ഇറാനിൽ ഖമനയിക്ക് മൂന്ന് ദിവസം നീളുന്ന ശവസംസ്കാര ചടങ്ങുകൾ
- Published by:Sneha Reghu
- news18-malayalam
Last Updated:
അടുത്ത സുപ്രീം നേതാവിന്റെ പേര് ഇറാനിയൻ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല
അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ശവസംസ്കാര ചടങ്ങുകൾ മൂന്ന് ദിവസം നീണ്ടു നിൽക്കും. ചടങ്ങുകൾ ടെഹ്‌റാനിലെ പ്രധാന പ്രാർത്ഥനാ സമുച്ചയമായ ഇമാം ഖൊമേനി മൊസല്ലയിൽ (ഗ്രാൻഡ് മൊസല്ല പള്ളി) പ്രാദേശിക സമയം രാത്രി 10 മണിക്ക് ആരംഭിക്കുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. പൗരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി പള്ളി മൂന്ന് ദിവസത്തേക്ക് തുറന്നിടുമെന്ന് ഇസ്ലാമിക് പ്രൊപ്പഗേഷൻ കൗൺസിൽ തലവൻ ഹൊജ്ജതോലെസ്ലാം മഹമൂദി അറിയിച്ചു. എന്നാൽ, ജനത്തിരക്ക് കാരണം ശവസംസ്കാര ചടങ്ങ് മാറ്റിയതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
മൂന്ന് പതിറ്റാണ്ടിലേറെയായി നിർമ്മാണത്തിലിരിക്കുന്ന ഈ പള്ളി സമുച്ചയം മതപരമായ പങ്കിനു പുറമേ രാജ്യത്തെ വലിയ തോതിലുള്ള ദേശീയ ഒത്തുചേരലുകളുടെ കേന്ദ്രം കൂടിയാണ്. ശവസംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, അന്തരിച്ച നേതാവിന്റെ മകൻ മൊജ്തബ ഖമനിയെ അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുത്തതായി വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം മൊജ്തബ സുപ്രീം ലീഡർ സ്ഥാനം ഏറ്റെടുക്കുമെന്ന് ഇറാൻ ഇന്റർനാഷണൽ അവകാശപ്പെട്ടു. വിദഗ്ദ്ധരുടെ അസംബ്ലി വരും മണിക്കൂറുകളിൽ അദ്ദേഹത്തിന്റെ നിയമനം ഔദ്യോഗികമായി സ്ഥിരീകരിച്ചേക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമമായ വൈനെറ്റ് റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, അടുത്ത സുപ്രീം നേതാവിന്റെ പേര് ഇറാനിയൻ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Mar 05, 2026 6:49 AM IST








