കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ജീവനൊടുക്കിയ ആദിവാസി യുവാവിനെതിരെ ആൾക്കൂട്ട മർദ്ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പൊലീസ്. മൃതദേഹ പരിശോധനയില്‍ കഴുത്തിൽ കയറ് കുരുങ്ങിയ പാടുകളാണ് കണ്ടത്. യുവാവിന് മേൽ മോഷണ കുറ്റം ആരോപിച്ചെങ്കിലും പരാതിക്കാർ ഇല്ലെന്ന് മെഡിക്കൽ കോളേജ് എസിപി കെ. സുദർശനൻ വിശദമാക്കി.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ, ഭാര്യക്കൊപ്പമെത്തിയ ആദിവാസി യുവാവ് ഇന്നലെയാണ് തൂങ്ങി മരിച്ചത്. എന്നാല്‍ ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതാണ് വിശ്വനാഥൻ ജീവനൊടുക്കാൻ കാരണമെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. 15 മീറ്റർ ഉയരമുള്ള മരത്തിൽ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
പണവും മൊബൈൽ ഫോണും അടക്കം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തതായും ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയിൽ നിന്ന് കാണാതെ ആയതെന്നും വിശ്വനാഥന്റെ ഭാര്യ മാതാവ് ലീല പ്രതികരിച്ചിരുന്നു.
എന്നാൽ വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷമാണ് വിശ്വനാഥന് കുഞ്ഞുണ്ടായതെന്നും കുഞ്ഞിനെ കണ്ട സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വിശ്വനാഥന്റെ സഹോദരൻ പറഞ്ഞു. ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണമുണ്ട്. സഹോദരനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്നും രാഘവൻ ആരോപിച്ചു. മോഷണം നടത്തുന്നയാളല്ല വിശ്വനാഥനെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.