പത്തനംതിട്ട:
പോപ്പുലർ ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ നടന്നത് ഗുരുതര സാമ്പത്തിക തട്ടിപ്പെന്ന് പൊലീസിന്റെ കണ്ടെത്തൽ. ഒരു കമ്പനിയുടെ പേരിൽ നിക്ഷേപം സ്വീകരിച്ച് 21 കമ്പനികളിലേക്ക് മാറ്റിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പോപ്പുലർ ഫിനാൻസ് പണയമായി സ്വീകരിക്കുന്ന സ്വർണം മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ വീണ്ടും ഉയർന്ന തുകയ്ക്ക് പണയം വച്ചും തട്ടിപ്പ് നടത്തിയിരുന്നു.
നിക്ഷേപം സ്വീകരിക്കുന്നതിൽ നിന്നും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ റിസർവ് ബാങ്ക് വിലക്കിയിരുന്നു. ഇതേത്തുടർന്ന് 2014ൽ
പോപ്പുലർ ഫിനാൻസിനെതിരെ കേരളത്തിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. നിക്ഷേപം സ്വീകരിച്ചതിനും വായ്പ നൽകിയതിനുമായിരുന്നു കേസ്. എന്നാൽ ഇതിനിെതിരെ ഹൈക്കോടതിയിൽ നിന്ന് ലഭിച്ച സ്റ്റേയിലാണ് സ്ഥാപനം മുന്നോട്ടു പോയത്. ഇതിനു പിന്നാലെ പോപ്പുലർ ഫിനാൻസിനെ കൂടാതെ വിവിധ കമ്പനികളും റജിസ്റ്റർ ചെയ്തു.
പോപ്പുലർ ഫിനാൻസ്, പോപ്പുലർ എക്സ്പോർട്സ്, പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ മിനി ഫിനാൻസ്, പോപ്പുലർ പ്രിന്റേഴ്സ് തുടങ്ങിയ പേരുകളിലായിരുന്നു പുതിയ കമ്പനികൾ. 200 പേരിൽ കൂടുതൽ നിക്ഷേപം സ്വീകരിക്കാൻ കഴിയാത്ത സ്ഥാപനത്തിന് 250 ശാഖകളിൽ ആയിരക്കണക്കിന് നിക്ഷേപകരും രണ്ടായിരത്തോളം കോടി രൂപ നിക്ഷേപവും ഉണ്ടെന്നു പൊലീസ് പറയുന്നു. ഓസ്ട്രേലിയ, ഗൾഫ് എന്നിവിടങ്ങളിൽ ഉടമകൾക്ക് നിക്ഷേപമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കീഴടങ്ങിയ
റോയി ഡാനിയലിന്റെ പക്കൽനിന്നും ഗൾഫിൽ നിക്ഷേപമുള്ളതിന്റെ രേഖകൾ കണ്ടെടുത്തിരുന്നു. ലോക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് ഉടമകൾ പറഞ്ഞിരുന്നത്. എന്നാൽ കൃത്യമായി ആസൂത്രണം ചെയ്ത തട്ടിപ്പാണെന്നാണ് പൊലീസ് കണ്ടെത്തൽ.
തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റോയ് ഡാനിയൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം തോമസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ), റിയ ആൻ തോമസ് (ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം) എന്നിവരെ റിമാൻഡ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കു ശേഷം തിരുവല്ല ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി – 2നു മുൻപിൽ വിഡിയോ കോൺഫറൻസിങ് വഴിയാണ് ഇവരെ ഹാജരാക്കിയത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികൾ നിക്ഷേപത്തുക വിദേശരാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടു പോയതിനെപ്പറ്റി പ്രത്യേക അന്വേഷണമുണ്ടാകും. റോയ് ഡാനിയലിന്റെ മറ്റൊരു മകളും കേസിലെ അഞ്ചാം പ്രതിയുമായ റീബയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.