നൈസാമിന്റെ കിങ്കരന്മാരുടെ തീവെയ്പ്പിൽ നിന്ന് രക്ഷപെട്ട കോൺഗ്രസ് അദ്ധ്യക്ഷൻ: മല്ലികാർജ്ജുൻ ഖാർഗെയുടെ ജീവിതം

Last Updated:

ഹൈദരാബാദിലെ നൈസാമിൻ്റെ സ്വകാര്യ സൈന്യമായിരുന്ന റസാക്കർമാർ നടത്തിയ തീവെപ്പിൽ ഖാർഗെയ്ക്ക് തൻ്റെ അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ടു.

സീതാറാം കേസരിക്ക് ശേഷം ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് കോൺഗ്രസ് തലപ്പത്ത് എത്തുന്ന ആദ്യ നേതാവാണ് കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട 80-കാരൻ മല്ലികാർജ്ജുൻ ഖാർഗെ. കോൺഗ്രസിലെ തല മുതിർന്ന രാഷ്ട്രീയക്കാരനായ ഇദ്ദേഹം നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡൻ്റ് പദവിയിൽ എത്തി നിൽക്കുന്നത്.
ഏഴാം വയസ്സിലായിരുന്നു ഖാർഗെയുടെ ജീവിതത്തിലെ ആദ്യ പ്രതിസന്ധി ഉണ്ടായത്. ഹൈദരാബാദിലെ നൈസാമിൻ്റെ സ്വകാര്യ സൈന്യമായിരുന്ന റസാക്കർമാർ നടത്തിയ തീവെപ്പിൽ ഖാർഗെയ്ക്ക് തൻ്റെ അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ടു. ഖാർഗെ ഇതിൽ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.
1948-ൽ നടന്ന ഈ സംഭവം അടുത്ത കാലം വരെ പുറം ലോകത്തോട് വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. പിതാവ് മല്ലികാർജ്ജുൻ ഖാർഗെയും മുത്തച്ഛൻ മപ്പണ്ണയും ആ തീ പിടിത്തത്തെ അതിജീവിച്ചതിനെ കുറിച്ച് മകൻ പ്രിയാങ്ക് ഖാർഗെ ന്യൂസ് 18-നോട് മനസ്സ് തുറന്നു.
advertisement
അന്ന് ഹൈദരാബാദ് സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന മേഖലയിൽ റസാക്കർമാർ വ്യാപകമായ അക്രമവും നശീകരണവും വീടു കയറിയുള്ള ആക്രമണവും നടത്തിയിരുന്നു. ഇന്ന് കർണ്ണാടകത്തിലെ ബീദർ ജില്ലയിലുള്ള ഭാൽകി ഉൾപ്പെടെ, മഹാരാഷ്ട്ര വരെയുള്ള പ്രദേശങ്ങളിലെ ഗ്രാമങ്ങൾ പലതും ഈ ആക്രമണത്തിന് വിധേയമായിരുന്നു.
“അവരുടെ ടിൻഷീറ്റ് മേഞ്ഞ വീടിന് റസാക്കർമാർ തീയിട്ടു എന്ന് അയൽക്കാരൻ വന്ന് പറയുമ്പോൾ മുത്തച്ഛൻ പാടത്ത് ജോലി ചെയ്യുകയായിരുന്ന. കണ്ണിൽ കണ്ട ഗ്രാമങ്ങളെയെല്ലാം റസാക്കർമാർ ആക്രമിക്കുന്നുണ്ടായിരുന്നു. നാല് ലക്ഷം പേരുള്ള സൈന്യമായിരുന്നു അവർ, നേതാവ് ഇല്ലാത്തതിനാൽ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്. എൻ്റെ മുത്തച്ഛൻ വീട്ടിലേക്ക് ഓടി, കൈയ്യകലത്തിൽ ഉണ്ടായിരുന്നതിനാൽ എൻ്റെ അച്ഛനെ മാത്രമേ അദ്ദേഹത്തിന് രക്ഷിക്കാനായുള്ളൂ. മുത്തശ്ശിയെയും അമ്മായിയെയും രക്ഷിക്കാൻ അപ്പോഴേക്കും വളരെ വൈകിയിരുന്നു, ഇരുവരും ആ ദുരന്തത്തിൽ മരണപ്പെട്ടു,” പ്രിയാങ്ക് പറഞ്ഞു.
advertisement
ആരായിരുന്നു റസാക്കർമാർ?
ഹൈദരാബാദിലെ നൈസാമിൻ്റെ സ്വകാര്യ സൈന്യം ആയിരുന്നു റസാക്കർമാർ. ഇന്ത്യ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് ആഘോഷിക്കുന്ന വേളയിൽ, നൈസാമിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നൂറുകണക്കിന് വിപ്ലവകാരികളെ അവർ കൊന്നുതള്ളി. മജ്‌ലിസ്-ഇ-ഇത്തിഹാദ്-ഉൽ-മുസ്ലിമീൻ (എംഐഎം) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവർക്കെതിരെ അന്നത്തെ ഹൈദരാബാദ് സംസ്ഥാനത്തെ ജനങ്ങൾ പോരാട്ടം നടത്തി വരികയായിരുന്നു.
1920-ൽ പ്രവർത്തനം തുടങ്ങിയ എംഐഎം മുസ്ലീം സമൂഹത്തിൻ്റെ സാംസ്കാരികവും മതപരവുമായി ഒരു സംഘടന എന്ന നിലയിലാണ് തുടക്കം കുറിച്ചത്. എന്നാൽ പിന്നീട് ലാത്തൂർകാരനായ അഭിഭാഷകൻ കാസിം റിസ്‌വിയുടെ നേതൃത്വത്തിൽ ഇവർ ഒരു സൈന്യമായി രൂപാന്തരം പ്രാപിച്ചു. നൈസാമിനെ പ്രതിരോധിക്കുക എന്ന പേരിൽ, ഇവരെ എതിർത്തവർക്ക് എതിരായി നിരവധി ആക്രമണങ്ങൾ നടത്തുകയും പലരെയും കൊലപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്നു.
advertisement
1947-ൽ, ഹൈദരാബാദിലെ ജനങ്ങൾ ഒന്നുകിൽ പാക്കിസ്ഥാനിൽ ചേരണമെന്നും അല്ലെങ്കിൽ ഒരു പ്രത്യേക മുസ്ലീം പ്രവിശ്യ രൂപീകരിക്കണമെന്നും റസാക്കർമാർ ജനങ്ങളോട് ആവശ്യപ്പെട്ടു.
എപ്പോഴാണ് അവരുടെ ആക്രമണങ്ങൾ തുടങ്ങിയത്?
1947 ഓഗസ്റ്റ് 15-ന്, ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ആഘോഷിക്കുമ്പോൾ, ഹൈദരാബാദിലെ നൈസാമായിരുന്ന മീർ ഒസ്മാൻ അലി ഖാൻ്റെ ഭരണത്തിന് കീഴിൽ ത്രിവർണ്ണ പതാക ഉയർത്തുന്നത് ഒരു കുറ്റമായാണ് കണക്കാക്കിയിരുന്നത്.
കർണ്ണാടകയും മഹാരാഷ്ട്രയും തെലങ്കാനയും ഉൾപ്പെട്ടിരുന്ന, തൻ്റെ നാട്ടുരാജ്യമായ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ നൈസാം വിസമ്മതിച്ചു. ഹൈദരാബാദിനെ ഇന്ത്യയിൽ ചേർക്കാനായി ഓപ്പറേഷൻ പോളോ എന്ന പേരിൽ ഇന്ത്യൻ സർക്കാർ ഒരു സൈനിക നടപടിക്ക് തുടക്കം കുറിച്ചു. നൈസാമിന് കീഴിലുള്ള ഹൈദരാബാദിലെ പ്രദേശങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തതത്. എന്നാൽ, ഈ നീക്കത്തെ എതിർത്തുകൊണ്ട് റസാക്കർമാർ ഗ്രാമങ്ങൾ ആക്രമിക്കാൻ തുടങ്ങുകയും വീടുകൾ കൊള്ളയടിച്ച ശേഷം അവ തീയിടുകയും ചെയ്തു.
advertisement
പുതിയ തുടക്കം
കർണ്ണാടകയിലെ ബീദർ ജില്ലയിലുള്ള, വരാവട്ടി എന്ന ചെറിയ ഗ്രാമത്തിൽ മപ്പണ്ണയുടെയും സബവ്വയുടെയും മകനായി 1942-ലാണ് മല്ലികാർജ്ജുൻ ഖാർഗെ ജനിച്ചത്.
“ആക്രമണത്തിന് ശേഷം, എൻ്റെ അച്ഛനും മുത്തച്ഛനും പ്രാണനും കൊണ്ട് ഓടി. ഒരു വലിയ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. അതിനു ശേഷം, പൂനെയിൽ സൈന്യത്തിൽ ജോലി ചെയ്തിരുന്ന, മുത്തച്ഛൻ്റെ സഹോദരനെ കാണാൻ പോകാൻ അവർ തീരുമാനിച്ചു. ഒരാഴ്ചയോളം സമയമെടുത്ത് കാളവണ്ടിയിൽ സഞ്ചരിച്ചാണ് അവർ പൂനെയിൽ എത്തിയത്. എന്നാൽ അപ്പോഴാണ്, മുത്തച്ഛൻ്റെ സഹോദരൻ ഗുൽബർഗയിലേക്ക് (ഇന്നത്തെ കൽബുർഗി) തിരികെ പോയതായി അവർ അറിയുന്നത്,” പ്രിയാങ്ക് പറഞ്ഞു.
advertisement
അങ്ങനെ ഖാർഗെയും അച്ഛനും ഗുൽബർഗയിലേക്ക് പോകുകയും അവിടെ ഒരു പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു. എംഎസ്കെ മിൽസ് എന്ന തുണി മില്ലിൽ ജോലി കണ്ടെത്തിയ ഖാർഗെ പഠനം പൂർത്തിയാക്കുകയും ഗുൽബർഗ ലോ കോളേജിൽ നിന്ന് ബിഎ പാസായ ശേഷം അതേ കോളേജിൽ നിന്ന് തന്നെ നിയമ ബിരുദം കരസ്ഥമാക്കുകയും ചെയ്തു.
“ഒരു അഭിഭാഷകൻ എന്ന നിലയിൽ, തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടാനും അവരുടെ അവസ്ഥ മെച്ചപ്പെടുത്താനും അച്ഛന് കഴിയുമെന്ന് മുത്തച്ഛൻ പറഞ്ഞിരുന്നു. അങ്ങനെയാണ് അദ്ദേഹം ട്രേഡ് യൂണിയനുകൾക്കും തൊഴിലാളികൾക്കും ഇടയിൽ വളരെ പ്രശസ്തനായി മാറിയത്,” അദ്ദേഹം ഓർത്തു.
advertisement
രാഷ്ട്രീയ ജീവിതം
അഭിഭാഷകൻ എന്ന നിലയിലുള്ള വിജയകരമായ കാലത്തിന് ശേഷം, ഖാർഗെ പതുക്കെ പൊതു ജീവിതത്തിലേക്ക് പ്രവേശിച്ചു. ഡോ. ബാബാസാഹേബ് അംബേദ്കറുടെ ആശയങ്ങളിൽ ആകൃഷ്ടനായ ഖാർഗെ, റിപ്ലബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (ആർപിഐ) ചേർന്ന് പ്രവർത്തിച്ചു. ഈ കാലയളവിൽ അന്നത്തെ കർണ്ണാടക മുഖ്യമന്ത്രിയായിരുന്ന ഡി ദേവരാജ് ഉർസ് ഖാർഗെയുടെ പ്രവർത്തനം ശ്രദ്ധിക്കുകയും സമൂഹത്തിൽ മാറ്റം വരുത്തണമെങ്കിൽ കോൺഗ്രസിൽ ചേരണമെന്ന് അദ്ദേഹത്തോട് ഉപദേശിക്കുകയും ചെയ്തു.
“റാം മനോഹർ ലോഹ്യയുടെ സോഷ്യലിസമോ അംബേദ്ക്കറൈറ്റ് എന്ന നിലയിലുള്ള അടിസ്ഥാനപരമായ മാറ്റങ്ങളോ സമൂഹത്തിൽ സാധ്യമാക്കണമെങ്കിൽ, അധികാരമുള്ള കോൺഗ്രസിൽ നിന്നുകൊണ്ട് മാത്രമേ അത് സാധ്യമാകൂ എന്ന് ദേവരാജ് ഉർസ് എൻ്റെ അച്ഛനോട് പറഞ്ഞു. രാഷ്ട്രീയത്തിൻ്റെ അധികാര ശക്തിയില്ലാതെ എങ്ങനെ അദ്ദേഹത്തിന് നയങ്ങൾ രൂപീകരിക്കാൻ കഴിയുമെന്ന് ദേവരാജ് ഉർസ് അദ്ദേഹം അച്ഛനോട് ചോദിച്ചു. ഇത് അദ്ദേഹത്തിൽ വിശ്വാസം വരുത്തി. അദ്ദേഹത്തിന് സെദാം സീറ്റാണ് വേണ്ടിയിരുന്നത് എങ്കിലും ഗുർമിത്കലിൽ നിന്നാണ് അദ്ദേഹത്തെ മത്സരിപ്പിച്ചത്, പിന്നെ നടന്നത് ചരിത്രമാണ്,” പ്രിയാങ്ക് പറഞ്ഞു.
തോൽവിയറിയാതെ ഒൻപത് തവണ
അഞ്ച് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു വരുന്ന, നെഹ്റു-ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തരിൽ ഒരാളായ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ്. തുടർച്ചയായി ഒൻപത് തവണ തിരഞ്ഞെടുക്കപ്പെട്ടതിനാൽ “സോൽ ഇല്ലാത സർദാറ” (തോൽവിയറിയാത്ത നേതാവ്) എന്ന വിശേഷണത്തിന് അർഹനായ വ്യക്തി കൂടിയാണ് മല്ലികാർജ്ജുൻ ഖാർഗെ. എന്നാൽ, 2019-ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതോടെയാണ് അദ്ദേഹത്തിൻ്റെ വിജയക്കുതിപ്പിന് അവസാനമായത്.
ദളിത് സമുദായത്തിൻ്റെ ജനപ്രിയ മുഖമാണെങ്കിലും, “എല്ലാ സംസ്ഥാനങ്ങളിലെയും സമൂഹങ്ങളിലെയും ആളുകളുടെ ശബ്ദമായ”, “സ്വയം സമർപ്പിച്ച കോൺഗ്രസുകാരൻ” എന്ന് ഖാർഗെയെ വിളിക്കുന്നതാകും കൂടുതൽ ഉചിതം.
മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെട്ടത് 3 തവണ
ഖാർഗെയോടൊപ്പം ഹൈദരാബാദ്-കർണ്ണാടക മേഖലയിൽ നിന്ന് ഉർസ് കണ്ടെത്തിയ മറ്റൊരു നേതാവായിരുന്നു എൻ ധരം സിംഗ്. രണ്ടു പേരും ഒരുമിച്ചാണ് കർണ്ണാടക രാഷ്ട്രീയത്തിൽ പ്രവർത്തിച്ചത്. ഇരുവരും തമ്മിലുള്ള അടുപ്പം വളരെ ശക്തമായിരുന്നതിനാൽ, കോൺഗ്രസിലെ ലവകുശന്മാർ എന്നാണ് രണ്ടു പേരും അറിയപ്പെട്ടിരുന്നത്.
എന്നാൽ, സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയാകാനുള്ള മൂന്ന് അവസരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. 1999, 2004, 2013 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ സാധ്യത കൽപ്പിക്കപ്പെട്ട നേതാവായിരുന്നു ഖാർഗെ. എന്നാൽ, മുന്നണിയിലെ മുതിർന്ന നേതാവും ജനതാ ദൾ (സെക്യുലർ) തലവനുമായിരുന്ന ദേവ ഗൗഡ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ധരം സിംഗിന് മുൻഗണന നൽകിയപ്പോൾ, അച്ചടക്കമുള്ള നേതാവായ ഖാർഗെയ്ക്ക് അവസരം നഷ്ടപ്പെട്ടു. 2005-2008 കാലഘട്ടത്തിൽ അദ്ദേഹം സംസ്ഥാന പ്രസിഡൻ്റ് ആയിരുന്നപ്പോഴാണ്, അന്നത്തെ ഭരണം നയിച്ചിരുന്ന ബിജെപി-ജെഡിഎസ് സഖ്യത്തിനെതിരെ കോൺഗ്രസ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്.
2013-ൽ, ഭൂരിപക്ഷത്തോടെ കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തി കഴിഞ്ഞപ്പോൾ, ഖാർഗെയ്ക്കും സാധ്യത കൽപ്പിക്കപ്പെട്ടിരുന്നെങ്കിലും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. രണ്ടാം യുപിഎ സർക്കാരിൽ തൊഴിൽ-റെയിൽവേ മന്ത്രിയായി സ്ഥാനമേൽക്കാൻ ഹൈക്കമാൻ്റ് ആവശ്യപ്പെട്ടതോടെയാണ് ഖാർഗെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ഏൽക്കാൻ കഴിയാതിരുന്നത്.
കർണ്ണാടകയ്ക്ക് പ്രത്യേക പദവി
ഭരണഘടനയുടെ ആർട്ടിക്കിൽ 370ജെ പ്രകാരം കല്യാണ കർണ്ണാടക പ്രദേശത്തിന് പ്രത്യേക പദവി നൽകിയതാണ് തൻ്റെ സംസ്ഥാനത്തിന് ഖാർഗെ നൽകിയ ഏറ്റവും വലിയ സംഭാവനകളിൽ ഒന്ന്. ഈ പിന്നാക്ക പ്രദേശത്തിന് പ്രത്യേക പദവി നൽകാൻ രാഷ്ട്രീയ പാർട്ടികൾ കോൺഗ്രസ്സിനെ സമ്മർദ്ദം ചെലുത്തിയിട്ടു പോലും നാല് പതിറ്റാണ്ടിൽ ഏറെയായി നൽകായിരുന്ന പദവിയാണ് ഖാർഗെ തൻ്റെ സംസ്ഥാനത്തിന് നേടിക്കൊടുത്തത്.
ദക്ഷിണേന്ത്യയിൽ മാത്രമല്ല, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലും നല്ല ജനപിന്തുണയുള്ള നേതാവായാണ് ഖാർഗെ അറിയപ്പെടുന്നത്.
“ദക്ഷിണേന്ത്യയിലെ ദ്രവീഡിയൻ രാഷ്ട്രീയത്തിനും ഉത്തരേന്ത്യയിലെ അംബേദ്ക്കറൈറ്റ് രാഷ്ട്രീയത്തിനും സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹം. ഹിന്ദി ഹൃദയഭൂമിയിലെ വലിയ പ്രദേശത്തും അദ്ദേഹത്തിന് സ്വീകാര്യതയുണ്ട്, ഇത് ഖാർഗെയുടെ മാത്രം പ്രത്യേകതയാണ്,” കർണ്ണാടകത്തിലെ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
നൈസാമിന്റെ കിങ്കരന്മാരുടെ തീവെയ്പ്പിൽ നിന്ന് രക്ഷപെട്ട കോൺഗ്രസ് അദ്ധ്യക്ഷൻ: മല്ലികാർജ്ജുൻ ഖാർഗെയുടെ ജീവിതം
Next Article
advertisement
Monthly Horoscope October 2025 | കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
  • മിഥുനം രാശിക്കാര്‍ക്ക് കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും കാണാന്‍ കഴിയും.

  • ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയും പ്രണയത്തില്‍ ഐക്യവും കാണാനാകും.

  • കുംഭം രാശിക്കാര്‍ ആത്മീയമായും സാമൂഹികമായും വളരും. മൊത്തത്തിലുള്ള ക്ഷേമം ശ്രദ്ധിക്കുക.

View All
advertisement