പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ബിജെപി ഭരണം; മൂന്നിലൊതുങ്ങി കോൺഗ്രസ്
- Published by:Vishnupriya S
- news18-malayalam
Last Updated:
2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നതാണ് ഈ വിജയം
ഞായറാഴ്ച വന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 12 ബിജെപി ഭരിക്കും. 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിനും ഭരണത്തുടർച്ചയ്ക്കും ഉള്ള പ്രതീക്ഷ വർധിപ്പിക്കുന്നതാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയം. ഇത്തവണ തെലങ്കാനയിൽ മാത്രം വിജയം ഒതുങ്ങിയ കോൺഗ്രസ് തെലങ്കാന ഉൾപ്പെടെ ആകെ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരണത്തിലുള്ളത്. ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലിരിക്കുന്ന ആം ആദ്മി പാർട്ടി (AAP) രാജ്യത്തെ മൂന്നാമത്തെ വലിയ ദേശീയ രാഷ്ട്രീയ പാർട്ടിയായി.
കോൺഗ്രസ് തെലങ്കാനയിലും കർണാടകത്തിലും ഹിമാചൽ പ്രദേശിലും മാത്രം ഒതുങ്ങുമ്പോൾ 12 സംസ്ഥാനങ്ങളെക്കൂടാതെ മഹാരാഷ്ട്ര, നാഗാലാൻഡ്, സിക്കിം, മേഘാലയാ എന്നിവിടങ്ങളിൽ ഭരണ മുന്നണിയുടെ ഭാഗവുമാണ് ബിജെപി. 2023 ഡിസംബറിലെ കണക്ക് പ്രകാരം രാജ്യത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 58 ശതമാനത്തിൽ ബിജെപി അധികാരത്തിലുള്ളപ്പോൾ കോൺഗ്രസ് ഭരിക്കുന്ന പ്രദേശങ്ങളുടെ ആകെ ഭൂവിസ്തൃതി 41 ശതമാനമാണ്.
advertisement
നിയമസഭാ തിരഞ്ഞെടുപ്പിലെ ത്രസിപ്പിക്കുന്ന വിജയം വരാനിരിക്കുന്ന 2024 ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഹാട്രിക് വിജയത്തിന്റെ മുന്നോടിയാണെന്നും, മികച്ചതും സുതാര്യവുമായ ഭരണത്തിന്റെ ഫലമാണ് ഈ വിജയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഞായറാഴ്ചത്തെ നിയമ സഭാ തിരഞ്ഞെടുപ്പ് വിജയങ്ങളോടെ ആകെയുള്ള ലോക്സഭാ സീറ്റുകളുടെ പകുതിയിലും ബിജെപി ഇടം പിടിച്ചു കഴിഞ്ഞു. "ഞങ്ങളുടെ ഹൃദയ ഭൂമികളിൽ ഞങ്ങൾക്ക് വിജയം ഉറപ്പായിരുന്നു. താഴെത്തട്ടിൽ നിന്ന് തന്നെയുള്ള പ്രവർത്തന മികവാണ് ഈ വിജയത്തിന് കാരണം" ബിജെപി പ്രസിഡന്റ് ജഗത് പ്രകാശ് നഡ്ഡ റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
advertisement
2014ൽ നരേന്ദ്ര മോദി ആദ്യമായി അധികാരത്തിലെത്തുമ്പോൾ രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണത്തിലുണ്ടായിരുന്നത്. 2017 ആയപ്പോഴേക്കും കൂട്ടുകക്ഷി സർക്കാരുകൾ ഉൾപ്പെടെ ബിജെപിയുടെ ഭരണം രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ 78 ശതമാനത്തിലേയ്ക്ക് ഉയർന്നു. ഇതേസമയം കോൺഗ്രസ് 22 ശതമാനത്തിലേക്ക് ചുരുങ്ങി. 2023 ആകുമ്പോഴേക്കും ഭരണം 12 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു.
advertisement
" ഇലക്ഷൻ പ്രചാരണ വേളയിൽ ജാതിയുടെ പേരിൽ രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമം ചിലർ നടത്തി, എന്നെ സംബന്ധിച്ചിടത്തോളം ആകെ നാല് ജാതി മാത്രമേയുള്ളൂ. ഒന്ന് ഈ രാജ്യത്തെ സ്ത്രീകൾ.രണ്ട് യുവാക്കൾ. മൂന്ന് കർഷകർ.നാല് പാവപ്പെട്ടവർ, " പ്രധാനമന്ത്രി ഞായറാഴ്ച പറഞ്ഞു. വടക്കു കിഴക്കൻ മേഖലയിൽ നേടിയ വിജയമാണ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം ബിജെപിക്ക് ഉണ്ടായ വലിയ നേട്ടം. 2014 ൽ ബിജെപി സ്വാധീനം വളരെക്കുറഞ്ഞ പ്രദേശമായിരുന്നുവെങ്കിൽ 2023 ആകുമ്പോഴേക്കും നാല് സംസ്ഥാനങ്ങളിൽ നേരിട്ടും ഒപ്പം മേഘാലയാ, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിൽ ഭരണ മുന്നണിയുടെ ഭാഗമായും ബിജെപി സ്വാധീനം ഉറപ്പിച്ചു.
advertisement
കഴിഞ്ഞ മേയിൽ ഭരണത്തിൽ ഒൻപത് വർഷം പൂർത്തീകരിച്ചപ്പോൾ തങ്ങളുടെ ഭരണം ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റി മറിച്ചുവെന്ന് നരേന്ദ്ര മോദി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ പാർട്ടിക്കുള്ളിൽ ഉണ്ടായ ഭിന്നതകളാണ് കോൺഗ്രസിന് രാജസ്ഥാനിലേറ്റ തിരിച്ചടിക്ക് കാരണമായി പറയുന്നത്. കോൺഗ്രസും ആം ആദ്മി പാർട്ടിയും (AAP) അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാർട്ടിയും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ചേർന്ന് ഈ വർഷമാദ്യം രൂപീകരിച്ച ദേശീയ പ്രതിപക്ഷ പാർട്ടിയായ INDIA സഖ്യം 2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്.
advertisement
ഞായറാഴ്ചത്തെ ഫലം INDIA സഖ്യത്തിനുള്ളിൽ തന്നെ കോൺഗ്രസിന് എതിരെ പ്രസ്‍താവനകൾക്ക് വഴി തുറന്നിട്ടുണ്ട്. ബിജെപി യുടെ വിജയത്തിനപ്പുറം കോൺഗ്രസിന്റെ വലിയ പരാജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷും ഇങ്ങനെയാണെങ്കിൽ INDIA സഖ്യത്തിന് 2024 ൽ ബിജെപിയെ പരാജയപ്പെടുത്താനാകില്ലെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പ്രതികരിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 04, 2023 4:57 PM IST