ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ വിചിത്രവാദവുമായി പ്രതി ശങ്കര്‍ മിശ്ര. യാത്രക്കാരി സ്വയം സീറ്റില്‍ മൂത്രമൊഴിച്ചതാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ നല്കിയ വിശദീകരണം.
ഇക്കഴിഞ്ഞ നവംബറിലാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യവെ സഹയാത്രക്കാരിയുടെ മേല്‍ ശങ്കര്‍ മിശ്ര മൂത്രമൊഴിച്ചത്. 2023 ജനുവരിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സംഭവം വിവാദമായതോടെ വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതി.
എന്താണ് മിശ്രയുടെ അഭിഭാഷകരുടെ വിശദീകരണം
1. ജനുവരി 6ന് പ്രതി നല്കിയ വിശദീകരണം അനുസരിച്ച് പരാതിക്കാരിയുമായി സംഭവത്തെപ്പറ്റി സംസാരിച്ചുവെന്നും നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചെന്നുമാണ്. ഇരുവരും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശത്തിലൂടെ ഇക്കാര്യം പറഞ്ഞ് ഒത്തുതീര്‍പ്പാക്കിയെന്നാണ് പറയുന്നത്.
2. വിമാനത്തില്‍ വെച്ച് അമിതമായി പ്രതി മദ്യപിച്ചിരുന്നുവെന്നും എന്നാല്‍ ലൈംഗീക ചുവയോടെ അല്ല പ്രതി പരാതിക്കാരിയായ സ്ത്രീയെ സമീപിച്ചതെന്നുമാണ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പ്രതിയുടെ അഭിഭാഷകനായ മനു ശര്‍മ്മ കോടതിയില്‍ കൊടുത്ത വിശദീകരണം.
3. എന്നാല്‍ വെള്ളിയാഴ്ച കോടതിയില്‍ മറ്റൊരു വിചിത്ര വിശദീകരണമാണ് പ്രതിയുടെ അഭിഭാഷകര്‍ നല്‍കിയത്. പരാതിക്കാരി സ്വയം തന്റെ സീറ്റീല്‍ മൂത്രമൊഴിച്ചതാണെന്നും അവര്‍ക്ക് മൂത്രാശയ രോഗങ്ങള്‍ ഉണ്ടെന്നുമാണ് അഭിഭാഷകര്‍ പറഞ്ഞത്. അവര്‍ ഒരു കഥക് നര്‍ത്തകിയാണ്. ചില നര്‍ത്തകര്‍ക്ക് മൂത്രാശയ രോഗങ്ങള്‍ ഉണ്ട് എന്നിങ്ങനെയുള്ള വാദമാണ് പ്രതി കോടതിയില്‍ നിരത്തിയത്. താന്‍ യാത്ര ചെയ്തത് ബിസിനസ് ക്ലാസ്സിലാണെന്നും അതില്‍ അടച്ച സീറ്റുകളിലായതിനാല്‍ യാത്രക്കാരിയുടെ അടുത്തേക്ക് പോയി മൂത്രമൊഴിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും പ്രതി വാദിച്ചു.
4. സംഭവം കണ്ട ഒരു സാക്ഷി പോലുമില്ലെന്നാണ് മറ്റൊരു വാദം. പരാതിക്കാരിയുടെ സീറ്റിനടുത്ത് തന്നെ മറ്റൊരു സ്ത്രീയും ഇരിക്കുന്നുണ്ടായിരുന്നുവെന്നും എന്നിട്ടും അവര്‍ ഇത് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നുമാണ് അഭിഭാഷകര്‍ പറഞ്ഞത്.
5. കേസിനെ ഒരു തമാശയായാണ് പത്രങ്ങള്‍ ചിത്രീകരിച്ചതെന്നും തന്റെ കക്ഷിയ്ക്ക് ജോലി വരെ നഷ്ടമായെന്നും പ്രതിയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
കേസിനെതിരെ എതിര്‍പ്പുയരുന്നു
അതേസമയം പ്രതിയുടെ വിചിത്രവാദങ്ങള്‍ക്കെതിരെ കടുത്ത എതിര്‍പ്പ് ഉയരുകയാണ്. കഥക് നര്‍ത്തകര്‍ക്കെല്ലാം മൂത്രാശയ രോഗങ്ങള്‍ ഉണ്ടെന്നുള്ള വാദം കലാകരാന്മാര്ക്കിടയിലും എതിര്‍പ്പുകള്‍ ഉടലെടുക്കാന്‍ കാരണമായിട്ടുണ്ട്. വിശ്വാസയോഗ്യമല്ലാത്ത വാദങ്ങളാണ് പ്രതി നിരത്തുന്നത് എന്നാണ് കഥക് നര്‍ത്തകര്‍ പറയുന്നത്.
”കഴിഞ്ഞ മുപ്പത് വര്‍ഷമായി കഥക് കളിക്കുന്ന ആളാണ് ഞാന്‍. പെല്‍വിക് ഭാഗത്തെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കഥകിലാണ്. നിരന്തരമായ പരിശീലനത്തിലൂടെ ശരീരത്തിന്റെ അരക്കെട്ടിന്റെ ആരോഗ്യം കൂടുതല്‍ ദൃഢമാകുകയാണ് ചെയ്യുന്നത്”, കഥക് നര്‍ത്തകി മനീഷ ഗുല്യാനി പറഞ്ഞു.
ശങ്കര്‍ മിശ്രയ്ക്കെതിരെ പ്രതിഷേധം
ശങ്കര്‍ മിശ്രയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ശിവ സേന എംപി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തിയിരുന്നു. വേണ്ട രീതിയില്‍ സംഭവത്തെ കൈകാര്യം ചെയ്യാന്‍ എയര്‍ലൈന്‍സിന് കഴിഞ്ഞില്ലെന്ന ആരോപണവുമായി അതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരിയും രംഗത്തെത്തിയിരുന്നു. സംഭവം നടന്ന ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഇരയെ പുതിയൊരു സീറ്റിലേക്ക് മാറ്റുന്നതിന് ക്യാപ്റ്റന്‍ നിര്‍ദ്ദേശം നല്‍കിയത്. അത്യധികം നിരുത്തരവാദപരമായിരുന്നു ഇതെന്നും വിമാനത്തിലെ യാത്രക്കാരിയായ അമേരിക്കന്‍ ഡോക്ടര്‍ പറഞ്ഞു. സംഭവം ചൂണ്ടിക്കാട്ടി എയര്‍ലൈന്‍സിന് പരാതി നല്‍കിയതായും അവര്‍ അറിയിച്ചു.
എയര്‍ ഇന്ത്യ മുതിര്‍ന്ന പൗരന്മാര്ക്ക് അയച്ച കത്ത്
സംഭവത്തില്‍ വിമാനത്തിലെ ജീവനക്കാരില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞതോടെ എയര്‍ ഇന്ത്യയ്ക്കെതിരെ വിമര്‍ശനമുയരുകയാണ്. അതേസമയം സംഭവത്തെപ്പറ്റി വിമാനത്തിലുണ്ടായിരുന്ന എല്ലാ മുതിര്‍ന്ന യാത്രക്കാരെയും അറിയിച്ചുവെന്നാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ പുറത്തിറക്കിയ വിശദീകരണം. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണിതെന്ന് മാത്രം.
തങ്ങള്‍ പരാതിക്കാരിയ്ക്ക് അനുകൂലമായി നടപടിയെടുത്തുവെന്നും അവരുടെ സീറ്റും മറ്റ് സാധനങ്ങളും വൃത്തിയാക്കി അവരെ സുരക്ഷിതമായ സീറ്റിലേക്ക് മാറ്റിയെന്നുമാണ് എയര്‍ ഇന്ത്യ നല്കിയ വിശദീകരണം. അതേസമയം സംഭവം നടന്ന് തൊട്ട് പിന്നാലെ പരാതിക്കാരിയ്ക്ക് നഷ്ടപരിഹാരം നല്‍കാമെന്നും മാപ്പ് പറയാമെന്നും പറഞ്ഞ് ശങ്കര്‍ മിശ്ര എത്തിയിരുന്നുവെന്നാണ് എര് ഇന്ത്യ ഉദ്യോഗസ്ഥര്‍ പറയുന്ന വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.