കേശവാനന്ദ ഭാരതി കേസും ഭരണഘടനയുടെ അടിസ്ഥാന ഘടനാ സിദ്ധാന്തവും; പിന്നീടുള്ള കേസുകളെ സ്വാധീനിച്ചത് എങ്ങനെ?
- Published by:user_57
- news18-malayalam
Last Updated:
എന്താണ് കേശവാനന്ദ ഭാരതി കേസ്? ഈ കേസിലെ വിധി പിന്നീടുള്ള സുപ്രീംകോടതി വിധിയെ സ്വാധീനിച്ചത് എങ്ങനെയാണ്? ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ എന്തൊക്കെ
ഓഗസ്റ്റ് 7 ന് പാർലമെന്റിൽ നടത്തിയ കന്നി പ്രസംഗത്തിൽ, സുപ്രീം കോടതി രൂപീകരിച്ച ‘അടിസ്ഥാന ഘടനാ സിദ്ധാന്ത’ത്തെക്കുറിച്ച് (Basic Structure’ Doctrine) രാജ്യസഭാംഗവും മുൻ ചീഫ് ജസ്റ്റിസുമായ രഞ്ജൻ ഗൊഗോയ് സംസാരിച്ചിരുന്നു. 1973 ലെ കേശവാനന്ദ ഭാരതി കേസാണ് ഇതിന് ആധാരമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
”കേശവാനന്ദ ഭാരതി കേസിനെക്കുറിച്ച് ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറൽ അന്ധ്യരുജിന (Andhyarujina) രചിച്ച ഒരു പുസ്തകമുണ്ട്. ഈ പുസ്തകം വായിച്ചുകഴിഞ്ഞാൽ, ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള സിദ്ധാന്തത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കും. ഈ വിഷയത്തിൽ കൂടുതൽ സംവാദങ്ങൾ നടക്കേണ്ടതുണ്ട് എന്നാണ് എന്റെ കാഴ്ചപ്പാട്. ഇതിൽ കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല”, എന്നും രഞ്ജൻ ഗൊഗോയ് പറഞ്ഞിരുന്നു.
രഞ്ജൻ ഗൊഗോയ്‍യുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയിൽ ബഹളമുണ്ടാക്കി. ജഡ്ജിമാർ സ്ഥാനമൊഴിഞ്ഞാൽ, അവർ പറയുന്നതെന്തും അവരുടെ അഭിപ്രായം മാത്രമായി കണക്കാക്കണമെന്നാണ് ഗൊഗോയിയുടെ അഭിപ്രായത്തോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രതികരിച്ചത്. ഗൊഗോയിയുടെ അഭിപ്രായങ്ങൾക്കു പിന്നാലെ, ഭരണഘടനയുടെ അടിസ്ഥാന ഘടനാ സിദ്ധാന്തത്തെയും ഭരണഘടനയെ വ്യാഖ്യാനിക്കുന്നതിൽ ജുഡീഷ്യറിക്കുള്ള അധികാരത്തെയും സംബന്ധിച്ച ചർച്ചകൾ വീണ്ടും ചൂടു പിടിച്ചിരിക്കുകയാണ്. എന്താണ് കേശവാനന്ദ ഭാരതി കേസ്? ഈ കേസിലെ വിധി പിന്നീടുള്ള സുപ്രീംകോടതി വിധിയെ സ്വാധീനിച്ചത് എങ്ങനെയാണ്? ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ വിശദമായി മനസിലാക്കാം.
advertisement
കേശവാനന്ദ ഭാരതി V/S കേരള സർക്കാർ കേസ്
1973 ഏപ്രില്‍ 24 നാണ് സുപ്രീംകോടതി കേശവാനന്ദ ഭാരതി കേസിലെ ചരിത്രവിധി പുറപ്പെടുവിച്ചത്. കേശവാനന്ദ ഭാരതിയും കേരള സർക്കാരുമായുള്ള കേസിലാണ് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്‍റിന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചത്. 1969 ൽ കേരള സർക്കാർ പാസ്സാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിരെയാണ് എടനീർ മഠാധിപതി സ്വാമി കേശവാനന്ദഭാരതി സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസിലെ വാദത്തിനിടെയാണ് സുപ്രധാനമായ ഈ ഭരണഘടനാ പ്രശ്നം ഉയർന്നു വന്നത്.
advertisement
സുപ്രീം കോടതിയിലെ 13 ജഡ്ജിമാർ അടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. സുപ്രീം കോടതിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ബെഞ്ചാണിത്. അഞ്ച് മാസത്തെ വാദം കേൾക്കലിനു ശേഷമാണ് 800 പേജുകളുള്ള വിധിന്യായം പ്രസ്താവിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിലെ ‘അപ്പീല്‍ സംബന്ധിയായ ഏറ്റവും ദൈർഘ്യമേറിയ വിധി’ (longest appellate decision) എന്നും ഈ വിധി അറിയപ്പെടുന്നു
ചീഫ് ജസ്റ്റിസ് എസ്എം സിക്രി, ജസ്റ്റിസുമാരായ എഎൻ ഗ്രോവർ, എഎൻ റേ, ഡിജി പലേക്കർ, എച്ച്ആർ ഖന്ന, ജെഎം ഷെലാത്ത്, കെകെ മാത്യു, കെഎസ് ഹെഗ്‌ഡെ, എംഎച്ച് ബേഗ്, പി ജഗൻമോഹൻ റെഡ്ഡി, എസ്എൻ ദ്വിവേദി, വൈവി ചന്ദ്രചൂഡ്, ബികെ മുഖർജി എന്നിവരായിരുന്നു ബെഞ്ചിലെ 13 ജഡ്ജിമാർ. എൻ എ പൽഖിവാല, എച്ച്എം സെർവായി, നിരേൻ ഡെ തുടങ്ങിയ വലിയൊരു വിഭാഗം നിയമ വിദഗ്ധരും ഈ കേസിൽ ഇടപെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്നായി കേശവാനന്ദ ഭാരതി കേസ് മാറി. കേസുമായി ബന്ധപ്പെട്ട്, പതിമൂന്ന് ജഡ്ജിമാർ പതിനൊന്ന് വ്യത്യസ്ത അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്.
advertisement
സുപ്രീംകോടതിയുടെ അധികാരത്തെക്കുറിച്ചുള്ള സുപ്രധാനമായി നിർദേശം പുറപ്പെടുവിച്ചതിനാൽ ഈ കേസ്, ഭരണഘടന സംബന്ധിച്ചും സുപ്രീംകോടതിയുടെ പരമാധികാരം സംബന്ധിച്ചും സവിശേഷമായ ഒരു കേസായി കണക്കാക്കപ്പെടുന്നു. ഈ വിധി അനുസരിച്ച്, 1973 ഏപ്രിൽ 24 ന് ശേഷം, പാർലമെന്റ് പാസാക്കിയ ഏത് നിയമവും, അത് ഭരണഘടനാ ഭേദഗതി ആയാൽ പോലും, ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും ധാർമികതയും ലംഘിക്കുന്നതായി കണ്ടെത്തിയാൽ സുപ്രീം കോടതിക്ക് അത് പുനഃപരിശോധിക്കുകയും റദ്ദാക്കുകയും ചെയ്യാം.
7:6 എന്ന നേരിയ ഭൂരിപക്ഷത്തോടെയാണ് അന്ന് സുപ്രീംകോടതി ഈ ചരിത്രവിധി പ്രഖ്യാപിച്ചത്. ഭരണഘടനയുടെ അടിസ്ഥാന ഘടനയോ അവശ്യ സവിശേഷതകളോ മാറ്റുകയോ ഭേദഗതി വരുത്തുകയോ ചെയ്യാതെ പാർലമെന്റിന് ഇതിലെ ഏത് ഭാഗവും ഭേദഗതി ചെയ്യാമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
advertisement
ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
കേശവാനന്ദ ഭാരതി കേസിനു ശേഷം ഉണ്ടായ വ്യത്യസ്ത കേസുകളിലൂടെ, ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ ഉൾക്കൊള്ളുന്ന കാര്യങ്ങളെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ചിട്ടുണ്ട്. അത്തരത്തിൽ അടിസ്ഥാന ഘടനാ സിദ്ധാന്തം പ്രയോഗിക്കപ്പെട്ട ആദ്യത്തെ പ്രധാന കേസ് ഇന്ദിരാ നെഹ്‌റു ഗാന്ധി V/S ശ്രീ രാജ് നരേൻ കേസ് (Indira Nehru Gandhi vs Shri Raj Narain) ആയിരുന്നു. ഭരണഘടനയുടെ 39-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണ് എന്നാണ് അന്ന് സുപ്രീം കോടതി വിധിച്ചത്. ഈ ഭേദഗതിയിലൂടെ, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് തർക്കങ്ങൾ ജുഡീഷ്യറിയുടെ അധികാര പരിധിയിൽ നിന്നും മാറ്റിനിർത്തപ്പെട്ടു. അതിനുശേഷം, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്ന നിയമമോ ഭരണഘടനാ സംബന്ധിക്കുന്ന നൂറുകണക്കിന് കേസുകൾ സുപ്രീം കോടതി പരിഗിണിച്ചിട്ടുണ്ട്. അവയിൽ പലതും റദ്ദാക്കിയിട്ടുമുണ്ട്.
advertisement
എം. ലക്ഷ്മീകാന്തയുടെ ഇന്ത്യൻ പോളിറ്റി (Indian Polity) എന്ന പുസ്തകത്തിൽ ഈ കേസുകളെക്കുറിച്ചും ആ കേസുകളിൽ പ്രതിപാദിക്കപ്പെട്ട, ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ ഉൾക്കൊള്ളുന്ന കാര്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
കേശവാനന്ദ ഭാരതി കേസ് (1973)
1. ഭരണഘടനയുടെ പരമാധികാരം
2. ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവ തമ്മിലുള്ള അധികാര വിഭജനം
3. റിപ്പബ്ലിക്കും ജനാധിപത്യ ഭരണകൂടവും
4. ഭരണഘടനയുടെ മതേതര സ്വഭാവം
5. ഭരണഘടനയുടെ ഫെഡറൽ സ്വഭാവം
6. ഇന്ത്യയുടെ പരമാധികാരവും ഐക്യവും
advertisement
8. വ്യക്തിയുടെ സ്വാതന്ത്ര്യവും അന്തസും
9. ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള നിർദേശങ്ങൾ
10. പാർലമെന്ററി സംവിധാനം
ഇന്ദിരാ നെഹ്‌റു ഗാന്ധി കേസ് (1975)
1. ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കാണ്
2. ഒരോ വ്യക്തിക്കും ലഭിക്കുന്ന പദവികളിലും അവസരങ്ങളിലുമുള്ള തുല്യത
3. മതേതരത്വവും മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും
4. നിയമങ്ങളിൽ അധിഷ്ഠിതമായ ഭരണം
5. നിയമപരമായ അവലോകനം
6. ജനാധിപത്യ രാജ്യത്തിനു ചേർന്ന വിധത്തിലുള്ള സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്
മിനർവ മിൽസ് കേസ് (1980)
1. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റനുള്ള പരിമിതമായ അധികാരം
2. മൗലികാവകാശങ്ങളും ഭരണഘടനയിലെ നിർദേശങ്ങളും തമ്മിലുള്ള ബാലൻസ്
ഭീം സിംഗ്ജി കേസ് (1981)
വെൽഫെയർ സ്റ്റേറ്റ് (സാമൂഹ്യ-സാമ്പത്തിക നീതി)
എസ്പി സമ്പത്ത് കുമാർ കേസ്
1. റൂൾ ഓഫ് ലോ (1987)
2. നിയമപരമായ അവലോകനം
പി സാംബമൂർത്തി കേസ്
1. റൂൾ ഓഫ് ലോ (1987)
2. നിയമപരമായ അവലോകനം
ഇന്ദ്ര സാഹ്‌നി കേസ് (മണ്ഡലം കേസ്) (1992))
നിയമവാഴ്ച
കുമാർ പത്മ പ്രസാദ് കേസ് (1992)
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം
കിഹോട്ടോ ഹോളോഹോൺ കേസ് (Kihoto Hollohon Case (1993))
1. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്
2. പരമാധികാര, ജനാധിപത്യ, റിപ്പബ്ലിക്കൻ ഘടന
രഘുനാഥ് റാവു കേസ് (1993)
1. സമത്വം
2. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും
എസ് ആർ ബൊമ്മൈ കേസ് (1994)
1. ഫെഡറലിസം
2. മതേതരത്വം
3. ജനാധിപത്യം
4. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും
5. സാമൂഹ്യ നീതി
6. നിയമപരമായ അവലോകനം
എൽ ചന്ദ്രകുമാർ കേസ് (1997)
ആർട്ടിക്കിൾ 226, 227 പ്രകാരം ഹൈക്കോടതികൾക്കുള്ള അധികാരങ്ങൾ
ഇന്ദ്ര സാവ്നി II കേസ് (2000)
സമത്വം
ഓൾ ഇന്ത്യ ജഡ്ജ്സ് അസോസിയേഷൻ കേസ് (2002)
സ്വതന്ത്ര നീതിന്യായ വ്യവസ്ഥ
കുൽദീപ് നയ്യർ കേസ് (2006)
1. ജനാധിപത്യം
2. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്
എം. നാഗരാജ് കേസ് (2006)
സമത്വം
നമിത് ശർമ്മ കേസ് (2013)
വ്യക്തിയുടെ സ്വാതന്ത്ര്യവും അന്തസും
മദ്രാസ് ബാർ അസോസിയേഷൻ കേസ് (2014)
1. ജുഡീഷ്യൽ റിവ്യൂ
2. ആർട്ടിക്കിൾ 226, 227 എന്നിവ പ്രകാരം ഹൈക്കോടതികൾക്കുള്ള അധികാരങ്ങൾ
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 16, 2023 8:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
കേശവാനന്ദ ഭാരതി കേസും ഭരണഘടനയുടെ അടിസ്ഥാന ഘടനാ സിദ്ധാന്തവും; പിന്നീടുള്ള കേസുകളെ സ്വാധീനിച്ചത് എങ്ങനെ?