തിരുവനന്തപുരത്ത് സ്ത്രീയെ വെടിവെച്ചത് കുറിയർ നൽകാനെന്ന പേരിലെത്തിയ സ്ത്രീ
- Published by:Sarika N
- news18-malayalam
Last Updated:
അക്രമി ഷൈനിയെ തന്നെ കാണണമെന്ന് നിര്‍ബന്ധം പിടിച്ചുവെന്നാണ് വീട്ടുകാരുടെ മൊഴി
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ എയർഗണ്‍ ഉപയോഗിച്ചുള്ള വെടിവെപ്പില്‍ യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.അക്രമി ഷൈനിയെ തന്നെ കാണണമെന്ന് നിര്‍ബന്ധം പിടിച്ചുവെന്നാണ് വീട്ടുകാരുടെ മൊഴി. രണ്ട് തവണ വെടിവച്ചു. എന്താണ് വെടിവെക്കാൻ ഉപയോഗിച്ച ഡിവൈസ് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എയര്‍ഗണ്‍ ആയിരിക്കാനാണ് സാധ്യത. ഷൈനിയുടെ കൈക്ക് ആണ് വെടിയേറ്റത്. വീട്ടുകാർ പറഞ്ഞത് അനുസരിച്ച് ശരീരം മുഴുവൻ മറച്ചാണ് അക്രമി എത്തിയത്. പ്രാഥമിക മൊഴിയില്‍ നിന്ന് അക്രമം നടത്തിയത് സ്ത്രീയാണെന്നാണ് കരുതുന്നത്. അന്വേഷണത്തിന് ശേഷം മാത്രമെ എന്തെങ്കിലും പറയാനാകുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
അതേസമയം അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിന്‍റെ ഞെട്ടലിലാണ് വീട്ടുകാരും നാട്ടുകാരും. ഷൈനിയെ ചോദിച്ചാണ് അക്രമി വന്നതെന്ന് ഷൈനിയുടെ ഭര്‍ത്താവിന്‍റെ അച്ഛൻ പറഞ്ഞു.രാവിലെ എട്ടരയോടെയാണ് വീട്ടിലെത്തി ബെല്ലടിച്ചത്. ഷൈനി തന്നെ കൊറിയര്‍ ഏറ്റുവാങ്ങി ഒപ്പിടണമെന്ന് നിർബന്ധിച്ചു. പെൻ ഇല്ലെന്നും അവര്‍ പറഞ്ഞു. താൻ അകത്ത് പോയി പെൻ എടുത്ത് വരുന്നതിനിടെയാണ് ഷൈനിക്കുനേരെ അക്രമം ഉണ്ടായത്. ഒരു തവണ കയ്യിലും രണ്ട് തവണ തറയിലും വെടിയുതിർത്തു. സ്ത്രീ തന്നെയാണ് വന്നത്. ഒത്ത ശരീരമുള്ള സ്ത്രീയാണെന്നാണ് കാഴ്ചയില്‍ തോന്നിയതെന്നും ഷൈനിയുടെ ഭര്‍ത്താവിന്‍റെ അച്ഛൻ പറഞ്ഞു.
advertisement
തിരുവനന്തപുരം വഞ്ചിയൂർ ചെമ്പകശ്ശേരി സ്വദേശി ഷൈനിയെയാണ് ഇന്ന് രാവിലെ മുഖംമറച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷൈനി പൊലീസിനോട് പറഞ്ഞു.എൻആര്‍എച്ച്‌എം ജീവനക്കാരിയായ ഷൈനിക്ക് വലുതു കൈക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഞ്ചിയൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ ഷൈനിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. ആമസോണില്‍ നിന്നുള്ള കൊറിയർ നല്‍കാന്നെ പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷൈനിയുടെ ഭര്‍തൃപിതാവ് പാഴ്സല്‍ വാങ്ങാൻ ശ്രമിച്ചെങ്കിലും അക്രമി പാര്‍സല്‍ നല്‍കിയില്ല. ഷൈനി ഇറങ്ങി വന്നപ്പോള്‍ കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 28, 2024 1:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് സ്ത്രീയെ വെടിവെച്ചത് കുറിയർ നൽകാനെന്ന പേരിലെത്തിയ സ്ത്രീ