ബിജെപിയുടെ തെരഞ്ഞെടുപ്പുവിജയത്തില്‍ വനിതകൾ നിര്‍ണായക ശക്തിയായോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
ഈ തിരഞ്ഞെടുപ്പ് സീസണിൽ ബിജെപി അവതരിപ്പിച്ച സ്ത്രീ കേന്ദ്രീകൃത പദ്ധതികളെക്കുറിച്ചറിയാം
കഴിഞ്ഞ ദിവസം മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടർമാരെ അഭിസംബോധന ചെയ്ത് എക്‌സിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. പോസ്റ്റിൽ സഹോദരീ, സഹോദർമാരെ എന്നാണ് (Behnon aur bhaiyon) പ്രധാനമന്ത്രി വോട്ടർമാരെ അഭിസംബോധന ചെയ്തത്. പതിവ് ശൈലിയിൽ ബായിയോം ഔർ ബെഹ്‌നോം എന്നാണ് പറയാറുള്ളത്. എന്നാൽ ഇത് മാറ്റി ബെഹ്‌നോം ഔർ ബായിയോം എന്ന് പറഞ്ഞതിൽ നിന്ന് തന്നെ ബിജെപി സ്ത്രീകൾക്ക് നൽകുന്ന പ്രാധാന്യം വ്യക്തമാണ്.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എല്ലാം വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് രാഷ്ട്രീയക്കാർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു. കഴിഞ്ഞ ദിവസം ബിജെപി മൂന്ന് ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങൾ പിടിച്ചതിന് പിന്നിലും ഇത് കാരണമായതായി വേണം കരുതാൻ. തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പിന്തുണ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നു.
ഈ തിരഞ്ഞെടുപ്പ് സീസണിൽ ബിജെപി അവതരിപ്പിച്ച സ്ത്രീ കേന്ദ്രീകൃത പദ്ധതികളെക്കുറിച്ചും അവ വനിതാ വോട്ടർമാർക്കിടയിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും വിശദമായി മനസിലാക്കാം.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച് വിലയ തോതിൽ പ്രചാരണം നടത്തിയിരുന്നു. വനിതാ വോട്ടർമാർ നിർണായക ശക്തിയായ സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. ഇവിടുത്തെ 230 അംഗ നിയമസഭയിൽ ബിജെപി 163 സീറ്റുകൾ നേടി. കോൺഗ്രസ് വെറും 66 സീറ്റിൽ ഒതുങ്ങുകയും ചെയ്തു. ബിജെപി ആവിഷ്കരിച്ച സാമൂഹ്യക്ഷേമ പദ്ധതികൾ സംസ്ഥാനത്തെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ലഡ്‌ലി ലക്ഷ്മി (Ladli Laksmi), ലാഡ്‌ലി ബെഹന (Ladli Behana) പദ്ധതികൾ വലിയ വിജയമായി.
advertisement
ഇക്കഴിഞ്ഞ മാർച്ചിലാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ലഡ്‌ലി ബെഹ്‌ന യോജന ആരംഭിച്ചത്. ഇതനുസരിച്ച്, 23 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1,000 രൂപ വീതം ലഭിക്കും. ഈ വർഷം ജൂണിൽ ആദ്യ ഗഡു വിതരണം ചെയ്തു. പദ്ധതിക്കു കീഴിലുള്ള ആനുകൂല്യം ലഭിക്കാനുള്ള പ്രായപരിധി 21 വയസായി കുറയ്ക്കുമെന്നും അടുത്ത വർഷം മുതൽ പ്രതിമാസ വീതം 3000 രൂപയായി ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
advertisement
കോൺഗ്രസ് ഭരണത്തിന് അവസാനം കുറിച്ചു കൊണ്ടാണ് രാജസ്ഥാനിൽ ബിജെപി അധികാരം പിടിച്ചെടുത്തത്. സംസ്ഥാനത്തെ സ്ത്രീകൾക്ക് മാത്രമായി പത്തോളം പദ്ധതികൾ കോൺഗ്രസ് ആവിഷ്‌കരിച്ചിരുന്നു. സ്ത്രീകൾക്കു വേണ്ടി പദ്ധതികളും മറ്റും വാഗ്ദാനം ചെയ്ത്, വീണ്ടും അധികാരത്തിൽ വരുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ, രാജസ്ഥാനിലെ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയാണ് ബിജെപി പ്രചാരണ വേളയിൽ ഉയർത്തിക്കാട്ടിയത്.
advertisement
ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രികയിൽ സ്ത്രീകൾക്കുള്ള ധനസഹായം കൂടി ഉൾപ്പെടുത്തിയിരുന്നു. അവിവാഹിതരായ വനിതാ വോട്ടർമാർക്ക് വാർഷിക അലവൻസായി 12,000 രൂപ നൽകും എന്നാണ് പാർട്ടി പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിച്ചപ്പോഴാണ് ഈ വാഗ്ദാനം നൽകിയത്.
"ബിജെപിക്ക് മാത്രമേ സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പാക്കാൻ കഴിയൂ എന്ന് ഈ വോട്ടർമാരെല്ലാം അടിയുറച്ച് വിശ്വസിക്കുന്നു. സ്ത്രീകൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും 100 ശതമാനം നിറവേറ്റുമെന്ന് ഞാൻ ഉറപ്പു നൽകുന്നു", എന്ന് തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രിയും പറഞ്ഞിരുന്നു. പശ്ചിമബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും കർണാടകയിൽ കോൺഗ്രസുമൊക്കെ സമാനമായ തന്ത്രങ്ങൾ മുൻപ് പരീക്ഷിച്ചിട്ടുണ്ട്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 04, 2023 5:28 PM IST