• HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: ആഭ്യന്തര വിമാനങ്ങളിലെ യാത്രാനിരക്കിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെ? അവ യാത്രികരെ എങ്ങനെ ബാധിക്കും?

Explained: ആഭ്യന്തര വിമാനങ്ങളിലെ യാത്രാനിരക്കിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെ? അവ യാത്രികരെ എങ്ങനെ ബാധിക്കും?

65 ശതമാനം ആഭ്യന്തര വിമാന സർവീസുകൾ മാത്രമേ പാടുള്ളൂ എന്നായിരുന്നു മുമ്പ് നൽകിയിരുന്ന നിർദ്ദേശമെങ്കിൽ അത് 72.5 ശതമാനമാക്കി ഇപ്പോൾ സർക്കാർ ഇളവ് നൽകിയിട്ടുണ്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് ശേഷം സമ്പദ് ഘടന വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായി ആളുകൾ വിമാനയാത്ര നടത്താൻ ആരംഭിച്ചിരിക്കുകയാണ്. 65 ശതമാനം ആഭ്യന്തര വിമാന സർവീസുകൾ മാത്രമേ പാടുള്ളൂ എന്നായിരുന്നു മുമ്പ് നൽകിയിരുന്ന നിർദ്ദേശമെങ്കിൽ അത് 72.5 ശതമാനമാക്കി ഇപ്പോൾ സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. അതോടെ ആഭ്യന്തര റൂട്ടുകളിൽ കൂടുതൽ വിമാന സർവീസുകൾ നടത്താൻ വിവിധ വിമാന കമ്പനികൾക്ക് കഴിയും. അതു കൂടാതെ, ആഭ്യന്തര യാത്രകൾക്ക് ഈടാക്കാൻ കഴിയുന്ന കുറഞ്ഞതും കൂടിയതുമായ യാത്രാ നിരക്കിന്റെ പരിധിയും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. ഈ നീക്കത്തോടെ ആഭ്യന്തര വിമാനയാത്രയ്ക്ക് ചെലവ് കൂടും.

    ആഭ്യന്തര വിമാന സർവീസുകൾക്ക് മേലുണ്ടായിരുന്ന നിയന്ത്രണത്തിൽ സർക്കാർ ഇളവ് നൽകിയത് എന്തിന്?
    കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ രണ്ടു മാസത്തെ ലോക്ക്ഡൗണിന് ശേഷം 2020 മെയ് മാസം ആഭ്യന്തര വിമാനയാത്ര പുനഃരാരംഭിച്ചപ്പോൾ ഓരോ എയർലൈൻ കമ്പനിക്കും ആഭ്യന്തര റൂട്ടുകളിൽ നടത്താവുന്ന വിമാന സർവീസുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൂടുതൽ വിമാന സർവീസുകൾ അനുവദിച്ചാൽ പ്രാദേശികമായ അടിസ്ഥാന സൗകര്യങ്ങളിൽ അതേൽപ്പിച്ചേക്കാവുന്ന അമിതഭാരം ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരമൊരു നടപടി സർക്കാർ സ്വീകരിച്ചത്. കോവിഡിന് മുമ്പ് നടത്തിയിരുന്ന വിമാന സർവീസുകളുടെ 33 ശതമാനം വിമാന സർവീസുകൾ മാത്രമേ ആദ്യഘട്ടത്തിൽ അനുവദിച്ചിരുന്നുള്ളൂ. പിന്നീട് അത് ക്രമേണ 80 ശതമാനമായി ഉയർത്തി. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഉടലെടുത്തതോടെ വീണ്ടും വിമാന സർവീസുകളുടെ എണ്ണം 50 ശതമാനമായി കുറച്ചു. പിന്നീട് കോവിഡ് നിയന്ത്രണങ്ങളിൽ പൊതുവെ അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തിൽ ആദ്യത്തെ തവണ 60 ശതമാനമായും പിന്നീട് 72.5 ശതമാനമായും ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു.

    യാത്രാനിരക്കിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെ?
    ആഭ്യന്തര വിമാനയാത്രകളുടെ യാത്രാനിരക്കിന്റെ കാര്യത്തിലും സർക്കാർ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിമാനയാത്രയ്ക്ക് എടുക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തിൽ വിമാന റൂട്ടുകളെ ഏഴ് വിഭാഗങ്ങളിലായി വർഗീകരിച്ചിട്ടുണ്ട്. ഈ ഓരോ വിഭാഗത്തിലെയും കുറഞ്ഞതും കൂടിയതുമായ യാത്രാനിരക്കുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചു. മുമ്പ് ഇന്ധനവിലയിലുണ്ടായ വർദ്ധനവിനെ തുടർന്നും കേന്ദ്രം വിമാന യാത്രാനിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ സമയദൈർഘ്യമുള്ള റൂട്ടുകൾ ഉൾപ്പെട്ട വിഭാഗത്തിൽ (ക്ലാസ് എ) യാത്രാനിരക്കിന്റെ കുറഞ്ഞ പരിധി 2,600-ൽ നിന്ന് 2,900 ആയും കൂടിയ പരിധി 7,800-ൽ നിന്നും 8,800 ആയും വർധിപ്പിച്ചു. അതുപോലെ സമയദൈർഘ്യം ഏറ്റവും കൂടിയ വിഭാഗത്തിൽ (ക്ലാസ് ജി) കുറഞ്ഞ യാത്രാനിരക്ക് 8,700-ൽ നിന്ന് 9,800 ആയും കൂടിയ യാത്രാനിരക്ക് 24,200-ൽ നിന്ന് 27,200 ആയുമാണ് പുതുക്കി നിശ്ചയിച്ചത്.

    ഈ ഓരോ യാത്രവിഭാഗങ്ങളിലും ഉൾക്കൊള്ളുന്ന ആഭ്യന്തര റൂട്ടുകൾ ഏതൊക്കെ?
    ക്ലാസ് എ വിഭാഗത്തിൽ ബെംഗളൂരു - ചെന്നൈ, ഭോപ്പാൽ - മുംബൈ, ഡൽഹി - ജയ്‌പൂർ, പൂനെ - ഗോവ, ഡൽഹി - ചണ്ഡീഗഢ് തുടങ്ങി 41 റൂട്ടുകൾ ഉൾക്കൊള്ളുന്നു. ക്ലാസ് ബി വിഭാഗത്തിൽ ഡൽഹി - ശ്രീനഗർ, മുംബൈ - അഹമ്മദാബാദ്, മുംബൈ - ഗോവ, പൂനെ - അഹമ്മദാബാദ്, ചെന്നൈ - ഹൈദരാബാദ്, ഹൈദരാബാദ് - ബെംഗളൂരു, കൊൽക്കത്ത - പട്ന എന്നിങ്ങനെ 83 റൂട്ടുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

    ക്ലാസ് സി വിഭാഗത്തിൽ ആകെ 87 റൂട്ടുകളാണ് ഉള്ളത്. അവയിൽ ഡൽഹി - അഹമ്മദാബാദ്, ഡൽഹി - പട്ന, ഡൽഹി - ലക്നൗ, മുംബൈ - ബെംഗളൂരു, ചെന്നൈ - കൊൽക്കത്ത, ഡൽഹി - നാഗ്പൂർ തുടങ്ങിയ റൂട്ടുകൾ ഉൾക്കൊള്ളുന്നു. നാലാമത്തെ വിഭാഗമായ ക്ലാസ് ഡി-യിൽ ഡൽഹി - മുംബൈ, ഡൽഹി - ഹൈദരാബാദ്, ഡൽഹി - കൊൽക്കത്ത, മുംബൈ - ചെന്നൈ, പട്ന - അഹമ്മദാബാദ്, കൊൽക്കത്ത - ബെംഗളൂരു എന്നിവ ഉൾപ്പെടെ 70 റൂട്ടുകളാണ് ഉള്ളത്. ക്ലാസ് ഇ വിഭാഗത്തിൽ 60 റൂട്ടുകളുണ്ട്. ഡൽഹി - ബെംഗളൂരു, ഡൽഹി - ഗോവ, ബെംഗളൂരു - പട്ന, മുംബൈ - പട്ന, ചെന്നൈ - അഹമ്മദാബാദ്, ഡൽഹി - ഗുവാഹത്തി, ജയ്പൂർ - ബെംഗളൂരു തുടങ്ങിയ റൂട്ടുകൾ അതിൽ ഉൾപ്പെടുന്നു.

    ക്ലാസ് എഫ് വിഭാഗത്തിലാകട്ടെ, ഡൽഹി - കൊച്ചി, ബെംഗളൂരു - ചണ്ഡിഗഡ്, ചെന്നൈ - ഗുവാഹത്തി, മുംബൈ - ശ്രീനഗർ, ഗുവാഹത്തി - ബെംഗളൂരു എന്നിങ്ങനെ 32 റൂട്ടുകൾ ഉണ്ട്. ദൈർഘ്യമേറിയ റൂട്ടുകൾ ഉൾപ്പെട്ട ക്ലാസ് ജി വിഭാഗത്തിൽ ആകെ ആറു റൂട്ടുകളാണ് ഉള്ളത്. കോയമ്പത്തൂർ - ഡൽഹി, ഡൽഹി - കോയമ്പത്തൂർ, ഡൽഹി - തിരുവനന്തപുരം, പോർട്ട് ബ്ലെയർ - ഡൽഹി, ഡൽഹി - പോർട്ട് ബ്ലെയർ, തിരുവനന്തപുരം - ഡൽഹി എന്നിവയാണ് അവ.

    ഈ നിരക്കുകൾ എങ്ങനെയാണ് യാത്രികർക്ക് ബാധകമാവുക?
    സർക്കാർ ഉത്തരവ് പ്രകാരം, ടിക്കറ്റ് ബുക്ക് ചെയ്യുന്ന ദിവസത്തിനു ശേഷം 30 ദിവസത്തിനുള്ളിലാണ് യാത്ര ചെയ്യുന്നതെങ്കിൽ മേൽസൂചിപ്പിച്ച യാത്രാനിരക്കുകൾ ബാധകമായിരിക്കും. ഉദാഹരണത്തിന്, ആരെങ്കിലും ഓഗസ്റ്റ് 16-ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ സെപ്റ്റംബർ 14 വരെയുള്ള വിമാന സർവീസുകളിലാകും ഈ യാത്രാനിരക്കുകൾ ബാധകമാവുക. സെപ്റ്റംബർ 15-നോ അതിന് ശേഷമോ യാത്ര ചെയ്യാനായി ഓഗസ്റ്റ് 16-ന് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ യാത്രാനിരക്കിലെ ഈ പരിധി ബാധകമായിരിക്കില്ല.
    Published by:Naveen
    First published: