വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വധുവിന്റെ സഹോദരനെ മോഷ്ടാക്കൾ കൊന്നു; കല്യാണം നടത്തി പോലീസ്
- Published by:Sarika N
- news18-malayalam
Last Updated:
വിവാഹകാര്യങ്ങളുടെ മേല്‍നോട്ടം പൂർണമായും വഹിച്ചത് പോലീസ് ഉദ്യോഗസ്ഥരായിരുന്നു
ഉത്തർപ്രദേശ്: നിർധന കുടുംബത്തിന് താങ്ങായി ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥർ. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. കഴിഞ്ഞ ഏപ്രിൽ 24 നാണു യുവതിയുടെ വീട്ടിൽ മോഷ്ടാക്കൾ അതിക്രമിച്ച് കയറി പണം കവരുന്നതും ഇത് തടയാൻ ചെന്ന സഹോദരനെ കൊല്ലപ്പെടുത്തുന്നതും. ഈ അപ്രതീക്ഷിത സംഭവത്തെത്തുടർന്ന് ഏപ്രില്‍ 26 ന് നടക്കേണ്ടിയിരുന്ന യുവതിയുടെ വിവാഹം മുടങ്ങി. എന്നാല്‍ ഈ ദുരന്തത്തില്‍ കുടുംബത്തിന് താങ്ങും തണലുമായി പോലീസ് എത്തി. ഒടുവില്‍ അവരുടെ നേതൃത്വത്തില്‍ വിവാഹം നടന്നു.
സംഭവത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ, വിവാഹത്തിന് രണ്ട് ദിവസം മുൻപാണ് ഉദയ് കുമാരി എന്ന യുവതിയുടെ വീട്ടിൽ മോഷ്ടാക്കൾ അതിക്രമിച്ചു കയറി വിവാഹത്തിനായി സൂക്ഷിച്ച സ്വർണവും പണവും കവരുന്നത്. ഇത് തടയാൻ എത്തിയ യുവതിയുടെ സഹോദരൻ ശിവ്ദിന്‍ ഗുണ്ടകളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് വരന്‍റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് താത്കാലികമായി പിന്മാറുകയായിരുന്നു.
തുടർന്ന് ഗോണ്ട പോലീസ് സൂപ്രണ്ട് വിനീത് ജയ്സ്വാൾ വരന്‍റെ കുടുംബത്തെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി വിവാഹത്തിനായി പുതിയ തിയതിയും നിശ്ചയിക്കുകയും വിവാഹം നടത്തികൊടുക്കുകയുമായിരുന്നു. വിവാഹത്തിന്‍റെ പൂർണമായ ചെലവും അവർ വഹിച്ചു. വധുവിന് 1,51,000 രൂപയും സ്വർണാഭരണങ്ങളും വീട്ടുപകരണങ്ങളും നൽകി. വിവാഹകാര്യങ്ങളുടെ മേല്‍നോട്ടം പൂർണമായും വഹിച്ചത് പോലീസ് ഉദ്യോഗസ്ഥരായിരുന്നു.
advertisement
അതേസമയം, സഹോദരനെ കൊലപ്പെടുത്തി പണം കവർന്ന മോഷ്ടാക്കളുടെ നേതാവായ ഗ്യാൻ ചന്ദ് മെയ് 8 ന് ഇൻസ്പെക്ടർ അരുൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റു. സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതി മരിച്ചു. ഇയാളിൽ നിന്ന് അനധികൃതമായി നിർമ്മിച്ച 32 ബോർ പിസ്റ്റൾ, ഒരു റൈഫിൾ, 315 ബോർ, 12 ബോർ തോക്ക്, വലിയ അളവിൽ വെടിയുണ്ടകൾ എന്നിവ പോലീസ് കണ്ടെടുത്തു.
Location :
Uttar Pradesh
First Published :
June 08, 2025 11:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വധുവിന്റെ സഹോദരനെ മോഷ്ടാക്കൾ കൊന്നു; കല്യാണം നടത്തി പോലീസ്