വ്യാജ വിലാസത്തിൽ സൗദിയിലെത്തി ആത്മഹത്യ ചെയ്ത കോട്ടയം സ്വദേശി കൊലക്കേസ് പ്രതി
- Published by:Anuraj GR
- news18-malayalam
Last Updated:
തൊടുപുഴ സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു കടത്തിക്കൊണ്ടുവന്നു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സാദിഖ്...
കോട്ടയം: വ്യാജ മേൽവിലാസം നൽകി സൗദിഅറേബ്യയിലെത്തി ആത്മഹത്യ ചെയ്തയാൾ കൊലക്കേസ് പ്രതി. കോട്ടയം ആർപ്പൂക്കര പനമ്പാലം കദളിക്കാലായിൽ മുഹമ്മദ് സാദിഖ് എന്നയാളാണ് വ്യാജ വിലാസം നൽകി സൗദിയിലെത്തി പെയിന്‍റിങ് ജോലി ചെയ്തു വരുന്നതിനിടെ ആത്മഹത്യ ചെയ്തത്. കൊല്ലം അയത്തിൽ അഷ്റഫ് എന്ന പേരിലാണ് സാദിഖ് സൗദിയിൽ കഴിഞ്ഞിരുന്നതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
തൊടുപുഴ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു സാദിഖ്. കൊലക്കേസ് പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടർന്നാണ് വ്യാജ വിലാസത്തിൽ സൗദിയിലേക്ക് കടന്നത്. അവിടെ പെയിന്‍റിങ് ജോലി ചെയ്തുവരുന്നതിനിടെയാണ് താമസസ്ഥലത്തു ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷമാണ് മരിച്ചത് സാദിഖാണെന്ന് ഉറപ്പുവരുത്തിയത്. ഇതിനുശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തുടർന്ന് കബറകടക്കം നടത്തി.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയുടെ ചികിത്സ ആവശ്യങ്ങൾക്കായി വീട്ടിൽനിന്ന് ഇറങ്ങിയ തൊടുപുഴ കരിങ്കുന്നം തട്ടാരത്തട്ട വാഴേപ്പറമ്പിൽ സിജി(24)യെ 2014 ജൂലൈ 29നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചീയപ്പാറയിലാണ് മൃതദേഹം കണ്ടെത്തിയത്.
advertisement
ഏറെക്കാലമായി പ്രണയം നടിച്ച് രജിസ്റ്റർ വിവാഹം ചെയ്യാമെന്ന ഉറപ്പിൽ സിജിയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സിജിയുടെ കൈവശമുണ്ടായിരുന്ന 16 പവൻ സ്വർണാഭരണങ്ങളും 16000 രൂപയും തട്ടിയെടുത്തശേഷമാണ് കൊലനടത്തിയത്. സിജിയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം നേര്യമംഗലം വനത്തിന് സമീപത്തുള്ള ചീയപ്പാറയിൽ ഉപേക്ഷിക്കുകയായിരുന്നു. സാദിഖിനൊപ്പം മൂന്നു സുഹൃത്തുക്കളും കൊലപാതകത്തിൽ പങ്കാളികളായി.
സാദ്ദിഖ് ഉൾപ്പടെയുള്ളവർ പിന്നീട് പൊലീസിന്‍റെ പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി ഇയാൾ മുങ്ങുകയായിരുന്നു. എന്നാൽ മറ്റ് പ്രതികളെ വിചാരണ നടത്തി കോടതി ശിക്ഷിക്കുകയും ചെയ്തു. ഇതിനിടെ വ്യാജ വിലാസത്തിൽ രാജ്യം വിട്ട സാദിഖിനെ പൊലീസിന് കണ്ടെത്താനും സാധിച്ചില്ല.
advertisement
കൊല്ലം അയത്തിൽ സ്വദേശി അഷ്റഫ് സൗദിയിൽ ആത്മഹത്യ ചെയ്തതായുള്ള പത്രവാർത്തയാണ് സാദിഖിനെ കണ്ടെത്താൻ നിർണായകമായത്. വാർത്തയ്ക്കൊപ്പമുണ്ടായിരുന്നത് സാദിഖിന്‍റെ ഫോട്ടോയായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ ചെയ്തത് സാദിഖാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. കേസിലെ പ്രധാന പ്രതി മരിച്ച സാഹചര്യത്തിൽ ഇയാൾക്കെതിരായ കൊലപാതക കേസ് അവസാനിപ്പിച്ചുകൊണ്ട് പൊലീസ് കോടതിയിൽ ഉടൻ റിപ്പോർട്ട് നൽകും.
Location :
First Published :
October 17, 2020 8:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വ്യാജ വിലാസത്തിൽ സൗദിയിലെത്തി ആത്മഹത്യ ചെയ്ത കോട്ടയം സ്വദേശി കൊലക്കേസ് പ്രതി


