പാലക്കാട്: പാലക്കാട് ആര്‍എസ്എസ് (RSS) നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ (Sanjith Murder Case) മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. ആലത്തൂര്‍ സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡന്റായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. അഞ്ചു മാസമായി ഒളിവിലായിരുന്നു.
തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ എട്ട് പേരെ ഇനിയും പിടികൂടാനുണ്ട്
ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ രാഷ്ട്രീയ വിരോധം വച്ച്, നവംബര്‍ 15നു രാവിലെ ഒന്പതിനു കിണാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ 5 പേര് വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിയ്ക്കുമ്പോഴായിരുന്നു വാഹനം തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം ആസൂത്രണം ചെയ്തതും ഗൂഡാലോചന നടത്തിയതും ബാവയുടെ നേതൃത്വത്തിലാണെന്ന് പോലീസ് പറയുന്നു.
സഞ്ജിത് വധത്തെ തുടര്‍ന്നുള്ള പ്രതികാരമാണ് വിഷു ദിനത്തില്‍ പാലക്കാട് നടന്ന സുബൈര്‍ കൊലപാതകം. ഈ കേസില്‍ മൂന്ന് ആര് എസ് എസ് പ്രവര്‍ത്തകര്‍ (RSS)കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്പതായി. സുബൈര്‍ വധത്തില്‍ ഇന്നലെ ഗൂഢാലോചനയില്‍ പങ്കെടുത്ത വേനോലി സ്വദേശി ശ്രുബിന് ലാലിനെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
സുബൈര്‍ കേസില്‍ പിടിയിലായ ശ്രുബിന്‍ലാല്‍ ഗൂഡാലോചനയില്‍ പങ്കെടുക്കുകയും കൊലപാതകത്തിനായി സുഹൃത്ത് ശരവണനെ സംഘത്തില്‍ ചേര്‍ക്കുകയും ചെയ്തയാളാണ്. ഏപ്രില്‍ 15 നാണ് പാലക്കാട് എലപ്പുള്ളിയില്‍ സുബൈറിനെ വെട്ടിക്കൊന്നത്. വെള്ളിയാഴ്ച്ച ജുമുഅ നിസ്കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. കൈകളിലും കാലിലും തലയിലുമാണ് വെട്ടേറ്റത്.
സുബൈറിന്റെ കൊലപാതകത്തിനു പിന്നാലെ പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെയും വെട്ടിക്കൊന്നിരുന്നു. 24 മണിക്കൂറിനിടെയാണ് പാലക്കാട് ജില്ലയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.