കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സും എന്‍ഫോഴ്സ്മെന്റും നടത്തുന്ന അന്വേഷണങ്ങള്‍ തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിജിലന്‍സ് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനത്തിന്റെ രണ്ടു അക്കൌണ്ടുകള്‍ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
പാലാരിവട്ടം പാലം അഴിമതിയില്‍ നിന്ന് ലഭിച്ച പണമാണ് ഇത്തരത്തിൽ മാധ്യമ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അന്വേഷണം ആരംഭിച്ചത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ തന്നെ സ്വാധീനിക്കാന്‍ ഇബ്രാഹിം കുഞ്ഞ് ശ്രമിച്ചെന്നും ഹര്ജിക്കാരന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ വി.കെ ഇബ്രാഹിം കുഞ്ഞിനും ചന്ദ്രിക ദിനപത്രം ഡയറക്ടര്‍ സമീറിനും എതിരെയാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം. ഇബ്രാഹിം കുഞ്ഞിന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടന്നും എല്‍ഫോഴ്സ്മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
പരാതിക്കാരാനായ ഗിരീഷ് ബാബുവിനെക്കൊണ്ട് പരാതി പിന്‍വലിക്കുന്നതിന് കരാറുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിനേറെയും മകന്റേയും മൊഴികളും കോടതിക്ക് കൈമാറിയിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.