• HOME
 • »
 • NEWS
 • »
 • explained
 • »
 • ജപ്പാൻ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വികസനത്തിനൊരുങ്ങുന്നു

ജപ്പാൻ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വികസനത്തിനൊരുങ്ങുന്നു

20 ബില്യൺ ഡോളറിന്റെ പദ്ധതി നടപ്പിലാക്കാനാണ് രാജ്യം തയ്യാറെടുക്കുന്നത്

 • Share this:

  റഷ്യ-യുക്രൈയ്ൻ യുദ്ധം, മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രതിരോധശേഷി ശക്തമാക്കാനൊരുങ്ങി ജപ്പാൻ. സൈനികശക്തി മെച്ചപ്പെടുത്തുന്നതിനായി 20 ബില്യൺ ഡോളറിന്റെ പദ്ധതി നടപ്പിലാക്കാനാണ് രാജ്യം തയ്യാറെടുക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിരോധ പദ്ധതിയാണിത്.

  ജപ്പാനെയും ജപ്പാനിലെ ജനങ്ങളെയും സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നിമിഷം ആണെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറ‍ഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന സുരക്ഷാ വെല്ലുവിളികൾക്ക് ഇതോടെ ഉത്തരമാകും എന്നും അദ്ദേഹം പറഞ്ഞു.

  ജപ്പാൻ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് എന്തുകൊണ്ട്?

  റഷ്യയുടെ പിന്തുണയോടെ തായ്‌വാൻ ആക്രമിക്കാൻ ചൈന തയ്യാറായേക്കുമെന്ന ഭയം ജപ്പാനുണ്ട്. അങ്ങനെ സംഭവിച്ചാൽ, അത് ജാപ്പനീസ് ദ്വീപുകൾക്കും ഭീഷണിയാകും. ശരിയായ നേതൃത്വവും പരിശീലനവും ഉണ്ടെങ്കിൽ ജപ്പാന്റെ നാവികസേനക്ക് ലോകോത്തര നിലവാരത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്ന് മുൻ കമാൻഡർ ആയിരുന്ന അഡ്മിറൽ യോജി കോഡ പറഞ്ഞു.

  പ്രതിരോധ വികസനത്തിനായി അഞ്ചു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്കാണ് ജപ്പാൻ രൂപം നൽകിയിരിക്കുന്നത്. സ്പെയർ പാർട്സുകളും മറ്റ് യുദ്ധസാമഗ്രികളും സംഭരിക്കുക, ഗതാഗത ശേഷി വികസിപ്പിക്കുക, സൈബർ യുദ്ധ ശേഷി വികസിപ്പിക്കുക തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നു.

  രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം എന്താണ് സംഭവിച്ചത്?

  രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, അമേരിക്ക മുന്നോട്ടുവെച്ച ഒരു പുതിയ ഭരണഘടന ജപ്പാൻ അംഗീകരിച്ചു. വൻ നശീകരണ ശേഷിയുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിക്കുന്ന നിയമങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു. യുക്രെയ്നിലെ റഷ്യൻ അധിനിവേശം ഗുരുതരമായ നിയമ ലംഘനമാണെന്ന് ജപ്പാൻ‍ വിശ്വസിക്കുന്നു.

  തായ്‌വാനെ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ ചൈനയും ഇത്തരത്തിൽ മുതിർന്നേക്കുമെന്ന് അവർ ഭയപ്പെടുന്നുണ്ട്. ചൈന, റഷ്യ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണിയെ ചെറുക്കാൻ അമേരിക്കയുമായും സമാന ചിന്താഗതിക്കാരായ മറ്റ് രാഷ്ട്രങ്ങളുമായും സഹകരിച്ചു പ്രവർത്തിക്കാനും ജപ്പാൻ ആലോചിക്കുന്നുണ്ട്.

  ജപ്പാൻ-തായ്‌വാൻ എക്‌സ്‌ചേഞ്ച് അസോസിയേഷൻ ചെയർമാൻ മിത്‌സുവോ ഒഹാഷിയുമായി തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ് വെൻ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ‌ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനും യോ​ഗത്തിൽ ധാരണയായിരുന്നു. പ്രതിരോധം, സുരക്ഷ, സമ്പദ്‌വ്യവസ്ഥ, വ്യാപാരം, വ്യാവസായിക വികസനം തുടങ്ങി വിവിധ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കാൻ തങ്ങൾ ആ​ഗ്രഹിക്കുന്നതായി തായ്‍വാൻ പ്രസിഡൻഷ്യൽ ഓഫീസ് ഔദ്യോ​ഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

  യുക്രൈയ്ൻ യുദ്ധത്തിനു ശേഷം പ്രതിരോധ ശേഷി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ജപ്പാന് കൂടുതൽ ബോധ്യമായെന്ന് ജപ്പാന്റെ റിട്ടയേർഡ് എയർ സെൽഫ് ഡിഫൻസ് ഫോഴ്സ് ജനറൽ തോഷിമിച്ചി നാഗൈവ പറഞ്ഞു. ജപ്പാന്റേതിനേക്കാൾ നാലിരട്ടിയിലധികമാണ് ചൈനീസ് സർക്കാരിന്റെ സൈനിക ബജറ്റ് എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

  പുതിയ വികസന പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ അമേരിക്കക്കും ചൈനയ്ക്കും ശേഷം, പ്രതിരോധത്തിനായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി ജപ്പാൻ മാറും.

  Published by:Vishnupriya S
  First published: