൂര്‍ പ്രകാശിനെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടൂര്‍ പ്രകാശിനെ ഒറ്റെപ്പെടുത്താന്‍ ആരു വിചാരിച്ചാലും നടക്കില്ലന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിന്ന് വിജയിച്ചതിന്‍റെ പേരില്‍ അദ്ദേഹത്തെ കുറ്റവാളിയാക്കി ചിത്രീകരിക്കാനുള്ള സി പിഎമ്മിന്റെ നീക്കത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റെക്കെട്ടായി നിന്ന് ചെറുക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
എം പി എന്ന നിലയില്‍ ആ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടയാളാണ് അടൂര്‍ പ്രകാശ്. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് വ്യവസായ മന്ത്രിയും, സഹകരണമന്ത്രിയും കൂടെ അടൂര്‍ പ്രകാശിനെതിരെ ചെളിവാരിയെറിയുകയാണ്. ഇത് അവസാനിപ്പിക്കണം. അടൂര്‍ പ്രകാശിനെക്കുറിച്ച് ആരോപണമുന്നയിക്കാന്‍ ഇ പി ജയരാജന്റെയും കടകംപള്ളി സുരേന്ദ്രന്റെയും കയ്യില്‍ എന്ത് തെളിവാണുള്ളത്. അടൂര്‍ പ്രകാശിനെപ്പോലെ കേരളം മുഴുവന്‍അംഗീകാരമുള്ള ഒരു നേതാവിനെ ഒറ്റ തിരഞ്ഞ് ആക്രമിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ശക്തമായി ചെറുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വെഞ്ഞാറമ്മൂട്ടിലേത് രാഷ്ട്രീയ കൊലപാതകമല്ല. ഈ സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെ എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. കായംകുളത്ത് നടന്ന കൊലുപാതകവും കോണ്‍ഗ്രസിന്റെ തലയില്‍ വച്ച് കെട്ടാന്‍ കോടിയേരി ബാലകൃഷ്ണന്‍ ശ്രമിച്ചു. അവസാനം പൊതുമരാമത്ത് മന്ത്രി തന്നെ പറഞ്ഞു അത് രാഷ്ട്രീയ കൊലപാതകമല്ലന്ന്. ഇതെല്ലാം ഗ്യാംഗുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ്. അതിനെ രാഷ്ട്രീയ കൊലപാതകങ്ങളാക്കി മാറ്റേണ്ടതും രക്തസാക്ഷികളെ ഉണ്ടാക്കേണ്ടതും ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്ന ഇടതു സര്‍ക്കാരിന്റെ ആവശ്യകതയായി വന്നിരിക്കുകയാണ്. പ്രതികള്‍ ഏത് പാര്‍ട്ടിക്കാരാണ് എന്ന് ജനങ്ങള്‍ മനസിലാക്കട്ടെ എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
advertisement
You may also like:Covid 19 Vaccines | കോവിഡ് വാക്സിനുകളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം [NEWS]Google Flood Prediction System | പ്രളയം മുൻകൂട്ടി അറിയിക്കാൻ ഗൂഗിൾ; പ്രളയ പ്രവചന സംവിധാനം ഇനി രാജ്യമെമ്പാടും [NEWS] Tata Nexon XM(S) | വെല്ലുവിളി നേരിടാൻ പുതിയ വേരിയന്‍റുമായി നെക്സോൺ; XM(S)-ൽ സൺറൂഫും ഓട്ടോമാറ്റിക് ഹെഡ് ലാംപും [NEWS]
സി ഐ ടി യുവിന്റെ മൂന്ന് ആളുകള്‍ പ്രതികളുടെ കൂട്ടത്തിലുണ്ടെന്ന് പറയുന്നുണ്ട്. അപ്പോള്‍ ഇതൊന്നും രാഷ്ട്രീയ കൊലപാതകമല്ലന്ന് വ്യക്തമാവുകയാണ്. ഗുണ്ടകളെ പോറ്റി വളര്‍ത്തുന്നതും സംരക്ഷിക്കുന്നതും കോണ്‍ഗ്രസ് രീതിയില്ല. ഇതിന്റെ പേരില്‍ കേരളം മുഴുവന്‍ സി പി എം അക്രമമഴിച്ചുവിടുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കോണ്‍ഗ്രസ് ഓഫീസുകളും, രക്താസക്ഷി സ്തൂപങ്ങളും വ്യാപകമായി തകര്‍ക്കപ്പെടുകയാണ്. ഇതിനെല്ലാം പൊലീസ് കൂട്ടുനില്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Location :
First Published :
September 02, 2020 5:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'വെഞ്ഞാറമ്മൂട്ടിലേത് രാഷ്ട്രീയ കൊലപാതകമല്ല'; അടൂർ പ്രകാശിനെതിരായ അപവാദപ്രചരണം സിപിഎം അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല