എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതി ശങ്കര്‍ മിശ്ര അറസ്റ്റില്‍
- Published by:Arun krishna
- news18-malayalam
Last Updated:
ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്
ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വയോധികയുടെ മേല്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ച കേസിലെ പ്രതിയായ വ്യവസായി ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ശങ്കര്‍ മിശ്രയെ കണ്ടെത്താനായി ഡല്‍ഹി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതി ബെംഗളൂരുവില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിതെ തുടര്‍ന്ന് ഡല്‍ഹി പോലീസിന്‍റെ ഒരു സംഘം ഉദ്യോഗസ്ഥര്‍ കര്‍ണാടകയിലെത്തി പരിശോധന ആരംഭിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ശങ്കര്‍ മിശ്രയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്‍റായിരുന്നു ഇയാള്‍.
കഴിഞ്ഞ നവംബര്‍ 26 നാണ് സംഭവം നടന്നത്. എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ വെച്ച് 70 വയസ്സിനടുത്ത് പ്രായം വരുന്ന യാത്രികയുടെ ദേഹത്ത് പ്രതി മൂത്രം ഒഴിച്ചത്. സംഭവ സമയം പ്രതി മദ്യലഹരിയിലായിരുന്നു. ഒരു പ്രകോപനവുമില്ലാതെ ഇയാള്‍ തന്റെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നു. വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പറഞ്ഞു.
advertisement
വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഒരു കൂസലുമില്ലാതെ ഇയാള്‍ ഇറങ്ങിപ്പോകുകയും ചെയ്തതായി യാത്രക്കാരി പറഞ്ഞു. ഇതേത്തുടര്‍ന്നാണ് അതിക്രമത്തിന് ഇരയായ യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതി നല്‍കിയത്.
അടുത്തിടെ, പാരീസ് -ഡല്‍ഹി വിമാനത്തിലും സമാന സംഭവം ഉണ്ടായി. വിമാനത്തില്‍ വെച്ച് യാത്രികയുടെ പുതപ്പില്‍ മദ്യപിച്ച് ലക്കുകെട്ട് സഹയാത്രികന്‍ മൂത്രമൊഴിക്കുകയായിരുന്നു. കഴിഞ്ഞമാസം നടന്ന സംഭവത്തില്‍ അതിക്രമം കാണിച്ചയാള്‍ യാത്രക്കാരിക്ക് മാപ്പ് എഴുതി നല്‍കിയെന്നും അതിനാല്‍ തുടര്‍നടപടികള്‍ ഒഴിവാക്കിയെന്നും അധികൃതര്‍ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
January 07, 2023 12:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതി ശങ്കര്‍ മിശ്ര അറസ്റ്റില്‍