ഭക്ഷണം കഴിഞ്ഞെന്ന് ഹോട്ടലുടമ; വെടിയുതിർത്ത് പൊലീസ് കോൺസ്റ്റബിൾ
Last Updated:
ഹോട്ടലുടമയുടെ നേർക്കാണ് രണ്ടുതവണ വെടിയുതിർത്തതെങ്കിലും ലക്ഷ്യം തെറ്റുകയായിരുന്നു. ഇതേത്തുടർന്ന് ആളുകൾ ഓടിക്കൂടിയെങ്കിലും സന്ദീപ് ഓടിരക്ഷപ്പെടുകയായിരുന്നു
ഗാസിയാബാദ്: ഭക്ഷണം കഴിഞ്ഞെന്ന് ഹോട്ടലുടമ അറിയിച്ചതിനെത്തുടർന്ന് രോഷാകുലനായ പൊലീസ് കോൺസ്റ്റബിൾ വെടിയുതിർത്തു. വെള്ളിയാഴ്ച രാത്രിയോടെ ഗാസിയാബാദിലെ ഹർസൻ പൊലീസ് ലൈനിനടുത്തുള്ള ഒരു ധാബയിലായിരുന്നു സംഭവം. രാത്രിവൈകി ധാബയിലെത്തിയ പൊലീസ് കോൺസ്റ്റബിൾ സന്ദീപ് ബലിയാൻ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ ഭക്ഷണം കഴിഞ്ഞെന്ന് ഹോട്ടലുടമ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് രോഷാകുലനായ സന്ദീപ് ധാബയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ധാബ ജീവനക്കാർ പൊലീസിന് മൊഴി നൽകി. ഡിപ്പാർട്ട്മെന്‍റ് തല അന്വേഷണത്തിനൊടുവിൽ സന്ദീപിനെ സസ്പെൻഡ് ചെയ്തു.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ സന്ദീപ്, ഹാർസൺ പോലീസ് ലൈനിനടുത്തുള്ള ധാബയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടു. ആ ദിവസം തയ്യാറാക്കിയ ഭക്ഷണം തീർന്നുപോയതിനാൽ ധാബ ക്ലോസ് ചെയ്യുകയാണെന്ന് ഉടമ അറിയിച്ചു. പക്ഷേ ഭക്ഷണം നൽകണമെന്ന് സന്ദീപ് നിർബന്ധിച്ചു. ഇത് വാക്കേറ്റത്തിന് കാരണമായി. പെട്ടെന്ന് മറ്റൊരു പ്രകോപനവുമില്ലാതെ സന്ദീപ് രണ്ടുതവണ വെടിവെക്കുകയായിരുന്നു'- സർക്കിൾ ഓഫീസർ (സിറ്റി - 2) അതിഷ് കുമാർ സിംഗ് പറഞ്ഞു.
ഹോട്ടലുടമയുടെ നേർക്കാണ് രണ്ടുതവണ വെടിയുതിർത്തതെങ്കിലും ലക്ഷ്യം തെറ്റുകയായിരുന്നു. ഇതേത്തുടർന്ന് ആളുകൾ ഓടിക്കൂടിയെങ്കിലും സന്ദീപ് ഓടിരക്ഷപ്പെടുകയായിരുന്നു. സന്ദീപ് ഉതിർത്ത രണ്ടു വെടിയും ധാബയിലെ വൈദ്യുതിപാനൽ തകർത്തെങ്കിലും മറ്റ് നാശനഷ്ടമൊന്നും ഉണ്ടായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സന്ദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
advertisement
Location :
First Published :
September 22, 2019 12:55 PM IST