അന്തേവാസികള്‍ക്ക് ലൈംഗിക പീഡനം; പുല്ലൂരാംപാറയിലെ വൃദ്ധസദനം പൂട്ടിച്ചു
Last Updated:
ആകാശപ്പറവകള്‍ എന്ന പേരിലുള്ള വൃദ്ധസദനമാണ് അടച്ചുപൂട്ടിയത്.
കോഴിക്കോട്: തിരുവമ്പാടി പുല്ലൂരാംപാറയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന വൃദ്ധസദനം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് അടച്ചു പൂട്ടി. ആകാശപ്പറവകള്‍ എന്ന പേരിലുള്ള സ്ഥാപനത്തിലെ അന്തേവാസികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. മാനസിക അസ്വാസ്ഥ്യമുള്ളവര്‍ ഉള്‍പ്പെടെ 41 അന്തേവാസികളെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്ഥാപനം നടത്തിയിരുന്ന കണ്ണൂര്‍ സ്വദേശി തങ്കച്ചനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും ജില്ലാ സബ് ജഡ്ജുമായ ഉണ്ണികൃഷ്ണന്‍, സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ ഷീബ മുംതാസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. നേരത്തെ നടന്ന പരിശോധനകളില്‍ മാനദന്ധങ്ങള്‍ പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും അന്തേവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് മാനസിക പ്രയാസങ്ങള്‍ നേരിടുന്ന സ്ത്രീകളെ താമസിപ്പിക്കുന്നതെന്നും പരിശോധനകളില്‍ കണ്ടെത്തിയിരുന്നു.
2014 ല്‍ വൃദ്ധ സദനം നടത്താന്‍ ലൈസന്‍സ് എടുത്തിരുന്നുവെങ്കിലും പിന്നീട് പുതുക്കിയിട്ടില്ല. മാത്രമല്ല മാനസിക വൈകല്യമുള്ളവരെ താമസിപ്പിക്കാനുള്ള ലൈസന്‍സോ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ലൈസന്‍സ് എടുക്കുന്നതിനും രണ്ട് തവണ സമയം അനുവദിച്ചെങ്കിലും സ്ഥാപനം നടത്തിയിരുന്ന കണ്ണൂര്‍ സ്വദേശിയായ തങ്കച്ചന്‍ ഇതിന്ന് തയ്യാറായില്ല. ഇതിന്നിടെ കഴിഞ്ഞ ദിവസം വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം നടത്തിയ പരിശോധനയില്‍ പലര്‍ക്കും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും കൃത്യമായി മരുന്ന് കൊടുക്കുന്നില്ലെന്നും കണ്ടെത്തി. രണ്ടിലേറെ അന്തേവാസികള്‍ ലൈംഗിക പീഡനം സംബന്ധിച്ച് പരാതിപ്പെടുകയും ചെയ്തു. ഇതുകൂടി പരിഗണിച്ചാണ് സ്ഥാപനം അടച്ചുപൂട്ടുന്നതെന്നും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും ജില്ലാ സബ് ജഡ്ജുമായ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
advertisement
അതേസമയം ലൈസന്‍സ് പുതുക്കാന്‍ വൈകിയത് മാത്രമാണ് കുറ്റമെന്നും മതിയാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നുമാണ് സ്ഥാപനം നടത്തിയിരുന്ന തങ്കച്ചന്റെ പ്രതികരണം.
സ്ഥാപത്തിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ള 41 പേരെയും ജില്ലയിലെ ആറ് വൃദ്ധ സദനങ്ങളിലേക്ക് മാറ്റി. ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന്റെ പരാതിയില്‍ സ്ഥാപനം നടത്തിയിരുന്ന തങ്കച്ചനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. ഐ പി സി 370, 354 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ ബുധനാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.
advertisement
Location :
First Published :
August 28, 2019 7:24 AM IST

