തൃശൂർ: ആലില പറിക്കണമെന്നാവശ്യപ്പെട്ട് അതിഥിത്തൊഴിലാളികളെ ആലിന്‌റെ മുകളിൽ കയറ്റിയ ശേഷം തൊഴിലാളികളുടെ പണവും മൊബൈൽ ഫോണുകളുമായി യുവാവ് കടന്നു കളഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ക്ഷേത്രത്തിലെ ആവശ്യങ്ങൾക്ക് ആലില വേണമെന്നാവശ്യപ്പെട്ടാണ് രണ്ടു തൊഴിലാളികളെ ഒരാൾ സമീപിച്ചത്.
ക്ഷേത്രത്തിലേക്കായതിനാൽ ശുദ്ധി വേണമെന്ന് പറഞ്ഞ് ഇവരെ വസ്ത്രങ്ങൾ അഴിപ്പിച്ച് തോർത്ത് മാത്രം ഉടുപ്പിച്ചാണ് ആലിന് മുകളിൽ കയറ്റിയത്. ആലിന് മുകളിൽകയറിയവർ ഇലകൾ താഴേക്ക് പറിച്ചിടാൻ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും ആലില പറിച്ചതു മതിയോ എന്നറിയാൻ താഴേക്ക് നോക്കിയപ്പോൾ ഇവരെ ആലിന് മുകളിൽ കയറ്റിയയാളെ കാണാനില്ലായിരുന്നു.
Also Read-കാസർഗോഡ് കാറിൽ കഞ്ചാവ് കടത്തിയ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
ഇതോടെ ഒരാൾ താഴെയിറങ്ങി പരിശോധിച്ചപ്പോഴാണ് അഴിച്ചുവെച്ച വസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. 5000 രൂപയും രണ്ടു മൊബൈൽ ഫോണുമാണ് നഷ്ടമായത്. പിന്നാലെ കൈയിലുണ്ടായിരുന്ന 80 രൂപയുമായി തൊഴിലാളികള്‍ ഓട്ടോ വിളിച്ച് വലപ്പാട് പോലീസ് സ്‌റ്റേഷനിലെത്തി പരാതി അറിയിക്കുകയായിരുന്നു.
Also Read-പുതുവത്സരാഘോഷത്തിന്റെ കടംവീട്ടാന്‍ റബ്ബര്‍ഷീറ്റും ഒട്ടുപാലും മോഷ്ടിച്ച നാലുപേര്‍ അറസ്റ്റിൽ
ഇല പറിക്കാന്‍ കൊണ്ടുപോയ യുവാവ് നല്‍കിയ ഫോണ്‍ നമ്പറില്‍ പോലീസ് വിളിച്ചെങ്കിലും ഇയാള്‍ കോള്‍ കട്ട് ചെയ്യുകയായിരുന്നു. ട്രൂകോളറില്‍ നമ്പര്‍ പരിശോധിച്ചപ്പോൾ വിനോദ് ജാർഖണ്ഡ് എന്നാണ് സൂചിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.