ഭര്‍ത്താവ് കൈക്കൂലി വാങ്ങി; ജയ്പൂര്‍ മേയർക്ക് സസ്‌പെന്‍ഷൻ

Last Updated:

തനിക്കും കുടുംബത്തിനുമെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതെന്ന് ഗുര്‍ജര്‍ ആരോപിച്ചു.

രാജസ്ഥാനിലെ ജയ്പൂര്‍ ഹെറിറ്റേജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറെ സസ്‌പെന്‍ഡ് ചെയ്തു. ഭര്‍ത്താവ് കൈക്കൂലി കേസില്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് മേയര്‍ മുനേഷ് ഗുര്‍ജറിനെ പുറത്താക്കിക്കൊണ്ട് അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ശനിയാഴ്ച രാത്രിയോടെയാണ് ഉത്തരവ് പുറത്തു വിട്ടത്.ഭൂരേഖ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുനേഷിന്റെ ഭര്‍ത്താവ് കൈക്കൂലി ആവശ്യപ്പെട്ടത്.
തനിക്കും കുടുംബത്തിനുമെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതെന്ന് ഗുര്‍ജര്‍ ആരോപിച്ചു.
മുനേഷ് ഗുര്‍ജറിന്റെ ഭര്‍ത്താവ് സുശീല്‍ ഗുര്‍ജര്‍ ഉള്‍പ്പടെ മൂന്ന് പേരെയാണ് കൈക്കൂലി കേസില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. നാരായണ്‍ സിംഗ്, അനില്‍ ദുബൈ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടു പേര്‍. വെള്ളിയാഴ്ച രാത്രിയോടെയാണ് മൂന്നൂപേരെയും അറസ്റ്റ് ചെയ്തത്. ഭൂമി പട്ടയം നല്‍കുന്നതിന് രണ്ട് ലക്ഷം രൂപ ഇവര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആരോപണം.
advertisement
തുടര്‍ന്ന് അന്വേഷണ സംഘം ഗുര്‍ജര്‍ ദമ്പതിമാരുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഏകദേശം 40 ലക്ഷം രൂപയും പട്ടയം സംബന്ധിച്ച ഫയലും ഇവരുടെ വീട്ടില്‍ നിന്നും സംഘത്തിന് ലഭിച്ചു. പ്രതികളിലൊരാളായ നാരായണ്‍ സിംഗിന്റെ വീട്ടില്‍ നിന്ന് 8 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മേയര്‍ പദവിയില്‍ നിന്ന് മുനേഷ് ഗുര്‍ജാറിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് എന്ന് തദ്ദേശസ്വയംഭരണ വിഭാഗം ഡയറക്ടര്‍ ഹൃദേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.
advertisement
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് മുനേഷിന്റെ വാദം. ഗൂഢാലോചന നടത്തിയവര്‍ ഇന്നല്ലെങ്കില്‍ നാളെ പിടിയിലാകുമെന്ന് അവര്‍ പറഞ്ഞു. നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും മുനേഷ് വ്യക്തമാക്കി. സംഭവത്തില്‍ പ്രതികരിച്ച് സംസ്ഥാന മന്ത്രി പ്രതാപ് സിംഗ് കച്ചരിയവാസും രംഗത്തെത്തിയിരുന്നു.
”രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. അഴിമതി ചെയ്യുന്നവര്‍ക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടിയെടുക്കും എന്ന മുന്നറിയിപ്പാണിത്,” എന്ന് അദ്ദേഹം പറഞ്ഞു.
” പാര്‍ട്ടി നേതാവിന്റെ പ്രതിഛായയെപ്പറ്റി ഇരുവരും ചിന്തിച്ചില്ല. ഇതിനെക്കാള്‍ വലിയ പാപമില്ല. കേസ് സംബന്ധിച്ച ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെക്കോര്‍ഡിംഗ് പരസ്യമാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇക്കൂട്ടര്‍ എങ്ങനെയാണ് അഴിമതി നടത്തിയത് എന്ന് ജനങ്ങള്‍ അറിയണം,” അദ്ദേഹം പറഞ്ഞു.
advertisement
ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഒരു മേയറെ നിയമിച്ചത്. അല്ലാതെ അവരെ കൊള്ളയടിക്കാനല്ല എന്നും മന്ത്രി പറഞ്ഞു.
‘അഴിമതിക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുക എന്ന തത്വത്തില്‍ വിശ്വസിക്കുന്ന സര്‍ക്കാരാണ് രാജസ്ഥാനിൽ ഇപ്പോള്‍ ഭരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് മേയറെ സസ്‌പെന്‍ഡ് ചെയ്തത്,’ ആദര്‍ശ് നഗര്‍ കോണ്‍ഗ്രസ് എംഎല്‍എ റഫീഖ് ഖാന്‍ പറഞ്ഞു.
അതേസമയം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പണമിടപാട് സംബന്ധിച്ച രേഖകള്‍ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച് മുന്‍ സംസ്ഥാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജേന്ദ്ര സിംഗ് ഗുധ രംഗത്തെത്തിയിരുന്നു. വിവാദമായ റെഡ് ഡയറിയിലെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പണമിടപാടുകള്‍ സംബന്ധിച്ച രേഖകളും ഡയറിയിലുണ്ടെന്നാണ് ഗുധയുടെ വാദം. 2020ല്‍ ആണ് ഡയറി തന്റെ കൈയ്യിലെത്തിയത് എന്ന് ഗുധ പറഞ്ഞു. അന്ന് കോണ്‍ഗ്രസ് നേതാവ് ധര്‍മ്മേന്ദ്ര റാത്തോഡിന്റെ വീട്ടില്‍ ആദായ നികുതി റെയ്ഡ് നടന്ന സമയത്ത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഡയറി കൈക്കലാക്കിയതെന്നും ഗുധ വെളിപ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭര്‍ത്താവ് കൈക്കൂലി വാങ്ങി; ജയ്പൂര്‍ മേയർക്ക് സസ്‌പെന്‍ഷൻ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement