യുവതിയുടെ ജീവനെടുത്തത് ഫോൺ ചെയ്യുന്നതിനിടെ കടിച്ച അരളിപ്പൂവോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
അരളിപൂവിന് വില്ലൻ പരിവേഷമോ?
സൂര്യ സുരേന്ദ്രൻ എന്ന 24 കാരിയുടെ മരണം അരളിപ്പൂവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ബിഎസ്‌സി നഴ്സിങ് പാസായ സൂര്യ യുകെയിൽ ജോലിയിൽ ചേരാനായി ഞായറാഴ്ച രാവിലെയാണ് പുറപ്പെട്ടത്. നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് കുഴഞ്ഞു വീണ സൂര്യ തിങ്കളാഴ്ച രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനിയായ സൂര്യ യാത്രയ്ക്ക് മുൻപായി വീട്ടിൽ നിന്ന് പലരോടും ഫോണിലൂടെയാണ് യാത്ര പറഞ്ഞത്. ഫോൺ സംസാരത്തിനിടെ അടുത്ത വീട്ടിൽ നിന്ന അരളിയിലെ പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടർമാരോട് പറഞ്ഞിരുന്നു. ഇതോടെയാണ് അരളിപൂവിന് വില്ലൻ പരിവേഷം ലഭിച്ചത്.
ഹൃദ്രോഗബാധ മൂലമാണു സൂര്യയുടെ മരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിലേക്കു നയിക്കാമെന്നു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ അറിയിച്ചതായി കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്‌എച്ച്ഒ കെ.അഭിലാഷ് കുമാർ മനോരമയോട് പറഞ്ഞു. ഈ ചെടിയുടെ പൂവിന്റെയോ, ഇലയുടെയോ അംശം ആമാശയത്തിൽ കണ്ടെത്താനായില്ല. ചവച്ചു തുപ്പുന്നതിനിടെ നീര് അകത്തു പോയിരിക്കാം എന്നാണു കരുതുന്നത്. ആന്തരികാവയവ പരിശോധനയിലേ ഇക്കാര്യം ഉറപ്പിക്കാനാകൂ.
അരളിപ്പൂവ് അപകടകാരിയോ?
അരളിയുടെ ഇല, പൂവ്, കായ തുടങ്ങി എല്ലാ ഭാഗങ്ങളിലും വിഷാംശമുണ്ട്. ഇവയിൽ അടങ്ങിയ ഡിജിറ്റാലിസ് ഗ്ലൈക്കോസൈഡ് എന്ന രാസപദാർഥമാണ് വിഷാംശത്തിനു കാരണം. ഇതു ശരീരത്തിലെ കരൾ, ശ്വാസകോശം, ഹൃദയം എന്നിവയെ നേരിട്ടു ബാധിക്കും. രക്തം കട്ടപിടിക്കുന്ന സംവിധാനം തകരാറിലാക്കും. കരളിൽ രക്തസ്രാവം, ശ്വാസതടസ്സം, ശ്വാസകോശത്തിൽ രക്തസ്രാവം, ഹൃദയസ്പന്ദനത്തിൽ വ്യതിയാനം, ഹൃദയസ്തംഭനം, ഹൃദയപേശികളിൽ രക്തസ്രാവം എന്നിവയ്ക്കു കാരണമാകാം. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറയുകയും ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടാകുകയും ചെയ്യും. മരണത്തിനു വരെ കാരണമാകും.
advertisement
കോളാമ്പിപ്പൂക്കളോടു സാമ്യമുള്ള പൂക്കളും അരളിയുടേതു പോലുള്ള ഇലകളുമുള്ള മഞ്ഞ അരളി എന്ന ചെടിയുടെ ഇലയിലും പൂവിലും കായിലും വിഷാംശമുണ്ട്. നമ്മുടെ നാട്ടിൽ കാണുന്ന എല്ലാത്തരം അരളിയിലും വിഷാംശമുണ്ട് എന്ന് കരുതപ്പെടുന്നു. ഇലകളിലാണ് കൂടുതൽ വിഷം. പൂക്കൾ മണക്കുന്നതും പച്ചയില കത്തിക്കുമ്പോഴുമുള്ള പുക ശ്വസിക്കുന്നതും ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. നീറിയം ഒളിയാൻഡർ ഇനത്തിൽ പെടുന്ന പൂച്ചെടിയാണ് അരളി. ഇതേ വിഭാഗത്തിൽ പെടുന്ന ചെടികളിലെല്ലാം വിഷാംശമുണ്ട്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 03, 2024 12:08 PM IST