കൊച്ചിയില്‍ അഞ്ചുതരം ലഹരിമരുന്നുമായി ഗര്‍ഭിണിയടക്കം മൂന്ന് പേര് പിടിയില്‍. എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ആലുവ സ്വദേശികളായ സനൂപ്, നൗഫല്‍, അപര്‍ണ, എന്നിവരാണ് കസ്റ്റഡിയിലായത് . രണ്ടാഴ്ചയായി ഇടപ്പള്ളി ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് ഇവര്‍ മുറിയെടുത്തതിരുന്നത്.
ഗര്‍ഭിണിയായ യുവതിയുടെ ചികിത്സാ ആവശ്യത്തിനും മറ്റുമായാണ് മുറിയെടുക്കുന്നതെന്നായിരുന്നു ഹോട്ടല്‍ ഉടമയെ അറിയിച്ചത്. ഡിസിപിയുടെ നിര്‍ദേശമനുസരിച്ച് കൊച്ചി സിറ്റിയിലെ ഹോട്ടലുകളിലും ഓയോ റൂമുകളിലും നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
ഇന്നലെ പരിശോധനയില്‍ സംശയം തോന്നിയ ചേരാനെല്ലൂര്‍ എസ്ഐ ഇന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് മൂന്ന് പേരും അറസ്റ്റിലായത്. പിടിയിലായ അപര്‍ണ ആറ് മാസം ഗര്‍ഭിണിയാണ്. നൗഫല്‍ യൂബര്‍ ടാക്സി ഡ്രൈവറാണ്. ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു.
ആശുപത്രിയ്ക്ക് സമീപത്തെ ഹോട്ടലില്‍ പരിശോധനയുണ്ടാകില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇവിടെ മുറിയെടുത്തുതെന്നും അപര്‍ണയ്ക്കും സനൂപിനും എതിരെ നേരത്തെയും കേസുകള്‍ ഉള്ളതായും പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.