രഞ്ജിതയെ അവഹേളിച്ച പവിത്രനെതിരെ കഠിനശിക്ഷയ്ക്ക് മന്ത്രി; ഡെപ്യൂട്ടി തഹസിൽദാറെ പിരിച്ചു വിടുന്നതിന്റെ നടപടി ക്രമം 

Last Updated:

പവിത്രനെതിരെ കഠിന ശിക്ഷയ്ക്കുള്ള നടപടി സ്വീകരിക്കാനാണ് റവന്യു മന്ത്രി കെ രാജൻ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്

News18
News18
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ മലയാളി നേഴ്സ് രഞ്ജിത ജി.നായരെക്കുറിച്ച് അപകീര്‍ത്തികരവും സ്ത്രീവിരുദ്ധവുമായ കമന്റ് ഇട്ട റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനെതിരെ കഠിന ശിക്ഷയ്ക്കു ള്ള നടപടി സ്വീകരിക്കാൻ റവന്യു മന്ത്രി.
എയർ ഇന്ത്യാ വിമാനം തകർന്ന് മണിക്കൂറുകൾക്കുള്ളിൽ രഞ്ജിതയ്ക്ക് എതിരെ ലൈംഗികമായും തൊഴിൽപരമായും ജാതീയമായും അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ പ്രതികരിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍പവിത്രനെ സര്‍ക്കാർ സസ്പെൻഡ‍് ചെയ്തിരുന്നു.
ഇതും വായിക്കുക :വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാരെ സസ്പെൻഡ് ചെയ്തു
നിലവിൽ ഇയാളെ 14 ദിവസത്തേക്ക് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 1 റിമാൻഡ് ചെയ്തിരിക്കുകയാണ്. എൻഎസ്എസ് ഹോസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ് പ്രഭാകരൻ കരിച്ചേരിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണിത്.24 മണിക്കൂറിൽ അധികം സമയം ​ഗവൺമെന്റ് ഉദ്യോ​ഗസ്ഥൻ‌ പൊലീസ് കസ്റ്റഡിയിൽ ഇരുന്നാൽ ​സർവീസ് ചട്ടമനുസരിച്ച് ജോലിയിൽ നിന്നും പിരിച്ചുവിടാൻ സാധ്യതയേറെയാണ്.
advertisement
പവിത്രനെതിരെ കഠിന ശിക്ഷയ്ക്കുള്ള നടപടി സ്വീകരിക്കാനാണ് റവന്യു മന്ത്രി കെ രാജൻ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
എന്താണ് കഠിന ശിക്ഷ? അത് നടപ്പാക്കുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?
സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്നതും സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നതും കഠിന ശിക്ഷയില്‍ ഉള്‍പ്പെടുന്നു.
സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്ന ഒരാള്‍ക്ക് പിന്നീട് പി എസ് സി പരീക്ഷ എഴുതി വീണ്ടും സര്‍വീസില്‍ കയറാനുള്ള അവസരം ഉണ്ട്. എന്നാല്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിടപ്പെടുന്ന ഉദ്യോഗസ്ഥന് പിന്നീട് ഒരിക്കലും പി എസ് സി പരീക്ഷ എഴുതി സര്‍വീസില്‍ കയറാന്‍ കഴിയില്ല. നീക്കം ചെയ്യപ്പെട്ടാലും പിരിച്ചു വിടപ്പെട്ടാലും മുഴുവന്‍ പെന്‍ഷന്‍ ആനുകൂല്യങ്ങളും നഷ്ടമാവുകയും ചെയ്യും.
advertisement
എന്താണ് നടപടിക്രമങ്ങള്‍?
ഒരു ജീവനക്കാരന് എതിരെ കഠിന ശിക്ഷ നടപ്പാക്കുന്നത് അത്ര എളുപ്പമുള്ള നടപടിക്രമമല്ല. ഇവിടെ പവിത്രന്‍ ഗസറ്റഡ് ഉദ്യോഗസ്ഥനല്ല. അതിനാല്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് അച്ചടക്ക നടപടി എടുക്കാം. ഗസറ്റഡ് ഉദ്യോഗസ്ഥന് എതിരെ സര്‍ക്കാരാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്.
ആദ്യം പവിത്രന് അയാള്‍ ചെയ്ത കുറ്റങ്ങളും ചട്ടലംഘനങ്ങളും വിവരിച്ച് കുറ്റപത്രം നല്‍കണം. കുറ്റപത്രത്തിന് മറുപടി നല്‍കാന്‍ 15 ദിവസത്തെ സമയം അനുവദിക്കും. ഇദ്ദേഹം സമര്‍പ്പിക്കുന്ന മറുപടി തൃപ്‍തികരമല്ലെങ്കില്‍ ഇദ്ദേഹത്തിന് എതിരെ ഔപചാരിക അന്വേഷണം നടത്തണം.
advertisement
അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന് രണ്ട് മാസത്തെ സമയം അനുവദിക്കും. ഇത് ലഭിച്ചു കഴിഞ്ഞാല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതന് നല്‍കേണ്ട ശിക്ഷ നിശ്ചയിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. നിങ്ങള്‍ക്കെതിരെ ഈ ശിക്ഷ നടപ്പാക്കുന്നത് തടയുന്നതിന് വ്യക്തമായ കാരണം ബോധിപ്പിക്കാനുള്ളതാണ് കാരണം കാണിക്കല്‍ നോട്ടീസ്. ഈ നോട്ടീസ് നല്‍കിയതിന് ശേഷം കുറ്റാരോപിതന് നേരില്‍ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ അവസരം നല്‍കും.
ഇതും വായിക്കുക : വിമാനാപകടത്തിൽ മരിച്ച നഴ്‌സിനെ അപമാനിച്ച ഉദ്യോഗസ്ഥൻ സര്‍വീസില്‍ തുടരാൻ പ്രാപ്തനല്ല; കർശനമായ നിയമനടപടിക്ക് കളക്ടറുടെ ശുപാർശ
കുറ്റാരോപിതനെ നേരില്‍ കേള്‍ക്കുന്നതിന് ഒരു ഹിയറിംഗ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. കുറ്റാരോപിതന് നല്‍കിയിരിക്കുന്ന താല്‍ക്കാലിക ശിക്ഷ വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇളവ് ചെയ്തു നല്‍കുന്നതിന് ഹിയറിംഗ് ഓഫീസര്‍ക്ക് അധികാരമുണ്ട്. ഹിയറിംഗ് കഴിഞ്ഞ ശേഷം മുന്‍ നിശ്ചയിച്ച ശിക്ഷ തന്നെ തീരുമാനിക്കുകകയോ അതില്‍ ഇളവ് നല്‍കുകയോ ചെയ്ത ശേഷം ശിക്ഷ അന്തിമമാക്കുന്നതിന് മുമ്പ് പി എസ് സിയുടെ അനുമതി തേടും. പി എസ് സി യുടെ അനുമതി കിട്ടി കഴിഞ്ഞാല്‍ ശിക്ഷ അന്തിമമാകും.
advertisement
ഇതും വായിക്കുക : അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സിനെ ഹീനമായി അപമാനിച്ച് മുതിർന്ന റവന്യു ഉദ്യോഗസ്ഥൻ; വ്യാപക വിമർശനം
ഉദ്യോഗസ്ഥൻ സര്‍വീസില്‍ തുടരുന്നതിന് പ്രാപ്തനല്ല എന്നും കർശനമായ നിയമ നടപടികൾ ഉണ്ടാകണമെന്നും കാസർഗോഡ് കളക്ടർ ശുപാർശ ചെയ്തിരുന്നു.നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാലും സര്‍വീസില്‍ തുടരുന്നതിന് പ്രാപ്തനല്ല എന്ന് ബോധ്യപ്പെട്ടതിനാലുമാണ് പവിത്രന് എതിരെ കർശനമായ നിയമ നടപടികൾക്ക് കാസർകോട് ജില്ലാ കളക്ടര്‍ സര്‍ക്കാരിലേക്ക് ശുപാർശ ചെയ്തത്.സമൂഹ മാധ്യമത്തിലൂടെയുള്ള അപകീര്‍ത്തി പ്രചാരണവുമായി ബന്ധപ്പെട്ട് ഈ വ്യക്തിക്കെതിരെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത് നാലാമത്തെ കേസാണ്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
രഞ്ജിതയെ അവഹേളിച്ച പവിത്രനെതിരെ കഠിനശിക്ഷയ്ക്ക് മന്ത്രി; ഡെപ്യൂട്ടി തഹസിൽദാറെ പിരിച്ചു വിടുന്നതിന്റെ നടപടി ക്രമം 
Next Article
advertisement
കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ
കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ
  • കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ കിരീടം നേടുന്ന ആദ്യ കേരള ടീമായി.

  • അമിനിറ്റി പബ്ലിക് സ്കൂളിനെ 2-0 ന് തോൽപ്പിച്ച് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ കിരീടം നേടി.

  • പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ജോൺ സീനയും ആദി കൃഷ്ണയും നേടിയ ഗോളുകൾ വിജയത്തിൽ നിർണായകമായി.

View All
advertisement