പുനർവിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട വ്യക്തിയില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
- Published by:Arun krishna
- news18-malayalam
Last Updated:
സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അജിത്തിനെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം അമ്മയുടെ ചികിത്സയ്ക്കെന്നു പറഞ്ഞ് പലതവണയായി 4,15,500 രൂപ ഇവര്‍ തട്ടിയെടുത്തു
പുനർവിവാഹപ്പരസ്യം നൽകിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട ശേഷം ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് പുത്തൻതുറ വീട്ടിൽ വിജയന്റെ മകൾ വി.ആര്യ (36) ആണ് അറസ്റ്റിലായത്. പത്തനംതിട്ട കോയിപ്രം പോലീസാണ് ആര്യയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രണ്ട് വര്‍ഷം മുന്‍പ് മേയില്‍ കോയിപ്രം കടപ്ര സ്വദേശി അജിത് നൽകിയ പുനർവിവാഹ പരസ്യം കണ്ട് ആര്യ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അജിത്തിനെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം അമ്മയുടെ ചികിത്സയ്ക്കെന്നു പറഞ്ഞ് ഡിസംബർ വരെ പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ ആര്യ തട്ടിയെടുത്തു എന്നാണ് കേസ്. കറ്റാനം സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. കൂടാതെ രണ്ടു പുതിയ മൊബൈൽ ഫോണും കൈക്കലാക്കി.
advertisement
താന്‍ കമ്പളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ അജിത്, 2022 ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്പിക്കു പരാതി നൽകി. കോയിപ്രം എസ്ഐ രാകേഷ് കുമാർ, പരാതി പ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം നടത്തി. മൊബൈൽ ഫോണുകളുടെ വിളികൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം ശേഖരിച്ചു. പണമിടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു. പ്രതി ആവശ്യപ്പെട്ടതനുസരിച്ച് മൊബൈൽ ഫോൺ വാങ്ങിയ തിരുവല്ലയിലെ മൊബൈൽ കടയിലും, ഫോൺ വിൽക്കാൻ ഏൽപ്പിച്ച കായംകുളത്തെ ബേക്കറി ഉടമയെ കണ്ടും അന്വേഷണം നടത്തി.
advertisement
തുടർന്ന് നടന്ന അന്വേഷണത്തിൽ ആര്യയ്ക്കു സഹോദരിയില്ലെന്നും ഇല്ലാത്ത സഹോദരിയുടെ പേരുപറഞ്ഞ് പുനര്‍ വിവാഹത്തിന് താൽപര്യമുണ്ടെന്ന് അറിയിച്ച് യുവാവിനെ കബളിപ്പിക്കുകയായിരുന്നെന്നും തെളിഞ്ഞു. പിന്നീട്, യുവതിയുടെ ഫോൺ ലൊക്കേഷൻ അന്വേഷിച്ചുകൊണ്ടിരുന്ന പോലീസ് സംഘത്തിന്, പാലക്കാട് കിഴക്കൻചേരിയിൽ ഉണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.
വിശദമായ ചോദ്യം ചെയ്യലിൽ ആര്യ കുറ്റം സമ്മതിച്ചു. പ്രതിയില്‍ നിന്നും പിടിച്ചെടുത്ത ഫോൺ യുവാവിനെ കബളിപ്പിച്ച് സ്വന്തമാക്കിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സമാന രീതിയിലുള്ള കുറ്റകൃത്യം പ്രതി നടത്തിയിട്ടുണ്ടോ എന്നതും, പണത്തിന്റെ ക്രയവിക്രയം സംബന്ധിച്ചും, കൂടുതൽ പ്രതികളുണ്ടോ എന്നതിനെപ്പറ്റിയും വിശദമായ അന്വേഷണം നടക്കുകയാണ്.
Location :
First Published :
September 26, 2022 7:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുനർവിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട വ്യക്തിയില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ


