തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജു (Antony Raju) പ്രതിയായ തൊണ്ടി മുതല്‍ മോഷണക്കേസിന് മൂന്ന് പതിറ്റാണ്ട്. 1994ലാണ് മയക്കുമരുന്ന കേസിലെ പ്രതിയായ വിദേശിയെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസില്‍ ആന്റണി രാജുവിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുക്കുന്നത്. ഓഗസ്റ്റ് 4ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വീണ്ടും കേസ് പരിഗണിക്കാനിരിക്കെ, മന്ത്രിക്കെതിരായ ചില രേഖകൾ പുറത്തുവന്നു.
തിരുവനന്തപുരം കോടതിയിലെ തൊണ്ടി ക്ലര്‍ക്കായ ജോസും അഭിഭാഷകനായ ആന്റണി രാജുവും ചേര്‍ന്നാണ് 28 വർഷം മുൻപ് തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. കേസിന്റെ ഇരുപതാം വർഷത്തിലാണ്, കൃത്യമായി പറഞ്ഞാൽ 2014 ഏപ്രിൽ 30നാണ് വിചാരണക്കുള്ള നടപടി തുടങ്ങുന്നത്. അന്നുമുതൽ ആന്റണി രാജു അടക്കം പ്രതികൾക്ക് കോടതി സമൻസ് അയച്ചുകൊണ്ടേയിരിക്കുകയാണെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായില്ല.
നെടുമങ്ങാട് ജെഎഫ്എംസി ഒന്നാം നമ്പർ കോടതിയിലെ കേസിന്റെ നാൾവഴി ഇങ്ങനെ
1990 ഏപ്രില്‍ നാലിനാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. അന്ന് ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്നു. തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് ആൻഡ്രൂവിന്റെ വക്കാലത്തെടുത്ത് രാജു നടത്തിയ കേസ് തോറ്റു. 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ വി ശങ്കരനാരായണൻ ഉത്തരവായി. എന്നാൽ തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്ത് പ്രഗൽഭ അഭിഭാഷകനായിരുന്ന കുഞ്ഞിരാമ മേനോനെ ഇറക്കി. അത് ഫലംകണ്ടു. പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി വിധിയായി. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു. കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. മെറ്റിരീയൽ ഒബ്ജക്ട്, അഥവാ MO 2 ജട്ടി എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തു പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കിയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
ഇതോടെ കേസിൽ കൃത്രിമം നടന്നുവെന്ന പരാതിയുമായി അന്വേഷണ ഉദ്യോസ്ഥൻ സി ഐ കെ കെ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് മുന്നിലെത്തി. മൂന്നുവർഷത്തെ പരിശോധനക്ക് ഒടുവിൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു. 1994ൽ ഇങ്ങനെ തുടങ്ങിയ കേസ് 2002ൽ എത്തിയപ്പോൾ തെളിവില്ലെന്ന് കോടതിക്ക് റിപ്പോർട്ട് നൽകി അവസാനിപ്പിക്കാൻ പൊലീസ് തന്നെ ശ്രമം നടത്തി. എന്നാൽ 2005 ൽ കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐ ജിയായിരുന്ന ടി പി സെൻകുമാർ നൽകിയ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് കമ്മീഷണർ വക്കം പ്രഭ നടപടി തുടങ്ങി. ഇതോടെയാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ എസ് ജോസ്, ആന്റണി രാജു എന്നിവർ ആദ്യമായി ചിത്രത്തിലേക്ക് വരുന്നത്. ഇവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി 2006 ഫെബ്രുവരി13ന് കോടതിക്ക് റിപ്പോർട്ട് നൽകി.
വഞ്ചിയൂരിൽ നിന്ന് നെടുമങ്ങാട്ടേക്ക്
2006ലാണ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാല്‍ സ്വാധീനമുപയോഗിച്ച് കേസ് 2014ല്‍ നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലേക്ക് മാറ്റി. അന്നുമുതല്‍ 22 തവണ കേസ് പരിഗണിച്ചെങ്കിലും പ്രതികള്‍ ഹാജരാകുകയോ കുറ്റപ്പത്രം വായിച്ചു കേള്‍പ്പിക്കുകയോ ചെയ്തില്ല. കോടതിയില്‍ സൂക്ഷിച്ചിരുന്ന വിദേശിയുടെ അടിവസ്ത്രം ക്ലര്‍ക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണിരാജു അത് വെട്ടിചെറുതാക്കിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ആന്റണി രാജുവിനെതിരായ നിര്‍ണായക രേഖ പുറത്തു വരുന്നത്.
ഗൂഢാലോചന, രേഖകളില്‍ കൃത്രിമം , വഞ്ചന, രേഖകളില്‍ കൃത്രിമം കാണിക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. ഇതിനിടെ കേസില്‍ ജാമ്യമെടുത്ത ആന്റണിരാജു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയുമായി. മയക്കുമരുന്നു കേസിലെ പ്രതിയെ സഹായിച്ചുവെന്ന ഗുരുതര കുറ്റകൃത്യത്തില്‍ പ്രോസിക്യൂഷനും മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്. സാധാരണ പെറ്റിക്കേസാണെങ്കില്‍ പോലും മൂന്നു തവണയ്ക്ക് അപ്പുറം കോടതിയില്‍ ഹാജരായില്ലെങ്കില്‍ നടപടി വരുമ്പോഴാണ് മന്ത്രി പ്രതിയായ കേസില്‍ 22 തവണ ഹാജരാകാതെയിരുന്നിട്ടും ഒരു നടപടിയും ഇല്ലാത്തത് എന്നതാണ് ശ്രദ്ധേയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Antony Raju, Drug Case, Kerala police, Minister Antony Raju