ട്രക്കോമ:സ്ത്രീകള്‍ക്ക് അന്ധത ബാധിക്കാൻ പുരുഷന്മാരേക്കാള്‍ നാലിരട്ടി സാധ്യതയുള്ള രോഗം ഇന്ത്യ തുടച്ച് നീക്കിയതെങ്ങനെ?
- Published by:meera_57
- news18-malayalam
Last Updated:
ട്രക്കോമ ഒരു ബാക്ടീരിയല്‍ അണുബാധയാണ്. വൃത്തിഹീനമായ ചുറ്റുപാടില്‍ ജീവിക്കുന്നവര്‍ക്കിടയിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്
ട്രക്കോമ എന്ന ബാക്ടീരിയല്‍ രോഗത്തെ ഇന്ത്യ തുടച്ചുനീക്കിയിരിക്കുകയാണ്. 1950കളുടെ അവസാനം അന്ധതയുടെ ഒരു പ്രധാനകാരണമായിരുന്നു ഈ രോഗം. തുടര്‍ന്ന് പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുമുണ്ടായി.
തെക്ക്കിഴക്കന്‍ ഏഷ്യയില്‍ ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നേപ്പാളും മ്യാന്‍മറുമാണ് മറ്റ് രണ്ട് രാജ്യങ്ങള്‍. "ഒരു പൊതുജനാരോഗ്യപ്രശ്‌നമായ ട്രക്കോമയെ ഇന്ത്യ ഇല്ലാതാക്കിയത് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രശ്‌നത്തെ ലഘൂകരിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്," ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
എന്താണ് ട്രക്കോമ രോഗം?
ട്രക്കോമ ഒരു ബാക്ടീരിയല്‍ അണുബാധയാണ്. വൃത്തിഹീനമായ ചുറ്റുപാടില്‍ ജീവിക്കുന്നവര്‍ക്കിടയിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. ക്ലമീഡിയ ട്രക്കോമാറ്റിസ് എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന്റെ കാരണം.
advertisement
ശുചിത്വമില്ലായ്മ, തിങ്ങിനിറഞ്ഞ വീടുകള്‍, വെള്ളം, ശുചിത്വ സൗകര്യങ്ങള്‍ എന്നിവയുടെ അപര്യാപ്തത എന്നിവയാണ് രോഗം പകരുന്നതിനുള്ള പാരിസ്ഥിതിക ഘടകങ്ങള്‍.
കുട്ടിക്കാലത്ത് ആവര്‍ത്തിച്ചുണ്ടാകുന്ന അണുബാധകള്‍ മുകളിലെ കണ്‍പോളകളുടെ ഉള്ളില്‍ പാടുകളുണ്ടാക്കുന്നു. ഇത് കണ്‍പോളകളുടെ അരികുകള്‍ അകത്തേക്ക് മടങ്ങാന്‍ കാരണമാകുന്നു. ഇതുമൂലം കണ്‍പീലികള്‍ നേത്രഗോളത്തില്‍ സ്പര്‍ശിക്കുന്നു.
ട്രക്കോമ എത്ര പേരെ ബാധിച്ചു?
രോഗബാധിതരായ കുട്ടികളുമായി കൂടുതല്‍ തവണ സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ സ്ത്രീകള്‍ക്ക് ട്രക്കോമ മൂലം അന്ധത ബാധിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ നാലിരട്ടി അധികമാണ്.
ലോകമെമ്പാടുമുള്ള 15 കോടിയാളുകള്‍ക്ക് ട്രക്കോമ ബാധിച്ചിട്ടുണ്ട്. അവരില്‍ 60 ലക്ഷം ആളുകള്‍ക്ക് അന്ധതയോ അല്ലെങ്കില്‍ കാഴ്ച വൈകല്യമോ പോലെയുള്ള സങ്കീര്‍ണതകള്‍ പിടിപെടാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന കണക്കാക്കുന്നു.
advertisement
2020ല്‍ ലോകത്ത് 3.2 കോടിയാളുകളെ ട്രക്കോമയ്ക്കുള്ള ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിച്ചു. 42,000ത്തില്‍ അധികം ആളുകള്‍ക്ക് ശസ്ത്രക്രിയ നടത്തി. 19 ലക്ഷം ആളുകള്‍ ട്രക്കോമ മൂലം അന്ധരായവരോ കാഴ്ച വൈകല്യം നേരിടുന്നവരോ ആണ്. ലോകമെമ്പാടുമുള്ള അന്ധതയുടെ 1.4 ശതമാനം കേസുകളും ട്രക്കോമയാണ്.
39 രാജ്യങ്ങളില്‍ ട്രക്കോമ ഒരു പ്രധാന ആരോഗ്യപ്രശ്‌നമായി തുടരുന്നു.
ട്രക്കോമയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ?
ട്രക്കോമ ഒരു പകര്‍ച്ചവ്യാധിയാണ്. രോഗബാധിതരായവരുടെ കണ്ണുകള്‍, കണ്‍പോളകള്‍, മൂക്ക് അല്ലെങ്കില്‍ തൊണ്ടയില്‍ നിന്നുള്ള സ്രവങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ ഈ രോഗം പകരും. മതിയായ ചികിത്സ ഉറപ്പുവരുത്താതെയിരുന്നാല്‍ ഇത് അന്ധതയ്ക്കും കാരണമാകും.
advertisement
'പിങ്ക് ഐ' എന്നറിയപ്പെടുന്ന നേത്രരോഗത്തിലൂടെയാണ് ട്രക്കോമ തുടങ്ങുന്നത്. കണ്ണുകളിലും കണ്‍പോളകളിലും ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാകും. ഇത് കൂടാതെ കണ്ണില്‍ നിന്ന് സ്രവങ്ങള്‍ വരികയും കണ്ണിന് വേദന, വെളിച്ചം കാണുമ്പോള്‍ ബുദ്ധിമുട്ട്, കാഴ്ച മങ്ങല്‍ എന്നിവയും അനുഭവപ്പെടാം.
രോഗം അടുത്ത ഘട്ടത്തിലേക്ക് എത്തുമ്പോള്‍ കണ്‍പോളകള്‍ കണ്ണിന്റെ ഉള്ളിലേക്ക് വലിയുന്നു. അപ്പോള്‍ കണ്‍പീലികള്‍ നേത്രഗോളത്തില്‍ സ്പര്‍ശിക്കുന്നു.
ചില കേസുകളില്‍ കുട്ടിക്കാലത്തുതന്നെ അന്ധത സംഭവിക്കാന്‍ ഇടയുണ്ട്. എങ്കിലും 30നും 40നും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതലായും ട്രക്കോമ മൂലമുള്ള അന്ധത റിപ്പോര്‍ട്ട് ചെയ്യുന്നത്.
advertisement
ഇന്ത്യയില്‍ 1963ല്‍ ദേശീയ ട്രക്കോമ നിയന്ത്രണ പദ്ധതി ആരംഭിച്ചു. പിന്നീട് ട്രക്കോമ നിയന്ത്രണ ശ്രമങ്ങള്‍ ഇന്ത്യയുടെ ദേശീയ അന്ധത നിയന്ത്രണ പരിപാടിയുമായി(എന്‍പിസിബി) സംയോജിപ്പിക്കുകയായിരുന്നു.
സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പിന്നാലെ 1970കളില്‍ ട്രക്കോമ കേസുകള്‍ ഗണ്യമായി കുറഞ്ഞു. നാഷണല്‍ പ്രോഗ്രാം ഫോര്‍ കണ്‍ട്രോള്‍ ഓഫ് ബ്ലൈന്‍ഡ്‌നെസ് ആന്‍ഡ് വിഷ്വല്‍ ഇംപെയര്‍മെന്റ്(National Programme for Control of Blindness & Visual Impairment -NPCBVI) പദ്ധതിയുടെ ഭാഗമായി കേസുകള്‍ ഒരു ശതമാനമായി കുറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
ലോകാരോഗ്യസംഘടനയുടെ സേഫ് പദ്ധതി നടപ്പിലാക്കിയതിന് ശേഷം 2017ല്‍ ഇന്ത്യയെ ട്രക്കോമ മുക്തമായി പ്രഖ്യാപിച്ചു. ശസ്ത്രക്രിയ, ആന്റിബയോട്ടിക്കുകള്‍, മുഖശുചിത്വം, പരിസരശുചിതം എന്നിവ രോഗം ഇല്ലാതാക്കാന്‍ സഹായിച്ചു. എങ്കിലും 2019 മുതല്‍ 2024 വരെ ഇന്ത്യയിലെ എല്ലാ ജില്ലകളിലും ട്രക്കോമ കേസുകള്‍ കണ്ടെത്തുന്നതിനായി നിരീക്ഷണം തുടര്‍ന്നു.
2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ എന്‍പിസിബിവിഐയുടെ കീഴില്‍ രാജ്യത്തെ 200 ജില്ലകളില്‍ നാഷണല്‍ ട്രക്കോമാറ്റസ് ട്രിച്ചിയാസിസ് (എന്‍ടിടി) സര്‍വെ നടത്തിയശേഷം ഈ രോഗത്തെ ഇന്ത്യ തുടച്ചുനീക്കിയതായി ലോകാരോഗ്യ സംഘടന അംഗീകരിച്ചു.
advertisement
2023 ആകുമ്പോഴേക്കും 20 രോഗങ്ങളും രോഗഗ്രൂപ്പുകളും നിയന്ത്രിക്കാനും ഉന്മൂലനം ചെയ്യാനും ലക്ഷ്യമിടുന്ന ലോകാരോഗ്യസംഘടനയുടെ 2021-2030 ട്രോപ്പിക്കല്‍ ഡിസീസ് റോഡ്മാപ്പിന്റെ ഭാഗമായാണ് ട്രക്കോമ നിര്‍മാര്‍ജനം.
പ്രതിരോധവും ചികിത്സയും
അസിത്രോമൈസിന്‍ പോലെയുള്ള ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിലൂടെ ട്രക്കോമയെ ആദ്യഘട്ടത്തില്‍ തടയാന്‍ കഴിയും.
അന്ധത തടയാന്‍ രോഗബാധിതര്‍ക്ക് ശസ്ത്രക്രിയ, അണുബാധ ഇല്ലാതാക്കാന്‍ ആന്റിബയോട്ടിക് ചികിത്സ, രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് മുഖ ശുചിത്വം പ്രോത്സാഹിപ്പിക്കല്‍ എന്നിവയെല്ലാമാണ് ലോകാരോഗ്യസംഘടന ശൂപാര്‍ശ ചെയ്യുന്നത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 11, 2024 5:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ട്രക്കോമ:സ്ത്രീകള്‍ക്ക് അന്ധത ബാധിക്കാൻ പുരുഷന്മാരേക്കാള്‍ നാലിരട്ടി സാധ്യതയുള്ള രോഗം ഇന്ത്യ തുടച്ച് നീക്കിയതെങ്ങനെ?