സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു; രാജ്യത്ത് ഇതാദ്യം
- Published by:Sneha Reghu
- news18-malayalam
Last Updated:
അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് കമ്മീഷൻ
കേരളത്തിൽ മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ചു. 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷൻ. രാജ്യത്താദ്യമായാണ് ഈ ലക്ഷ്യത്തോടെ കമ്മീഷൻ രൂപീകരിക്കുന്നത്.
രാജ്യത്ത് ഏറ്റവുമധികം വയോജനങ്ങൾ ഉള്ള സംസ്ഥാനമാണ് കേരളം. 2021 ൽ 16 ശതമാനത്തിനു മേലെയായിരുന്നു വയോജനസംഖ്യ.2036 ആകുമ്പോഴേക്കും ഇത് 22 ശതമാനത്തിനു മേലെ ആകും എന്നാണ് കണക്കു കൂട്ടുന്നത്. അപ്പോൾ ദേശീയ ശരാശരി 15 ശതമാനം മാത്രമായിരിക്കും എന്നാണ് UN Fund for Population Activities' India Ageing Report 2023 പറയുന്നത്.
ആരൊക്കെ കമ്മീഷനിൽ
ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ചംഗ കമ്മീഷനാണ് നിലവിൽ വന്നത്. മുൻ രാജ്യസഭാംഗം അഡ്വ കെ സോമപ്രസാദ് ആണ് കമ്മീഷൻ ചെയർപേഴ്സൺ. അമരവിള രാമകൃഷ്ണൻ, കെ എൻ കെ നമ്പൂതിരി, ഇ എം രാധ, പ്രൊഫസർ ലോപ്പസ് മാത്യു എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. അംഗങ്ങളുടെ നിയമന കാലാവധി മൂന്ന് വർഷമായിരിക്കും. ചെയർപേഴ്സണ് ഗവൺമെൻറ് സെക്രട്ടറിയുടെ പദവി ഉണ്ടാകും. കമ്മീഷൻ സെക്രട്ടറി, രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ എന്നീ തസ്തികകളിലും നിയമനം ഉണ്ടാകും. അർദ്ധ ജുഡീഷ്യൽ പദവിയുള്ള കമ്മീഷന്റെ പ്രവർത്തനം മറ്റ് കമ്മീഷനുകൾക്ക് സമാനമായിരിക്കും.
advertisement
ലക്ഷ്യം
60 വയസ്സിന് മുകളിലുള്ളവരാണ് വയോജനം എന്നതിന്റെ പരിധിയിൽ വരിക. ഇവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് രാജ്യത്താദ്യമായി ഇത്തരമൊരു കമ്മീഷൻ നിലവിൽ വരുന്നത്.
അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് കമ്മീഷൻ. വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കാനും അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് വയോജന കമ്മീഷന്‍.
advertisement
എങ്ങനെ ആവും കമ്മീഷൻ
കമ്മീഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പേഴ്സണും നാലിൽ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കും. ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ കമ്മീഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതികളിലോ പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കും.കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും.
പ്രവർത്തനം
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകാൻ കമ്മീഷന് ചുമതലയുണ്ടാവും. അവര്‍ക്ക് പുനരധിവാസം ആവശ്യമുള്ളിടത്ത് സര്‍ക്കാരുമായി സഹകരിച്ച് അത് സാധ്യമാക്കുന്നതും ഏതെങ്കിലും തരത്തിലുളള നിയമസഹായം ആവശ്യമുളളിടത്ത് കമ്മീഷൻ ലഭ്യമാക്കും. വയോജനങ്ങളുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ കമ്മീഷനെ ഏല്‍പ്പിച്ച് നല്‍കുന്ന അങ്ങനെയുള്ള മറ്റ് ചുമതലകള്‍ നിര്‍വ്വഹിക്കുന്നതും കമ്മീഷന്റെ കര്‍ത്തവ്യമായിരിക്കും. കമ്മീഷന്റെ തീരുമാനങ്ങൾ അതിന്റെ ശിപാർശ സഹിതം ഉചിതമായ നടപടിക്കായോ അല്ലെങ്കില്‍ തർക്കത്തിലേർപ്പെട്ട കക്ഷികള്‍ക്ക് പരിഹാരത്തിനായോ സര്‍ക്കാരിലേക്ക് അയക്കാം.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 28, 2025 12:51 PM IST