വെട്ട്, കുത്ത്, തമ്മിൽ തല്ല്...; മലയാളികളുടെ തല്ലുമാലയ്ക്ക് ലോകകപ്പ് ഫൈനലും കാരണം
- Published by:Rajesh V
- news18-malayalam
Last Updated:
കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് വെട്ടും കുത്തും അടിയുമായി ഫാൻസുകാർ അഴിഞ്ഞാടിയത്. സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരിക്കേറ്റു
തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ മത്സരത്തിന് വിസില്‍ മുഴങ്ങിയതിനുശേഷം സംസ്ഥാനത്ത് നടന്നത് വ്യാപക അക്രമം. ഏതാണ്ട് എല്ലാ ജില്ലകളിലും വലുതും ചെറുതുമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. അർജന്റീന- ഫ്രാൻസ് ആരാധകർ തമ്മിൽ തല്ലിയത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് വെട്ടും കുത്തും അടിയുമായി ഫാൻസുകാർ അഴിഞ്ഞാടിയത്. സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരിക്കേറ്റു.
കണ്ണൂരിൽ മൂന്നുപേർക്ക് വെട്ടും കുത്തുമേറ്റു
പള്ളിയാൻ മൂലയിൽ ഫുട്‌ബോൾ വിജയാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടും കുത്തുമേറ്റു. അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് വെട്ടേറ്റത്. പള്ളിയാൻമൂലയിൽ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ആറ് പേരെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ലോകകപ്പ് മത്സരത്തിൽ ബ്രസീൽ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു.
advertisement
പൊലീസുകാർക്കും രക്ഷയില്ല
തലശ്ശേരിയിലുണ്ടായ സംഘർഷത്തിൽ എസ്ഐക്ക് പരിക്കേറ്റു. തലശ്ശേരി എസ്ഐ മനോജിനാണ് മർദനമേറ്റത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത പോലീസ് സംഘത്തിന് നേരെയാണ് കയ്യേറ്റം ഉണ്ടായത്. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയിൽ വാഹനം ഓടിച്ചതിനും രണ്ട് പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ രണ്ടു പേർ പിടിയിലായി സൽമാൻ, ഫസ്വാൻ എന്നിവരാണ് പടിയിലായത്.
കൊച്ചി കലൂരിൽ നടുറോഡിലാണ് പൊലീസുകാർക്ക് മർദനമേറ്റത്. സ്റ്റേഡിയം പരിസരത്ത് നിന്നിറങ്ങിയവരാണ് ആക്രമണം നടത്തിയത്. പൊലീസുകാരനെ കാലിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. വാഹനങ്ങൾ തടഞ്ഞ് ചോദ്യം ചെയ്‌തതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന.
advertisement
തിരുവനന്തപുരം പൊഴിയൂരിൽ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു. പൊഴിയൂർ ജംഗ്ഷനിൽ കളി കാണാൻ സ്ക്രീൻ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘർഷം. രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കൾ ഇവിടെ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കാൻ ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പൊഴിയൂർ സ്വദേശിയായ ജസ്റ്റിൻ എന്നയാളെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊഴിയൂർ എസ് ഐ സജിയെ ആണ് ജസ്റ്റിൻ മർദ്ദിച്ചത്. എസ്ഐയെ ചവിട്ടി തറയിൽ തള്ളുകയും തുടർന്ന് കൈയിൽ ചവിട്ടുകയും ചെയ്തു. തുടർന്ന് പൊലീസുകാർ ബലം പ്രയോഗിച്ച് അക്രമിയെ പിടികൂടി.
advertisement
കൊല്ലം കൊട്ടാരക്കരയിൽ DYFI- AIYF പ്രവർത്തകര്‍ ഏറ്റുമുട്ടി
ഫുട്ബാൾ ഫൈനലിനിടെ കൊട്ടാരക്കര പൂവറ്റൂരിൽ ഡിവൈഎഫ്ഐ – എഐവൈഎഫ് സംഘർഷത്തില്‍ മൂന്ന് പേർക്ക് പരിക്ക്. അർജന്റീന ഗോളടിച്ചപ്പോൾ കൊടി വീശിയതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലെത്തിച്ചത്.
ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ രാഹുൽ, എഐവൈഎഫ് പ്രവർത്തകരായ സുബിൻ, ഹരി എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കമ്പിവടികൊണ്ട് തലയ്ക്കടിക്കുകയും കാറുകൾ അടിച്ചു തകർക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ലാത്തിവീശിയാണ് സംഘർഷം ഒഴിവാക്കിയത്.
കൊല്ലം, ആലപ്പുഴ ജില്ലകളിൽ കഴിഞ്ഞ ദിവസവും ഇരുയുവജന സംഘടനകൾ രാഷ്ട്രീയ കാരണങ്ങളാൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഫുട്ബോളിന്റെ പേരിലും സംഘടനകൾ തമ്മിൽ തല്ലിയത്.
advertisement
ഡൽഹിയിലും സംഘർഷം
ഡൽഹി വിജയനഗറിൽ മലയാളി വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഫുട്ബോൾ വിജയാഘോഷത്തിലും സംഘർഷമുണ്ടായി. പൊലീസ് ലാത്തിവീശി. ഫൈനൽ മത്സരത്തിനുശേഷം പുറത്തിറങ്ങിയ ആൾക്കൂട്ടം പ്രദേശവാസികളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പ്രകടനം നടത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
Location :
First Published :
December 19, 2022 8:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വെട്ട്, കുത്ത്, തമ്മിൽ തല്ല്...; മലയാളികളുടെ തല്ലുമാലയ്ക്ക് ലോകകപ്പ് ഫൈനലും കാരണം