Explained | എന്താണ് 'അസ്ഥിമരണം'? കോവിഡ് മുക്തരിൽ കണ്ടുവരുന്ന അവാസ്‌കുലാർ നെക്രോസിസ്
- Published by:Joys Joy
- trending desk
Last Updated:
അമിതമായ മദ്യപാനമാണ് അവാസ്‌കുലാർ നെക്രോസിസ് എന്ന രോഗബാധ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം വ്യാപനം ഇന്ത്യയിൽ കടുത്ത നാശനഷ്ടങ്ങൾ വിതച്ചുകൊണ്ട് കടന്നുവന്നത് കഴിഞ്ഞ ഏപ്രിൽ - മെയ് മാസങ്ങളിലായാണ്. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്തെ ആരോഗ്യസംവിധാനം കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. കോവിഡ് ചികിത്സയിൽ നേരിട്ട പ്രതിസന്ധി മാത്രമല്ല, കോവിഡ് മുക്തി നേടിയതിന് ശേഷം ആളുകളിൽ കണ്ടുവന്ന കടുത്ത ആരോഗ്യപ്രശ്നങ്ങളും ഭീതിയുടെ ആക്കം കൂട്ടി. ആദ്യം മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസിന്റെ രൂപത്തിലാണ് കോവിഡാനാന്തരം രോഗമുക്തി നേടിയവരിൽ ഗുരുതരമായ രോഗാവസ്ഥ കാണപ്പെട്ടത്. അത് കൂടാതെ പ്രമേഹം, രക്തം കട്ടപിടിക്കൽ, ഹൃദ്രോഗങ്ങൾ, ശ്വാസകോശ സംബന്ധിയായ ആരോഗ്യപ്രശ്നങ്ങൾ എന്നിവയും കോവിഡ് മുക്തരിൽ ഉടലെടുക്കുന്നത് വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.
നിയന്ത്രണാതീതമായ പ്രമേഹരോഗം ഉള്ളവർക്കും കോവിഡ് രോഗബാധയുടെ ചികിത്സയ്ക്കായി ദീർഘകാലം ഐ സി യുവിൽ കഴിയേണ്ടി വന്നവർക്കുമാണ് കോവിഡ് മുക്തിക്ക് ശേഷം മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ബാധ കൂടുതലായും ഉണ്ടായത് എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കോവിഡ് ചികിത്സയുടെ ഭാഗമായി മരുന്നുകൾ ധാരാളമായി ഉപയോഗിക്കേണ്ടി വന്നവർക്കാണ് ബ്ലാക്ക് ഫംഗസ് ബാധ കൂടുതലും ഉണ്ടായത്. ഈ മരുന്നുകളുടെ ഉപയോഗം മൂലം പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന രോഗകാരികളോടുള്ള ശരീരത്തിന്റെ രോഗപ്രതിരോധശേഷി ക്ഷയിച്ചതാണ് ഇതിന് കാരണം.
advertisement
കോവിഡ് രോഗമുക്തി നേടിയവർ പുതിയൊരു വെല്ലുവിളി നേരിടാൻ ആരംഭിച്ചതായാണ് ഇപ്പോൾ ആരോഗ്യ പ്രവർത്തകരിൽ നിന്ന് അറിയാൻ കഴിയുന്നത്. കോവിഡ് ചികിത്സയിൽ കഴിയുന്നവരിൽ ചിലരിൽ 'അസ്ഥി മരണം' എന്നറിയപ്പെടുന്ന രോഗാവസ്ഥയാണ് പുതുതായി കണ്ടുവരുന്നത്. അസ്ഥി കലകളുടെ നാശത്തിന് കാരണമാകുന്ന അവാസ്‌കുലാർ നെക്രോസിസ് എന്ന രോഗാവസ്ഥയാണ് ഇത്. മുംബൈയിൽ മൂന്ന് പേർക്ക് ഇത്തരത്തിൽ അസ്ഥിമരണം ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വരും മാസങ്ങളിൽ ഈ രോഗബാധ കൂടുതൽ പേരിൽ വ്യാപിച്ചേക്കാമെന്ന ആശങ്ക ആരോഗ്യപ്രവർത്തകർ പങ്കുവെയ്ക്കുന്നു.
advertisement
എന്താണ് അവാസ്‌കുലാർ നെക്രോസിസ് അഥവാ അസ്ഥിമരണം
രക്തവിതരണത്തിന്റെ അപര്യാപ്തത മൂലം അസ്ഥികലകൾ നശിക്കുന്ന രോഗാവസ്ഥയാണ് അവാസ്‌കുലാർ നെക്രോസിസ്. ഒസ്റ്റിയോനെക്രോസിസ് എന്നും അറിയപ്പെടുന്ന ഈ രോഗം മൂലം അസ്ഥികളിൽ ചെറിയ പൊട്ടലുകൾ ഉണ്ടാകാൻ തുടങ്ങുന്നു. തുടർന്ന് ഇത് അസ്ഥികളുടെ സമ്പൂർണ നാശത്തിലേക്കും നയിക്കുന്നു. അസ്ഥിയിലെ പൊട്ടലും സന്ധികളുടെ സ്ഥാനഭ്രംശവും ഒരു വിഭാഗം അസ്ഥികളിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ദീർഘകാലം ഉയർന്ന ഡോസിൽ സ്റ്റെറോയ്‌സ് ഉപയോഗിക്കുന്നവരിലും അമിതമായ മദ്യപാനികളിലും ഈ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഏതൊരാൾക്കും ഈ രോഗബാധ ഉണ്ടായേക്കാമെങ്കിലും 30 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
advertisement
അവാസ്‌കുലാർ നെക്രോസിസിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?
അവാസ്‌കുലാർ നെക്രോസിസിന്റെ ആദ്യഘട്ടത്തിൽ മിക്കവാറും പേർക്കും രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാകാറില്ല. എന്നാൽ, രോഗബാധ വഷളാകുന്നതോടെ ഭാരം പ്രയോഗിക്കുമ്പോൾ രോഗം ബാധിച്ച സന്ധികളിൽ വേദന അനുഭവപ്പെടാൻ തുടങ്ങും. പതിയെപ്പതിയെ വെറുതെ കിടക്കുമ്പോൾ പോലും വേദന അനുഭവപ്പെടാൻ തുടങ്ങും. വേദന നേരിയതോ അസഹ്യമാം വിധം കടുത്തതോ ആവാം. പതിയെയാണ് വേദന കൂടാൻ തുടങ്ങുക. അവാസ്‌കുലാർ നെക്രോസിസ് ഇടുപ്പിനെ ബാധിച്ചാൽ വേദന അരക്കെട്ടിലോ തുടയിലോ പിൻഭാഗത്തോ കേന്ദ്രീകരിക്കപ്പെട്ടേക്കാം.
ഇടുപ്പ് കൂടാതെ തോൾഭാഗം, കാൽമുട്ട്, കൈകൾ, കാൽപ്പാദം എന്നിവിടങ്ങളിലാണ് ഈ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളത്. ചിലയാളുകളിൽ ശരീരത്തിന്റെ രണ്ടു ഭാഗങ്ങളെയും അവാസ്‌കുലാർ നെക്രോസിസ് ബാധിച്ചേക്കാം. സന്ധികളിൽ തുടർച്ചയായി വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ നിർബന്ധമായും വൈദ്യസഹായം തേടണം.
advertisement
അവാസ്‌കുലാർ നെക്രോസിസിന്റെ കാരണങ്ങൾ എന്തൊക്കെ?
ഏതെങ്കിലും അസ്ഥിയിലേക്കുള്ള രക്തപ്രവാഹം കുറയുകയോ തടസപ്പെടുകയോ ചെയ്യുന്നത് മൂലമാണ് അവാസ്‌കുലാർ നെക്രോസിസ് എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്. അസ്ഥിയിലോ സന്ധികളിലോ ഉണ്ടായ അപകടം, രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, ചില സവിശേഷ രോഗങ്ങൾ എന്നീ സാഹചര്യങ്ങൾ മൂലം അസ്ഥികളിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ടേക്കാം. സന്ധികളുടെ സ്ഥാനഭ്രംശം പോലുള്ള അപകടങ്ങളും സമീപത്തെ രക്തക്കുഴലുകളെ ബാധിച്ചേക്കാം. കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ചെറിയ രക്തക്കുഴലുകളിൽ തടസങ്ങൾക്ക് കാരണമായേക്കാം. അതുമൂലം അസ്ഥികളിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നു.
advertisement
സിക്കിൾ സെൽ അനീമിയ, ഗോച്ചേഴ്സ് ഡിസീസ് തുടങ്ങിയ രോഗാവസ്ഥകൾ മൂലവും അസ്ഥികളിലേക്കുള്ള രക്തപ്രവാഹം കുറയാൻ സാധ്യതയുണ്ട്. കോവിഡ് രോഗബാധയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് മുക്തി നേടിയവരിലാണ് അവാസ്‌കുലാർ നെക്രോസിസ് ഇപ്പോൾ കണ്ടുവരുന്നത് എന്നാണ് ഡോക്ടർമാർ പറയുന്നത്.
അവാസ്‌കുലാർ നെക്രോസിസ് എങ്ങനെ പ്രതിരോധിക്കാം?
അമിതമായ മദ്യപാനമാണ് അവാസ്‌കുലാർ നെക്രോസിസ് എന്ന രോഗബാധ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്. അതിനാൽ, മദ്യപാനം നിയന്ത്രിക്കേണ്ടത് വളരെ അനിവാര്യമാണ്. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ചു നിർത്തുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൊഴുപ്പിന്റെ ചെറിയ അവശിഷ്ടങ്ങളാണ് അസ്ഥികളിലേക്കുള്ള രക്തപ്രവാഹം കുറയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ഉയർന്ന ഡോസ് സ്റ്റെറോയ്‌സ് ദീർഘകാലമായി ഉപയോഗിക്കുന്നവർ അക്കാര്യം ഡോക്ടർമാരോട് നിർബന്ധമായും പറഞ്ഞിരിക്കണം. ഉയർന്ന ഡോസ് സ്റ്റെറോയ്‌ഡ് തുടർച്ചയായി ഉപയോഗിക്കുന്ന ആളുകളിൽ അസ്ഥികൾക്ക് നാശം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പുകവലിയും നിയന്ത്രിച്ചു നിർത്തണം. പുകവലി ഈ രോഗബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
advertisement
അവാസ്‌കുലാർ നെക്രോസിസിന്റെ ചികിത്സ എന്ത്?
ഈ രോഗം സ്ഥിരീകരിച്ച രോഗികൾക്ക് മൂന്ന് മുതൽ ആറ് ആഴ്ചകൾ വരെ നീണ്ടുനിൽക്കുന്ന ചികിത്സയാണ് നിർദ്ദേശിക്കപ്പെടുന്നത്. തുടർച്ചയായ വേദന അനുഭവപ്പെടുകയാണെങ്കിൽ എം ആർ ഐ സ്കാനിങിന് വിധേയമാകണം. അസ്ഥിമരണം സംഭവിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കാൻ സ്കാനിങ് ആവശ്യമാണ്. രോഗബാധ ഏറ്റവും ഒടുവിലത്തെ ഘട്ടത്തിലേക്ക് പ്രവേശിച്ചാൽ ശസ്ത്രക്രിയ നടത്തേണ്ടതായി വരും.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 09, 2021 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | എന്താണ് 'അസ്ഥിമരണം'? കോവിഡ് മുക്തരിൽ കണ്ടുവരുന്ന അവാസ്‌കുലാർ നെക്രോസിസ്