പാലക്കാട് (Palakkad) എലപ്പുള്ളിയിൽ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ (47) വെട്ടിക്കൊന്നത് ജുമുഅ കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ മടങ്ങുംവഴി. രണ്ടു കാറുകളിലാണ് അജ്ഞാത സംഘം സുബൈറിനെ പിന്തുടർന്നത്. ആദ്യത്തെ കാർ ബൈക്ക് ഇടിച്ചുവീഴ്ത്തി. രണ്ടാമത്തെ കാറിൽനിന്നിറങ്ങിയ സംഘമാണ് വെട്ടിയത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കൊലപാതകം.
വെട്ടേറ്റ സുബൈറിനെ അതിവേഗം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആർഎസ്എസാണ് കൃത്യത്തിന് പിന്നിലെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. രാഷ്ട്രീയവിരോധമാണ് കൊലപാതകത്തിന് കാരണമെന്നും നേതാക്കൾ പറഞ്ഞു. ബൈക്കില്‍നിന്നു വീണ് പിതാവിന് പരിക്കു പറ്റിയിട്ടുണ്ട്. സുബൈറിന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പോപുലർ ഫ്രണ്ട് പാറ ഏരിയ പ്രസിഡന്റാണ് സുബൈർ. നാടുനീളെ കലാപം നടത്താൻ ആർഎസ്എസ് ശ്രമിക്കുകയാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ് ആരോപിച്ചു.
കഴിഞ്ഞ നവംബറില്‍ ആർഎസ്എസ് നേതാവ് സഞ്ജിത് കൊല്ലപ്പെട്ടത് എലപ്പുള്ളിയിലാണ്. ഇതുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം നിലവിലെ സംഭവങ്ങൾക്ക് ഉണ്ടോ എന്നതിൽ വ്യക്തതയില്ല.
പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ
കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണോയെന്ന് പരിശോധിച്ചു വരുന്നതായി പൊലീസ് വ്യക്തമാക്കി.
അതേസമയം, ബിജെപി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് ആരോപണങ്ങൾ നിഷേധിച്ചു. ആർഎസ്എസിനും ബിജെപിക്കും ഈ വിഷയത്തിൽ പങ്കില്ല. ഏതു കൊലപാതകമായാലും അപലപിക്കുകയാണ്. മുൻപാണ് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ടിട്ടുള്ളത്. അന്വേഷണം നല്ല രീതിയിൽ നടക്കുകയും ബന്ധപ്പെട്ടവരെ നിയമിത്തിന് മുന്നിലെത്തിക്കാനും കാലതാമസമുണ്ടാകുന്നു. അതിന് വേണ്ട ജാഗ്രത ഉണ്ടാകുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും കെ എം ഹരിദാസ് ന്യൂസ് 18നോട് പറഞ്ഞു.
ആര്‍എസ്എസ് ഭീകരതയില്‍ പ്രതിഷേധിക്കുക: പോപുലര്‍ ഫ്രണ്ട്
പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ ആര്‍എസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് പോകവെ കാറിലെത്തിയ ആര്‍എസ്എസ് അക്രമികള്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റാണ് സുബൈര്‍.
കൃത്യമായ ഗുഢാലോചനയിലൂടെ വളരെ ആസൂത്രിതമായാണ് ആര്‍എസ്എസ് കൊലപാതകം നടത്തിയിട്ടുള്ളത്. സംഭവത്തിന്റെ പിന്നിലുള്ള ഉന്നതതല ഗൂഡാലോചന പുറത്തു കൊണ്ടുവരണം. സംഘടനയുടെ പ്രാദേശിക നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമം.
പാലക്കാട് ജില്ലയില്‍ ഉള്‍പ്പടെ കേരളത്തിലുടനീളം അടുത്തിടെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മുസ്ലിം സമുദായത്തിന് നേരെ കൊലവിളി പ്രകടനങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ രാമനവമി ആഘോഷങ്ങളുടെ മറവിലും രാജ്യത്തുടനീളം വലിയതോതില്‍ മുസ്ലിംവിരുദ്ധത പ്രചരിപ്പിച്ച് വ്യാപക ആക്രമണങ്ങളാണ് ആര്‍എസ്എസ് നടത്തിയത്. ഇതിന് പിന്നാലെയാണ് പാലക്കാട് ജില്ലയില്‍ സുബൈറിനെ കൊലപ്പെടുത്തിയത്. ആര്‍എസ്എസ് ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.