കടലിലെ നിധി; എന്താണ് ആംബര്‍ഗ്രിസ്? കരയ്ക്കടിഞ്ഞ സ്‌പേം തിമിംഗലത്തില്‍ നിന്ന് കണ്ടെത്തിയത് 9.5 കിലോഗ്രാം
- Published by:Sarika KP
- news18-malayalam
Last Updated:
ആംബ്രെയ്ന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മദ്യവും ഇതില്‍ നിന്ന് നിര്‍മിക്കുന്നു.
കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാല്‍മയുടെ തീരത്ത് ചത്തടിഞ്ഞ സ്‌പേം തിമിംഗലത്തിന്റെ ഉള്ളില്‍ നിന്ന് 9.5 കിലോഗ്രാം ആംബർഗ്രിസ്കണ്ടെത്തി. സ്‌പേം തിമിംഗലത്തിന്റെ വിസര്‍ജ്യമായ ആംബര്‍ഗ്രിസ് കടലിലെ നിധി എന്നാണ് അറിയപ്പെടുന്നത്. തിമിംഗലത്തിന്റെ മരണ കാരണം കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിലാണ് അതിന്റെ കുടലില്‍ നിന്നും ആംബര്‍ഗ്രിസ് കണ്ടെത്തിയിരിക്കുന്നത്. ലാസ് പാല്‍മാസ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്‍ഡ് ഫുഡ് സെക്യൂരിറ്റി വിഭാഗം തലവന്‍ അന്റോണിയോ ഫെര്‍ണാണ്ടസ് റോഡ്രിഗ്യൂസിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. ഒഴുകുന്ന സ്വര്‍ണമെന്നും ആംബർഗ്രിസ് അറിയപ്പെടാറുണ്ട്.
പ്രക്ഷുബ്ധമായ കടലിന്റെ സമീപത്ത് നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് ഏറെ വെല്ലുവിളികള്‍ ഗവേഷകര്‍ക്ക് നേരിടേണ്ടി വന്നുവെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 50 മുതല്‍ 60 സെന്റീമീറ്റര്‍ വരെ വ്യാസവും 9.5 കിലോഗ്രാം ഭാരവുമുള്ള ആംബര്‍ഗ്രിസ് ആണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏറെ വിലമതിക്കുന്ന ആംബര്‍ഗ്രിസ് നൂറ്റാണ്ടുകളായി പെര്‍ഫ്യൂമുകളുടെ നിര്‍മാണത്തിനും മറ്റുമായി ഉപയോഗിച്ച് വരുന്നു. 1.75 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആംബര്‍ഗ്രിസ് കണ്ടെത്തിയിരുന്നുവെന്നതിന്റെ ഫോസില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, ഇതിന്റെ ഉറവിടം സംബന്ധിച്ച് കൃത്യമായ ധാരണ പണ്ട് ഉണ്ടായിരുന്നില്ല. കടല്‍പത ഖനീഭവിച്ച് ഉണ്ടായതാണെന്നും വലിയ പക്ഷിയുടെ വിസര്‍ജ്യമാണെന്നുമുള്ള വിവിധ പഠനങ്ങളും മുമ്പ് പുറത്ത് വന്നിരുന്നു.
advertisement
1800ല്‍ നടന്ന വന്‍തോതിലുള്ള തിമിംഗലവേട്ടയ്ക്കിടയാണ് ആംബെര്‍ഗ്രിസിന്റെ ഉറവിടമായ സ്‌പേം തിമിഗലത്തെ തിരിച്ചറിയാന്‍ സാധിച്ചത്. കണവ, കൂന്തള്‍ തുടങ്ങിയ കടല്‍മത്സ്യങ്ങളാണ് സ്‌പേം തിമിംഗലങ്ങളുടെ ഭക്ഷണം. ഇവയുടെ ദഹിക്കാതെ വരുന്ന ഭാഗങ്ങള്‍ ദഹനപ്രക്രിയയ്ക്ക് മുമ്പ് തന്നെ തിമിംഗലം ഛര്‍ദിക്കുന്നു. എന്നാല്‍, ചില അപൂര്‍വ സാഹചര്യങ്ങളില്‍ ഈ ദഹിക്കാത്ത ഭാഗങ്ങള്‍ കുടലിലെത്തുകയും അവിടെ വര്‍ഷങ്ങളോളം കിടന്ന് ഖനീഭവിക്കുകയും ചെയ്യാറുണ്ട്. ഇത് പിന്നീട് പുറത്തുവരുന്നതാണ് ആംബര്‍ഗ്രിസ് ആയി മാറുന്നത്.
advertisement
സ്‌പേം തിമിംഗലത്തിന്റെ ആന്തരികാവയവങ്ങളുടെ സംരക്ഷകനായും ആംബര്‍ഗ്രിസ് പ്രവര്‍ത്തിക്കുന്നുണ്ട്. ആംബര്‍ഗ്രിസിനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
പെര്‍ഫ്യൂം നിര്‍മാണത്തിന്
തുടക്കത്തില്‍ രൂക്ഷഗന്ധമുള്ള ഈ ആംബര്‍ഗ്രിസ് ഉണങ്ങിയെടുത്ത് കഴിയുമ്പോള്‍ സുഗന്ധപൂരിതമായ പദാര്‍ത്ഥം കിട്ടുന്നു. ഇതിന്റെ വേറിട്ട സുഗന്ധത്തെക്കുറിച്ച് പല സാഹിത്യകൃതികളിലും പ്രതിപാദിച്ചിട്ടുണ്ട്.
ആംബ്രെയ്ന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മദ്യവും ഇതില്‍ നിന്ന് നിര്‍മിക്കുന്നു. ആംബര്‍ഗ്രിസിനെ അതിന്റെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് പെര്‍ഫ്യൂം വിദഗ്ധര്‍ തരംതിരിച്ചിരിക്കുന്നത്. വെളുത്ത ശുദ്ധമായ ആംബര്‍ഗ്രിസില്‍ നിന്നുള്ള പെര്‍ഫ്യൂം ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. കറുത്ത നിറമുള്ള ആംബര്‍ഗ്രിസിന് താരതമ്യേന വിലക്കുറവാണ്. ഓക്‌സിഡേഷന്‍ പ്രക്രിയക്കിടെയാണ് ഇതിന്റെ നിറത്തില്‍ വ്യത്യാസം സംഭവിക്കുന്നത്.
advertisement
ഇന്ത്യയില്‍ നിരോധിച്ചത് എന്തുകൊണ്ട്?
യുഎസ്എ, ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ആംബെര്‍ഗ്രിസ് നിരോധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിലാണ് സ്‌പേം തിമിംഗലത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍, ഇതിന്റെ ആംബെര്‍ഗ്രിസ് ഉള്‍പ്പടെയുള്ള ഏതെങ്കിലും ശരീരഭാഗം വില്‍ക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 06, 2023 7:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
കടലിലെ നിധി; എന്താണ് ആംബര്‍ഗ്രിസ്? കരയ്ക്കടിഞ്ഞ സ്‌പേം തിമിംഗലത്തില്‍ നിന്ന് കണ്ടെത്തിയത് 9.5 കിലോഗ്രാം


