ക്രിസ്മസ് ഛിന്നഗ്രഹം ഭൂമിയോടടുക്കുന്നു; പേടിക്കേണ്ടതുണ്ടോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ അത്രയും വലുപ്പമുള്ള ഈ ഛിന്നഗ്രഹം 2015 RN 35 എന്നും അറിയപ്പെടുന്നു
ക്രിസ്മസ് ഛിന്നഗ്രഹമെന്ന വിളിപ്പേരുള്ള ചെറുഗ്രഹം ഭൂമിയോട് അടുക്കുന്നതായി റിപ്പോർട്ടുകൾ. യൂറോപ്യൻ ബഹിരാകാശ ഏജൻസിയാണ് (ESA) ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ അത്രത്തോളം വലുപ്പം വരുന്ന ഈ ഛിന്നഗ്രഹം ‘2015 RN 35’ എന്നും അറിയപ്പെടുന്നു. 2015 സെപ്റ്റംബർ 9 നാണ് ആദ്യമായി ഈ ഗ്രഹത്തെ കണ്ടെത്തിയത്. ഇത് മണിക്കൂറിൽ 21,276 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഡിസംബർ 15 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.42 ഓടു കൂടിയായിരിക്കും ഈ ഛിന്നഗ്രഹം ഭൂമിയോട് ഏറ്റവും അടുത്ത് എത്തുകയെന്നും യൂറോപ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. ഈ സമയത്ത് ഭൂമിയിൽ നിന്ന് 686,000 കിലോമീറ്റർ അകലെയായിരിക്കും ക്രിസ്മസ് ഛിന്നഗ്രഹം ഉണ്ടായിരിക്കുക.
”പല ഛിന്നഗ്രഹങ്ങളുടെയും കാര്യത്തിലെന്ന പോലെ ഞങ്ങൾക്ക് അതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയില്ല. ഏകദേശം 60-140 മീറ്റർ വ്യാസമുള്ള ഈ ഇടത്തരം ഛിന്നഗ്രഹം ഡിസംബർ 15 ന് ഭൂമിയോട് കൂടുതൽ അടുക്കും. ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞർ ഇത് നിരീക്ഷിക്കും”, ഇഎസ്എ പ്ലാനറ്ററി ഡിഫൻസ് മേധാവി റിച്ചാർഡ് മോയ്‌സൽ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ക്രിസ്മസ് ഛിന്നഗ്രഹത്തെ കണ്ടെത്താനും തിരിച്ചറിയാനും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ജ്യോതിശാസ്ത്രജ്ഞരെ ക്ഷണിച്ചിട്ടുണ്ട്. 2015 RN 35 ന് കൃത്യം എത്ര വലിപ്പമുണ്ട്, അതിന്റെ സഞ്ചാരപഥം എങ്ങനെയാണ്, 2015 RN35 സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നുണ്ടോ തുടങ്ങി നിരവധി കാര്യങ്ങൾ കണ്ടെത്താനുണ്ട്.
advertisement
എന്താണ് ഛിന്നഗ്രഹങ്ങൾ
ഏകദേശം 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടപ്പോൾ അവശേഷിച്ച പാറക്കഷണങ്ങളാണ് ബഹിരാകാശ പാറകൾ അല്ലെങ്കിൽ ഛിന്നഗ്രഹങ്ങൾ എന്നറിയപ്പെടുന്നത്. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ 1.3 മടങ്ങ് കുറവാണ് (ഏകദേശം 93 ദശലക്ഷം മൈൽ) ഒരു ഛിന്നഗ്രഹവും ഭൂമിയും തമ്മിലുള്ള അകലമെങ്കിൽ അത് ഭൂമിയോടടുത്തു എന്നു പറയാമെന്ന് നാസ പറയുന്നു.
advertisement
ക്രിസ്മസ് ഛിന്നഗ്രഹം എങ്ങനെ കണ്ടെത്താം?
ക്രിസ്മസ് ഛിന്നഗ്രഹം കണ്ടെത്തുക എന്നത് ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്. നക്ഷത്രങ്ങൾ പോലെ ഇവ ആകാശത്ത് തിളങ്ങില്ല. ”സഹസ്രാബ്ദങ്ങൾക്ക് മുൻപ് ബെത്‌ലഹേമിലെ നക്ഷത്രം ആകാശത്ത് തിളങ്ങിയതു പോലെ 2015 RN35 ആകാശത്ത് തിളങ്ങില്ല. ഭൂമിക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങൾ എപ്പോഴും ഇഎസ്‌എയെ ആകർഷിക്കാറുണ്ട്. കാരണം അവ പുതിയ പല ശാസ്ത്രീയ ഉൾക്കാഴ്ചകളും നൽകുന്നു” ഇഎസ്എ പറഞ്ഞു. 30 സെന്റീമീറ്ററോ അതിൽ കൂടുതലോ വ്യാസമുള്ള ദൂരദർശിനികൾ ഉപയോഗിച്ച് ഛിന്നഗ്രഹത്തെ നിരീക്ഷിക്കാമെന്നും ഇഎസ്എ അറിയിച്ചു.
advertisement
ക്രിസ്മസ് ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുമോ?
ക്രിസ്മസ് ഛിന്നഗ്രഹം ഭൂമിയിൽ പതിക്കില്ല എന്നും ശാസ്ത്രജ്ഞർ പറയുന്നു. അടുത്ത 100 വർഷത്തിനുള്ളിൽ ഈ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാനുള്ള സാധ്യത കാണുന്നില്ലെന്നും ഇഎസ് അറിയിച്ചു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2022 11:08 AM IST